‘ചൈനീസ് കമ്പനികള്‍ക്കെതിരെയുള്ള അനാവശ്യ നടപടികള്‍ അമേരിക്ക അവസാനിപ്പിക്കണം”

‘ചൈനീസ് കമ്പനികള്‍ക്കെതിരെയുള്ള അനാവശ്യ നടപടികള്‍ അമേരിക്ക അവസാനിപ്പിക്കണം”
  •  നാലു ചൈനീസ് കമ്പനികള്‍ കൂടി കരിമ്പട്ടികയില്‍
  •  ജി-20 ഉച്ചകോടിയില്‍ ഡോണാള്‍ഡ് ട്രംപ്, ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തും

ബെയ്ജിംഗ്: ചൈനീസ് കമ്പനികള്‍ക്കെതിരെ അമേരിക്ക നടത്തിവരുന്ന അനാവശ്യ നടപടികള്‍ നിര്‍ത്തണമെന്ന് ചൈനയിലെ വാണിജ്യകാര്യ സഹമന്ത്രി വാംഗ് ഷുവെന്‍ ആവശ്യപ്പെട്ടു. യുഎസ്-ചൈന വ്യാപാര യുദ്ധം കൊടുമ്പിരി കൊള്ളുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം നാലു ടെക്‌നോളജി കമ്പനികളെ കൂടി അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. ഇതിനെ തുടര്‍ന്നാണ് ഷുവെന്‍ അമേരിക്കയോട് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ലോക വ്യാപാര സംഘടനയുടെ നിയമങ്ങള്‍ അനുസരിച്ച് സ്വതന്ത്ര വ്യാപാരം നടത്താനുള്ള അവകാശം ചൈനയ്ക്കുണ്ട്. അതു മനസിലാക്കി അമേരിക്ക കരിമ്പട്ടികയില്‍ നിന്നും ഈ കമ്പനികളുടെ പേര് നീക്കം ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് വാംഗ് ഷുവെന്‍ പറഞ്ഞു. ഈയാഴ്ച അവസാനത്തോടെ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയാണ് ഷൂവെന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജി-20 ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കഴിഞ്ഞ മേയില്‍ ചൈനീസ് ടെലികോം ഭീമന്‍ വാവേയെ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ജി-20 ഉച്ചകോടിയില്‍ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നുവെന്ന വാര്‍ത്ത പുറത്തു വന്നതോടെ ഒരു വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന യുഎസ്- ചൈന വ്യാപാര യുദ്ധത്തിന് അയവ് വരുമെന്ന പ്രതീക്ഷയിലാണ് ലോകം. ലോകത്തിലെ വന്‍ സാമ്പത്തിക ശക്തികളാണ് അമേരിക്കയും ചൈനയും. ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം അവസാനിച്ചാല്‍ അഗോളതലത്തില്‍ വന്‍ സാമ്പത്തിക ഉന്നമനത്തിന് അതു വഴിവെക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. വ്യാപാരവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും വിട്ടുവീഴ്ചയ്ക്കു തയാറായേക്കുമെന്നും വാംഗ് ഷുവെന്‍ ചൂണ്ടിക്കാട്ടി.

Comments

comments

Categories: FK News
Tags: US- China

Related Articles