അമേരിക്കക്കാരുടെ മാംസാഹാരശീലം കൂടി

അമേരിക്കക്കാരുടെ മാംസാഹാരശീലം കൂടി

സംസ്‌കരിച്ച മാംസം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ അമേരിക്കക്കാര്‍ അവഗണിക്കുന്നു

സംസ്‌കരിച്ച മാംസവിഭവങ്ങള്‍ക്ക് അമേരിക്കയില്‍ വലിയ ജനപ്രീതിയുണ്ട്. ഇത്തരം ഭക്ഷണം ഉയര്‍ത്തുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ധാരാളമായി വരുമ്പോഴും ഇവ ഉപേക്ഷിക്കാന്‍ അവര്‍ തയാറാകുന്നില്ലെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജേണല്‍ ഓഫ് അക്കാദമി ഓഫ് ന്യൂട്രീഷ്യന്‍ ആന്‍ഡ് ഡയറ്റെറ്റിക്‌സിന്റെ ജൂലൈ പതിപ്പില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം 1999 നും 2016 നും ഇടയിലുള്ള അമേരിക്കക്കരുടെ ആഹാരശീല പ്രവണതകള്‍ പരിശോധിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏകദേശം 44,000 ആളുകളുടെ വിവരങ്ങളില്‍ നിന്നു മനസിലാക്കാന്‍ സാധിച്ചത് ഈ കാലയളവില്‍ പൗരന്മാര്‍ ഉപയോഗിക്കുന്ന സംസ്‌കരിച്ച മാംസാഹാരത്തിന്റെ അളവില്‍ മാറ്റമില്ലെന്നാണ്. മാട്ടിറച്ചിയേക്കാള്‍ ആരോഗ്യകരമായ സസ്യേതര ഭക്ഷണങ്ങളായി കണക്കാക്കുന്ന മത്സ്യം, കക്കയിറച്ചി എന്നിവയുടെ ഉപയോഗത്തില്‍ കാര്യമായ വര്‍ധനവില്ലാതെ തുടരുകയും ചെയ്യുന്നു. ആകെയുണ്ടായിരിക്കുന്ന ഒരു മാറ്റം മാട്ടിറച്ചി പോലുള്ള ചുവന്ന മാംസത്തിന്റെ ഉപഭോഗം കുറയ്ക്കുകയും താരതമ്യേന കുഴപ്പമില്ലാത്ത കോഴിയിറച്ചിയുടെ ഉപയോഗം വര്‍ധിപ്പിച്ചതുമാണ്. സംസ്‌കരിച്ച മാംസങ്ങളുടെ അപകടസാധ്യതകളെക്കുറിച്ച് അമേരിക്കക്കാര്‍ ബോധവാന്മാരല്ലെന്ന് ഡേറ്റ സൂചിപ്പിക്കുന്നു.

സ്വാദു നല്‍കാനും ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കാനുമായി മാറ്റം വരുത്തിയ ഇറച്ചി ഉല്‍പ്പന്നങ്ങളാണ് സംസ്‌കരിച്ചവയായി കണക്കാക്കുന്നത്. ഹോട്ട് ഡോഗ്, സോസേജ്, ബേക്കണ്‍, തുടയിറച്ചി എന്നിവയ്ക്കൊപ്പം മുറിച്ചു സൂക്ഷിച്ച മാംസത്തുണ്ടുകളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) സിഗരറ്റ്, പ്ലൂട്ടോണിയം എന്നിവയ്ക്ക് സമാനമായ കാന്‍സര്‍ ഉണ്ടാക്കുന്ന വിഭാഗത്തിലാണ് സംസ്‌കരിച്ച മാംസത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാംസങ്ങളെ അനാരോഗ്യകരമാക്കുന്നത് എന്താണെന്ന് മനസിലാക്കാന്‍, അതിലെന്തെല്ലാം അടങ്ങിയിരിക്കുന്നുവെന്ന് തിരിച്ചറിയേണ്ടതുണ്ട്. ചുവന്ന മാംസം സംസ്‌കരിക്കുന്നതില്‍ ഏറ്റവും പ്രധാന ഘടകങ്ങള്‍ നൈട്രൈറ്റുകളുടെയും നൈട്രേറ്റുകളുമാണ്. ബാക്ടീരിയകളുടെ വളര്‍ച്ച തടയാനും ഉപ്പിട്ട മാംസത്തിന് സ്വാദുണ്ടാക്കാനും ഉപയോഗിക്കുന്ന ഘടകങ്ങളാണ് ഇവ. നൈട്രേറ്റുകളും നൈട്രൈറ്റുകളും ആമാശയത്തിലെയും വന്‍കുടലിലെയും അര്‍ബുദത്തിനു കാരണമാകുന്നതായി ഡബ്ല്യുഎച്ച്ഒ പഠനം പറയുന്നു. സംസ്‌കരിച്ച മാംസത്തിന്റെ ഉപഭോഗം അകാലമരണത്തിന് കാരണമാകുമെന്ന് ഈയിടെ നടത്തിയ പഠനം വ്യക്തമാക്കുന്നു. സംസ്‌കരിച്ച ചുവന്ന മാംസം സംസ്‌കരിച്ചിട്ടില്ലാത്ത മാംസത്തേക്കാള്‍ കൂടുതല്‍ ഉപ്പ് അടങ്ങിയതാണ്. ഇത് രക്താതിസമ്മര്‍ദ്ദം, പക്ഷാഘാതം, ഹൃദയാഘാതം എന്നിവ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

ഇത്തരം മാംസവിഭവങ്ങളുടെ ജനപ്രീതിക്ക് ഒരു വലിയ കാരണം ഉപ്പും മസാലയും ചേരുമ്പോള്‍ കിട്ടുന്ന രുചിവൈവിധ്യം തന്നെ. എന്നാല്‍ പല രംഗത്തും മുന്നോക്കം നില്‍ക്കുന്ന അമേരിക്കയിലെ പൗരന്മാര്‍ ഇതു സൃഷ്ടിക്കുന്ന അപകടസാധ്യതകളെക്കുറിച്ച് ബോധവാന്മാരല്ലാത്തതിനു കാരണം ശരിയായ ബോധവല്‍ക്കരണത്തിന്റെ പിഴവാണ്. ആരോഗ്യം ഒഴികെയുള്ള സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക കാര്യങ്ങള്‍ക്ക് അമേരിക്കക്കാരുടെ ഭക്ഷണ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാന്‍ കഴിയുമെന്നതാണ് അതിന് ഉത്തരം. സംസ്‌കരിച്ച മാംസവുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളെക്കുറിച്ച് വ്യാപകമായ അവബോധമില്ലായ്മക്കു കാരണം കഴിഞ്ഞ 18 വര്‍ഷത്തെ ഉപഭോഗ വ്യതിയാനത്തില്‍ വന്ന മാറ്റമാണെന്ന് ബോസ്റ്റണിലെ ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഫ്രീഡ്മാന്‍ സ്‌കൂള്‍ ഓഫ് ന്യൂട്രീഷ്യന്‍ ആന്‍ഡ് പോളിസിയിലെ ഡോ. ഫാങ് ഫാങ് ഴാങ് വിലയിരുത്തുന്നു. പ്രധാന ഭക്ഷ്യ ഉല്‍പാദകരെല്ലാം ഇതുണ്ടാക്കുന്ന ആരോഗ്യപശ്‌നങ്ങളെ കുറച്ചുകാണിച്ച് തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വിപണി ശക്തമാക്കുകയാണ് ചെയ്യുന്നത്. ഈ രീതിയില്‍, സംസ്‌കരിച്ച മാംസം യുഎസില്‍ വ്യാപകമാകുന്നു.

രാജ്യത്തെ വലിയൊരു വിഭാഗം ആശുപത്രികളില്‍ പോലും ബേക്കണ്‍, മുട്ട, സലാമി തുടങ്ങിയ സംസ്‌കരിച്ച ഭക്ഷണം വിളമ്പുന്നുവെന്നതാണ് സത്യം. ഇത്തരം വിഭവങ്ങള്‍ നാടു നീളെ ലഭ്യമാകുന്നതും ഫാസ്റ്റ്ഫുഡ് പരസ്യങ്ങള്‍ എമ്പാടും കാണുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇവ ഉണ്ടാക്കുന്ന ദോഷങ്ങളെപ്പറ്റി മനസിലാക്കാന്‍ പ്രയാസമാണ്. സിഗരറ്റ് പോലുള്ള ഉല്‍പന്നങ്ങള്‍ക്ക് മുന്നറിയിപ്പ് ലേബലുകള്‍ ഉണ്ടെങ്കിലും സംസ്‌കരിച്ച മാംസത്തിന് അത്തരം ലേബലുകള്‍ ചാര്‍ത്താന്‍ വ്യവസ്ഥയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു ശരാശരി അമേരിക്കക്കാരനെ സംബന്ധിച്ച് സംസ്‌കരിച്ച മാംസം പൂര്‍ണ്ണമായും ഉപേക്ഷിക്കുക എന്ന ആശയം ഭയപ്പെടുത്തുന്നതായി തോന്നാം. സംസ്‌കരിച്ച മാംസം അടങ്ങിയിട്ടില്ലാത്ത ഒരു ഭക്ഷണക്രമമാണ് ഉചിതമെങ്കിലും, പക്ഷേ അത് വല്ലപ്പോഴും മാത്രം ആസ്വദിക്കാവുന്നതായി മാറിയിരിക്കുന്നു. സംസ്‌കരിച്ച മാംസത്തിന്റെ അപകടങ്ങള്‍ മുന്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഏറ്റവും പുതിയ ഈ പഠനം, സാമൂഹിക പ്രവണതകളെ ശരിയായ ദിശയിലേക്ക് നയിക്കും.

Comments

comments

Categories: Health
Tags: Meat use