വിമാനത്തില്‍ യാത്രക്കാരി കുടുങ്ങിയ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ടു

വിമാനത്തില്‍ യാത്രക്കാരി കുടുങ്ങിയ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ടു

ടൊറാന്റോ: ഉറങ്ങിപ്പോയ യാത്രക്കാരിയെ ഒറ്റയ്ക്കിരുത്തി ക്രൂ അംഗങ്ങള്‍ വിമാനത്തിനു പുറത്തേയ്ക്ക് ഇറങ്ങിപ്പോയ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് എയര്‍ കാനഡ ഞായറാഴ്ച അറിയിച്ചു. ഈ മാസം ആദ്യം ക്യുബെക്കില്‍നിന്നും ടൊറാന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയിലാണു സംഭവമുണ്ടായത്. ടിഫാനി ആഡംസ് എന്ന യുവതി എയര്‍ കാനഡ വിമാനത്തിലാണ് യാത്ര ചെയ്തത്. യാത്രയ്ക്കിടെ ഉറങ്ങിപ്പോയതിനാല്‍ വിമാനം സ്ഥലത്ത് എത്തിച്ചേര്‍ന്ന കാര്യം അവര്‍ അറിഞ്ഞില്ല. യാത്രക്കാരെല്ലാവരും പുറത്തേയ്ക്കിറങ്ങിയതിനു ശേഷം പൈലറ്റും മറ്റ് കാബിന്‍ ക്രൂ അംഗങ്ങളും വിമാനം വിട്ട് ഇറങ്ങി. പിന്നീട് വിമാനം പാര്‍ക്കിംഗ് സ്ഥലത്തേയ്ക്കു മാറ്റി. വായുവും വെളിച്ചവും കയറാനാകാത്ത അവസ്ഥയിലുള്ള വിമാനത്തിനകത്ത് ഈ നേരമത്രയും ടിഫാനി ഉറങ്ങുകയായിരുന്നു. എന്നാല്‍ ഉറക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ കൂരാകൂരിരുട്ട്. ശ്വാസമെടുക്കാനും സാധിക്കാത്ത അവസ്ഥ. എന്താണെന്നു മനസിലാകാതെ കുറച്ചു നേരം തള്ളിനീക്കി. പിന്നീട് ഫോണില്‍ സഹായം തേടാന്‍ ശ്രമിച്ചപ്പോഴാകട്ടെ ചാര്‍ജ്ജ് തീര്‍ന്നിരിക്കുന്നു. വിമാനത്തിനുള്ളിലെ പ്ലഗ് പോയ്ന്റില്‍ കുത്തി നോക്കിയെങ്കിലും വൈദ്യുതി ബന്ധമെല്ലാം ഓഫ് ആക്കിയതിനാല്‍ ആ ശ്രമവും വിഫലമായി.

ഇതോടെ പരിഭ്രാന്തിയിലായ ടിഫാനി കോക്ക്പിറ്റ് തള്ളിത്തുറന്ന് ടോര്‍ച്ച് കണ്ടെടുത്തു. പിന്നീട് പുറത്തേയ്ക്കുള്ള ഒരു വാതില്‍ തള്ളി തുറന്നു. എന്നാല്‍ ഉയരം കൂടിയതിനാല്‍ വാതില്‍ തുറന്ന് പുറത്തേയ്ക്ക് ഇറങ്ങാനും സാധിച്ചില്ല. പിന്നീട് വാതിലിലൂടെ കാല്‍ വെളിയിലേക്കിട്ടും ടോര്‍ച്ച് അടിച്ചും ലഗേജ് കാര്‍ട്ട് ഡ്രൈവറുടെ ശ്രദ്ധ ക്ഷണിച്ചു. അങ്ങനെ അയാളുടെ സഹായത്തോടെ ടിഫാനി ഒരു വിധത്തില്‍ വിമാനത്തിനു പുറത്തു കടന്നു. സംഭവത്തില്‍ എയര്‍ കാനഡ യാത്രക്കാരിയോടു മാപ്പ് ചോദിച്ചു. സംഭവത്തെ കുറിച്ച് ടിഫാനിയുടെ സുഹൃത്ത് ഡെയ്ല്‍ എയര്‍ കാനഡയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതോടെയാണ് ലോകം അറിഞ്ഞത്.

Comments

comments

Categories: FK News