സൂപ്പര്‍ കമ്പ്യൂട്ടിംഗ്: യുഎസ്-ചൈന ഹൈടെക്ക് യുദ്ധത്തിലെ ഏറ്റവും പുതിയ പോര്‍മുഖം

സൂപ്പര്‍ കമ്പ്യൂട്ടിംഗ്: യുഎസ്-ചൈന ഹൈടെക്ക് യുദ്ധത്തിലെ ഏറ്റവും പുതിയ പോര്‍മുഖം

ടെക്‌നോളജി രംഗത്ത്, ഡിസൈന്‍ അല്ലെങ്കില്‍ കംപോണന്റ്‌സ്, ഇവയ്ക്കു വേണ്ടി അമേരിക്കയെ ആശ്രയിക്കുന്നവരാണു ചൈന. ഇക്കാര്യം മനസിലാക്കി കൊണ്ടാണ് അമേരിക്ക ഇപ്പോള്‍ ചൈനയെ പൂട്ടുന്നത്. അമേരിക്കയുടെ സാങ്കേതിക സഹായം ഉപയോഗിച്ച് ചൈന ടെക്‌നോളജി രംഗത്ത്, പ്രത്യേകിച്ച് സൂപ്പര്‍ കമ്പ്യൂട്ടര്‍ രംഗത്ത് നടത്തുന്ന മുന്നേറ്റം ഭാവിയില്‍ ദോഷം ചെയ്യുമെന്നു മനസിലാക്കിയതിനെ തുടര്‍ന്ന് ഈ മാസം 21ന് ചൈനയുടെ സൂപ്പര്‍ കമ്പ്യൂട്ടര്‍ വ്യവസായ രംഗത്ത്് പ്രവര്‍ത്തിക്കുന്ന അഞ്ച് സ്ഥാപനങ്ങള്‍ക്കു നേരേ തിരിഞ്ഞിരിക്കുകയാണ് അമേരിക്ക.

യുഎസ്-ചൈന ഹൈടെക് യുദ്ധത്തിലെ ഏറ്റവും പുതിയ പോര്‍മുഖമായിരിക്കുകയാണു സൂപ്പര്‍ കമ്പ്യൂട്ടര്‍ വ്യവസായം. ചൈനയുടെ വളര്‍ന്നുവരുന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍ വ്യവസായത്തെയാണു വ്യാപാര നിയന്ത്രണങ്ങളുടെ പേരില്‍ യുഎസ് ലക്ഷ്യമിടുന്നത്. അമേരിക്കയ്ക്കു സുരക്ഷാ ഭീഷണിയാണെന്ന കാരണം ചൂണ്ടിക്കാണിച്ചു നാല് ചൈനീസ് ടെക്‌നോളജി കമ്പനികള്‍ക്കും, ചൈനീസ് ആര്‍മിയുടെ നിയന്ത്രണത്തിലുള്ള ഒരു ചൈനീസ് ഗവേഷണ സ്ഥാപനത്തിനും ടെക്‌നോളജിയും, ചിപ്പുകള്‍ ഉള്‍പ്പെടുന്ന കംപോണന്റ്‌സും (ഘടകവസ്തുക്കള്‍) നല്‍കരുതെന്നു യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് അമേരിക്കന്‍ കമ്പനികള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ജൂണ്‍ 21 വെള്ളിയാഴ്ചയാണ് അഞ്ച് ചൈനീസ് സ്ഥാപനങ്ങളുമായി ഇടപാടുകള്‍ നടത്തരുതെന്ന ഉത്തരവ് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് പുറപ്പെടുവിച്ചത്. ചൈനയ്‌ക്കെതിരേ യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് കൃത്യ സമയത്താണെന്നതാണ് ഏറെ രസകരം. ഉയര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിവുള്ള അഥവാ ഹൈ പെര്‍ഫോമന്‍സ് കമ്പ്യൂട്ടറുകള്‍ക്ക് യുഎസിനെ ആശ്രയിക്കേണ്ട സാഹചര്യം ഇപ്പോള്‍ ഒരു പരിധി വരെ ചൈനയ്ക്കില്ല. കാരണം സൂപ്പര്‍ കമ്പ്യൂട്ടിംഗില്‍ ചൈന വലിയ മുന്നേറ്റമാണു സമീപകാലത്ത് നടത്തിയിരിക്കുന്നത്. ചൈനീസ് ഭരണകൂടത്തിന്റെ പിന്തുണയുള്ള സുഗോണ്‍ എന്ന കമ്പനി ചൈനീസ് മിലിട്ടറിക്കായി ആണവായുധ സിമുലേഷന്‍ ടെസ്റ്റിംഗും ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെഹിക്കിള്‍ ടെസ്റ്റിംഗും നടത്തുന്നുണ്ട്. പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മിസൈലുകള്‍ക്കു പോലും പിടിച്ചുനിര്‍ത്താന്‍ സാധിക്കാത്ത അത്രയും വേഗത്തില്‍ ആണവ പോര്‍മുഖമുള്ള ആയുധം ഡെലിവര്‍ ചെയ്യാന്‍ പ്രാപ്തിയുള്ളതാണു ഗ്ലൈഡ് വെഹിക്കിള്‍. അമേരിക്ക വെള്ളിയാഴ്ച പുതുതായി വിലക്ക് ഏര്‍പ്പെടുത്തിയ അഞ്ച് ചൈനീസ് സ്ഥാപനങ്ങളില്‍ ഒരെണ്ണം സുഗോ, ണ്‍ ആണ്.

സൂപ്പര്‍ കമ്പ്യൂട്ടിംഗില്‍ ലോകത്തെ തന്നെ മുന്‍നിരക്കാരനുമാണു സുഗോണ്‍. Chengdu Haiguang Integrated Circuit, Chengdu Haiguang Microelectronics Technology, Higon, Jiangnan Institute of Computing Technology എന്നിവയാണു മറ്റ് നാല് ചൈനീസ് സ്ഥാപനങ്ങള്‍. ഇവയെല്ലാം ചൈനയുടെ പുതുതലമുറ സൂപ്പര്‍ കമ്പ്യൂട്ടറായ എക്‌സാസ്‌കെയ്ല്‍ വികസിപ്പിക്കാന്‍ സഹായിക്കുന്ന കമ്പനികളാണ്. എക്‌സാസ്‌കെയ്ല്‍ (exascale) എന്നു വിളിക്കപ്പെടുന്ന അടുത്ത തലമുറ സൂപ്പര്‍ കമ്പ്യൂട്ടര്‍ വികസിപ്പിക്കാനുള്ള കടുത്ത മത്സരത്തിലേര്‍പ്പെട്ടിരിക്കുകയാണു യുഎസും ചൈനയും. സെക്കന്‍ഡില്‍ ഒരു ക്വിന്റില്യന്‍ (quintillion) കണക്കുകൂട്ടലുകള്‍ നടത്താന്‍ കഴിവുള്ളവയാണ് എക്‌സാസ്‌കെയ്ല്‍ എന്ന പുതുതലമുറ സൂപ്പര്‍ കമ്പ്യൂട്ടര്‍. 1-നോട് 30 പൂജ്യം ചേര്‍ന്നുണ്ടാകുന്ന സംഖ്യയാണു ക്വിന്റില്യന്‍. എക്‌സാസ്‌കെയ്ല്‍ എന്ന സൂപ്പര്‍ കമ്പ്യൂട്ടറിന്റെ മാതൃകയില്‍ Tianhe-3 എന്ന പേരുള്ള കമ്പ്യൂട്ടര്‍ ചൈന വികസിപ്പിക്കുകയും അത് നിരവധി സ്ഥാപനങ്ങളില്‍ പരീക്ഷിക്കുകയും ചെയ്തിരുന്നു. ശൂന്യാകാശ യാത്ര അഥവാ സ്‌പേസ് ഫ്‌ളൈറ്റ്, ബയോടെക്‌നോളജി, ആണവനിലയങ്ങള്‍ എന്നിവിടങ്ങളിലെ R&D യില്‍ സഹായിക്കുന്നതിനു വേണ്ടിയായിരുന്നു Tianhe-3 കമ്പ്യൂട്ടറുകളെ പരീക്ഷിച്ചത്. മറുവശത്ത് അമേരിക്കയാകട്ടെ, 2021-ാടെ ഉപയോഗത്തില്‍വരുമെന്നു കരുതുന്ന ആദ്യ എക്‌സാസ്‌കെയ്ല്‍ കമ്പ്യൂട്ടറായ ഒറോറയ്ക്കായി (Aurora) 500 മില്യന്‍ ഡോളറാണ് ഈ വര്‍ഷം മാര്‍ച്ചില്‍ പ്രഖ്യാപിച്ചത്. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജിയാണ് ഈ തുക പ്രഖ്യാപിച്ചത്.

എന്തു കൊണ്ടാണ് സൂപ്പര്‍ കമ്പ്യൂട്ടറുകളെ ലക്ഷ്യമിടുന്നത് ?

ചൈനയും അമേരിക്കയും തമ്മില്‍ വ്യാപാരയുദ്ധത്തിലേര്‍പ്പെട്ടിട്ട് ഒരു വര്‍ഷമായി. ഈയടുത്ത കാലത്താണ് അതിന്റെ രൂക്ഷത വര്‍ധിച്ചത്. ചൈനീസ് ടെലികോം ഭീമനായ വാവേയ് എന്ന കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി കൊണ്ട് അമേരിക്ക രംഗത്തുവന്നതോടെയാണ് വ്യാപാരയുദ്ധത്തിന് തീവ്രതയേറിയത്. ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരയുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ എന്തു കൊണ്ടാണ് അമേരിക്ക ചൈനയുടെ ടെക്‌നോളജി സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നത് ? കാരണം ഇന്ന് ടെക്‌നോളജി രംഗത്ത് പ്രത്യേകിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും, ക്ലൗഡ് കമ്പ്യൂട്ടിംഗിലുമുള്ള മുന്നേറ്റത്തിലൂടെയാണ് ലോകത്ത് ആധിപത്യം സ്ഥാപിക്കാന്‍ സാധിക്കുന്നത്. സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ ഇന്നു കാലാവസ്ഥ പ്രവചനത്തിനും (ക്ലൈമറ്റ് മോഡലിംഗ്), ഗവേഷണത്തിനും (മെറ്റീരിയല്‍സ് റിസര്‍ച്ച്) വേണ്ടി മാത്രമല്ല ഉപയോഗിക്കുന്നത്. പകരം, ആണവായുധങ്ങളും മറ്റ് സൈനിക ഉപകരണങ്ങളും വികസിപ്പിക്കാനും ഉപയോഗിക്കുന്നു. സൂപ്പര്‍ കമ്പ്യൂട്ടറിലൂടെ സൈനികശക്തിയാര്‍ജ്ജിക്കാനാവും. ലോകത്തിലെ 500 മുന്‍നിര സൂപ്പര്‍ കമ്പ്യൂട്ടറുകളില്‍ 219 എണ്ണം ചൈനയുടേതാണ്. 116 എണ്ണം മാത്രമാണ് അമേരിക്കയിലുള്ളത്. പക്ഷേ, സമ്മിറ്റ് എന്ന ലോകത്തിലെ ഏറ്റവും കരുത്തുറ്റ സൂപ്പര്‍കമ്പ്യൂട്ടറായ ഉള്ളത് അമേരിക്കയുടെ കൈവശമാണ്. സെക്കന്‍ഡില്‍ 200 ക്വാഡ്രില്യന്‍ കണക്കുകൂട്ടലുകള്‍ നടത്താന്‍ പ്രാപ്തിയുണ്ട് സമ്മിറ്റിന്. എന്നാല്‍ ഇതിനേക്കാള്‍ അഞ്ച് മടങ്ങ് വേഗതയുള്ള എക്‌സാസ്‌കെയ്ല്‍ യന്ത്രം വികസിപ്പിക്കാനുള്ള ശ്രമത്തിലാണു ചൈന. അമേരിക്കയും ചൈനയ്ക്ക് മത്സരം സമ്മാനിക്കാന്‍ രംഗത്തുണ്ട്. സൂപ്പര്‍ കമ്പ്യൂട്ടര്‍ വികസിപ്പിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ തടയാന്‍ വേണ്ടിയാണ് അമേരിക്ക ഇപ്പോള്‍ വിവിധ തരം ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ഒരു പരിധി വരെ അമേരിക്കയ്ക്കു മുന്‍തൂക്കം നല്‍കുമെന്നത് ഉറപ്പാണ്. എന്നാല്‍ മറുവശത്ത് ഇതിനെ മറികടക്കാന്‍ ചൈന സ്വന്തമായി ടെക്‌നോളജി വികസിപ്പിച്ചെടുക്കുമ്പോള്‍ അത് ചൈനയ്ക്കും ദീര്‍ഘകാലത്തേയ്ക്കു ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്.

സൂപ്പര്‍ കമ്പ്യൂട്ടിംഗിലുള്ള ശേഷി വികസിപ്പിച്ചെടുക്കാന്‍ ചൈന ശ്രമിക്കുന്നത് അമേരിക്കയ്ക്ക് ആശങ്കയുളവാക്കുന്ന കാര്യമാണ്. യുദ്ധ വിമാനം, അന്തര്‍വാഹിനി, മിസൈല്‍ പോലുള്ള ദീര്‍ഘദൂര പ്രതിരോധ സംവിധാനങ്ങളും ആണവായുധങ്ങളും വികസിപ്പിക്കാനും പരീക്ഷിക്കാനും സൂപ്പര്‍ കമ്പ്യൂട്ടറുകളെ ചൈനീസ് മിലിട്ടറി ഉപയോഗിച്ചേക്കുമെന്നതാണ് അമേരിക്ക ഭയപ്പെടുന്നത്. ഉയര്‍ന്ന പ്രകടനം നടത്താന്‍ ശേഷിയുള്ള പ്രോസസിംഗ് ചിപ്പുകള്‍ ചൈന വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും സൂപ്പര്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ക്കുള്ള ചിപ്പുകള്‍ക്കായി ചൈന ഇപ്പോഴും ആശ്രയിക്കുന്നത് അമേരിക്കന്‍ നിര്‍മിത ചിപ്പുകളെയാണ്. ഈയൊരു ഘടകമാണ് അമേരിക്കയ്ക്ക് മുന്‍തൂക്കം നല്‍കുന്നത്. ഇക്കാര്യം മനസിലാക്കി കൊണ്ടാണ് ട്രംപ് ഭരണകൂടം ചൈനീസ് കമ്പനികള്‍ക്കു മേല്‍ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.

Comments

comments

Categories: Top Stories