കടലില്‍ കുളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

കടലില്‍ കുളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ചര്‍മ്മത്തിലെ സൂക്ഷ്മജീവി സഞ്ചയത്തെ മാറ്റിമറിക്കാന്‍ കടല്‍ജലത്തിനു കഴിയുമെന്ന് വിദഗ്ധര്‍

കടല്‍വെള്ളത്തിലെ ലവണങ്ങള്‍ക്ക് മനുഷ്യശരീരത്തിലെ സൂക്ഷ്മജീവി സഞ്ചയത്തെ മാറ്റിമറിക്കാന്‍ കഴിയുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നു. അമേരിക്കന്‍ സൊസൈറ്റി ഫോര്‍ മൈക്രോബയോളജിയുടെ വാര്‍ഷിക യോഗത്തിലാണ് ശാസ്ത്രജ്ഞര്‍ ഒരു വ്യക്തിയുടെ ത്വക്കിലെ സൂക്ഷ്മാണുഘടനയിലും വൈവിധ്യത്തിലും സമുദ്രജലസ്‌നാനം മാറ്റം വരുത്തുന്നതായുള്ള ഗവേഷണഫലം പങ്കിട്ടത്. ഇത് മനുഷ്യരെ കടലില്‍ ഇറങ്ങുന്നതില്‍ നിന്ന് തടയാന്‍ തക്കതാണോ എന്ന ആശങ്കയ്ക്ക് വിദഗ്ധര്‍ നല്‍കുന്ന ഉത്തരം ഇല്ലെന്നാണ്. പഠനത്തില്‍ പങ്കാളികളായവര്‍ താരതമ്യേന ശുദ്ധമായ വെള്ളത്തില്‍ നീന്തിയിട്ടും അവരുടെ ശരീരത്തിലെ സൂക്ഷ്മാണുക്കള്‍ നീന്തലിനു മുമ്പുള്ളതിനേക്കാള്‍ വളരെ വ്യത്യസ്തമായിരുന്നു. നീന്തല്‍ കഴിഞ്ഞ് 24 മണിക്കൂറിനുശേഷവും വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ജീവികളെ ചര്‍മ്മത്തില്‍ കണ്ടെത്തി. ഇത് സൂചിപ്പിക്കുന്നത് രോഗകാരികള്‍ വെള്ളത്തില്‍ ഉണ്ടെങ്കില്‍, നീന്തല്‍ കഴിഞ്ഞ് 24 മണിക്കൂറിനു ശേഷവും അവ നീന്തല്‍ക്കാരന്റെ ചര്‍മ്മത്തില്‍ ഉണ്ടാകാമെന്നാണെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷക മാരിസ ചാറ്റ്മാന്‍ നീല്‍സണ്‍ വ്യക്തമാക്കുന്നു.

മുന്‍കാലപഠനങ്ങളില്‍ സമുദ്രസ്‌നാനവും അണുബാധയും തമ്മിലുള്ള ബന്ധം കണ്ടെത്തിയിരുന്നു. മലിനജലവും കലക്കവെള്ളവും നിറഞ്ഞ കടലില്‍ ജലത്തിന്റെ ഗുണനിലവാരം മോശമായിരിക്കും. സൂക്ഷ്മജീവിസഞ്ചയത്തിലെ മാറ്റങ്ങള്‍ ഒരു വ്യക്തിയെ അണുബാധയ്ക്ക് കൂടുതല്‍ ഇരയാക്കുമെന്ന് മറ്റ് ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുമുണ്ട്. പഠനത്തിനായി സണ്‍സ്‌ക്രീന്‍ ഉപയോഗിച്ച, അപൂര്‍വ്വമായി മാത്രം കടലിലിറങ്ങിയ, 12 മണിക്കൂറിനുള്ളില്‍ കടലില്‍ കുളിക്കാത്ത, കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കാത്ത ഒമ്പത് പേരെയാണ് അണിനിരത്തിയത്. പങ്കെടുത്തവരെ വെള്ളത്തില്‍ ഇറങ്ങുന്നതിനുമുമ്പ് അവരുടെ കാല്‍വണ്ണയുടെ പുറകുവശം നന്നായി തുവര്‍ത്തി, 10 മിനിറ്റ് നീന്തിക്കയറിയ ശേഷം വീണ്ടും ശരീരം തുവര്‍ത്തി. അതിനു ശേഷം ആറു മണിക്കൂറിനും 24 മണിക്കൂറിനും ശേഷം വീണ്ടും തുവര്‍ത്തി. വെള്ളത്തില്‍ ഇറങ്ങുന്നതിനുമുമ്പ് അവരുടെ ചര്‍മ്മത്തില്‍ വ്യത്യസ്തങ്ങളായ ബാക്റ്റീരിയകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നീന്തിക്കയറിയ ശേഷം പരിശോധിച്ചപ്പോള്‍ എല്ലാവരുടെയും ചര്‍മ്മത്തിലെ ബക്റ്റീരിയനില നീന്തുന്നതിന് മുമ്പുള്ള സ്ഥിതിയില്‍ നിന്നും മാറിയിരുന്നു, മാത്രമല്ല അവ സമാനമായിരുന്നു താനും. ആറുമണിക്കൂറിനുള്ളില്‍, അവരുടെ ശരീരത്തിലെ ബാക്റ്റീയനില നീന്തുന്നതിന് മുമ്പുള്ളവയിലേക്ക് മടങ്ങാനും തുടങ്ങി.

സമുദ്രത്തിലെ വെള്ളത്തിന്റെ ഒരു പ്രത്യേകത അത് സാധാരണ ചര്‍മ്മത്തിലെ ബാക്റ്റീരിയകളെ കഴുകുക മാത്രമല്ല, അതിലുള്ള അണുക്കളെ ചര്‍മ്മത്തില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. ഇത് പൈപ്പുവെള്ളത്തേക്കാളും കുളത്തിലെ വേള്ളത്തിനേക്കാളും വളരെ വ്യത്യസ്തമാണ്, കാരണം ആ ജലസ്രോതസ്സുകളില്‍ സാധാരണയായി ബാക്ടീരിയകളുടെ സാന്ദ്രത കുറവായിരിക്കും. എന്നാല്‍ സമുദ്രജലം സൂക്ഷ്മാണുസഞ്ചയത്തെ മാറ്റിയേക്കാമെങ്കിലും, ഒരു വ്യക്തി അപകടത്തിലാണെന്ന് ഇതിനര്‍ത്ഥമില്ല. സമുദ്രത്തില്‍ നീന്തുന്നവരില്‍ ഭൂരിഭാഗം ആളുകളും അണുബാധയ്ക്ക് ഇരയാകില്ലെന്ന് കന്‍സാസ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡാന ഹോക്കിന്‍സണ്‍ പറയുന്നു. മനുഷ്യര്‍ ലോകാരംഭം മുതല്‍ സമുദ്രസ്‌നാനം ചെയ്യുന്നവരാണ്. അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍ രോഗപ്രതിരോധ ശേഷിക്കുറവോ മുറിവോ മാത്രമാണ്. അവിടെ കടല്‍വെള്ളത്തിലെ സൂക്ഷ്മജീവികള്‍ നിങ്ങളുടെ ശരീരവുമായി സമ്പര്‍ക്കം പുലര്‍ത്തുകയും പിന്നീട് അണുബാധയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്, മൃഗജന്യ മാലിന്യങ്ങള്‍, മാലിന്യ ചോര്‍ച്ച, കലക്കവെള്ളം, മനുഷ്യവിസര്‍ജ്യങ്ങള്‍, നീന്തുന്നവരുടെ ഗുഹ്യഭാഗങ്ങളില്‍ നിന്നുള്ള അണുക്കള്‍ എന്നിവയാലാണ് സമുദ്രജലം മലിനമാകുന്നത്. അത്തരം മലിനീകരണം ദഹനനാളം, ചര്‍മ്മം, ചെവി, കണ്ണുകള്‍, ശ്വസനവ്യവസ്ഥ എന്നിവയില്‍ അണുബാധയ്ക്കു കാരണമാകും. നീന്തലില്‍ നിന്നുള്ള അണുബാധയുടെ ഏറ്റവും സാധാരണമായ ലക്ഷണം വയറിളക്കമാണ്. എന്നാല്‍ നീന്തല്‍ക്കാര്‍ സമുദ്രത്തെ ഭയപ്പെടേണ്ടതില്ല എന്നാണ് ആവശ്യമുള്ളപ്പോള്‍ വിവേകപൂര്‍വമായ മുന്‍കരുതലുകള്‍ എടുക്കുക. ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലെ എപ്പിഡെമിയോളജി പ്രൊഫസര്‍ ഡോ. സ്റ്റീഫന്‍ മോഴ്സ് പറയുന്നത്. ചുവന്ന വേലിയേറ്റങ്ങളുള്ളയിടങ്ങളിലും മത്സ്യങ്ങള്‍ നശിക്കുന്നിടത്തും നീന്തരുതെന്നും രോഗപ്രതിരോധശേഷിയില്ലാത്തവരും ദുര്‍ബലരും ശ്രദ്ധിക്കണമെന്നുമാണ്. നീന്തുന്നതിനിടെ നിങ്ങള്‍ക്ക് ഒരു രോഗം പിടിപെട്ടതായോ സ്വയം പരിക്കേറ്റതായോ കരുതുന്നുവെങ്കില്‍, ഒരു ഡോക്റ്ററെ കാണണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. ഈ ഗവേഷണം ആരെയും ഭയപ്പെടുത്താനുദ്ദേശിച്ചുള്ളതല്ല. സ്വാഭാവിക പരിസ്ഥിതിയില്‍ നിന്ന് അണുബാധകള്‍ ഉണ്ടാകുന്നതു പോലെ തന്നെയാണ് സമുദ്രവും. സമുദ്രത്തില്‍ കാണപ്പെടുന്ന ബാക്റ്റീരിയകള്‍ മനുഷ്യരില്‍ രോഗത്തിന് കാരണമാകില്ലെന്നതാണു സത്യം.

Comments

comments

Categories: Health