ഇറാനെതിരെ ആഗോള സഖ്യം: മൈക്ക് പോംപിയോ സൗദിയില്‍

ഇറാനെതിരെ ആഗോള സഖ്യം: മൈക്ക് പോംപിയോ സൗദിയില്‍

യുഎഇയിലും ഇന്ത്യയിലും പോംപിയോ സന്ദര്‍ശനം നടത്തും

റിയാദ്: ഇറാനെതിരെ ആഗോള സഖ്യം രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സൗദി അറേബ്യയിലെത്തി. ഇറാനെതിരായ സഖ്യത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളെ കൂടാതെ ഏഷ്യ, യൂറോപ്പ് രാഷ്ട്രങ്ങളുടെയും പങ്കാളിത്തം ഉണ്ടാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പോംപിയോ പറഞ്ഞു. സൗദിയെ കൂടാതെ യുഎഇ, ഇന്ത്യ എന്നീ രാഷ്ട്രങ്ങളിലും പോംപിയോ സന്ദര്‍ശനം നടത്തുന്നുണ്ട്.

പശ്ചിമേഷ്യയില്‍ ഇറാന്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നതില്‍ അമേരിക്കയുടെ മികച്ച കൂട്ടാളികളാണ് യുഎഇയും സൗദി അറേബ്യയുമെന്ന് പോംപിയോ പറഞ്ഞു. ജിദ്ദയില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബില്‍ സല്‍മാനുമായും പോംപിയോ കൂടിക്കാഴ്ച നടത്തും. ഇറാന്‍ ഭീഷണികളെ നേരിടുന്നതിനുള്ള മാര്‍ഗങ്ങളാകും കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ചയാകുക.

യുഎഇയില്‍ സമുദ്രഗതാഗത സുരക്ഷ സംബന്ധിച്ചും  വര്‍ധിച്ചുവരുന്ന ഭീഷണികള്‍ സംബന്ധിച്ചും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനകളുടെ ഉപ സര്‍വ്വ സൈന്യാധിപനുമായ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി പോംപിയോ ചര്‍ച്ചകള്‍ നടത്തും. ജൂണ്‍ 25-27 തീയതികളിലാണ് പോംപിയോ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുക.

ഇറാനെതിരായ അമേരിക്കയുടെ സൈനിക നീക്കത്തില്‍ ബ്രിട്ടനും പങ്കാളിയാകുന്ന കാര്യം ആലോചിക്കുമെന്ന് യുകെ വിദേശകാര്യ സെക്രട്ടറിയും പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയുമായ ജെറമി ഹണ്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആകസ്മികമായി യുദ്ധമുണ്ടാകുന്നതിന്റെ അപകടവശങ്ങളെ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം മേഖലയിലെ സംഘര്‍ഷത്തിന് അയവ് വരുത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും പറഞ്ഞു.

അമേരിക്കയുടെ ആളില്ലാ നിരീക്ഷണ വിമാനം ഇറാന്‍ വെടിവെച്ചിടുകയും ഒമാന്‍ ഉള്‍ക്കടലില്‍ ആറോളം എണ്ണക്കപ്പലുകള്‍ അക്രമിക്കപ്പെടുകയും ചെയ്‌തോടെ അമേരിക്കയും ഇറാനും തമ്മിലുള്ള ശത്രുത പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്‍ ആണെന്നാണ് അമേരിക്കയും സഖ്യ രാഷ്ട്രങ്ങളും കരുതുന്നത്. ഇറാനെതിരെ സൈനികാക്രമണം പദ്ധതിയിട്ടെങ്കിലും അവസാന നിമിഷത്തില്‍ അമേരിക്ക അത് വേണ്ടെന്ന് വെച്ചു. എന്നാല്‍ നിരീക്ഷണ വിമാനം വെടിവെച്ചിട്ടതിന് തിരിച്ചടിയെന്നോണം ഇറാന്റെ സൈനിക സ്ഥാപനങ്ങള്‍ ലക്ഷ്യമാക്കി അമേരിക്ക സൈബര്‍ ആക്രമണം ആരംഭിച്ചു. ആണവായുധം സ്വന്തമാക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ഇറാനെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഞായറാഴ്ച ട്രംപ് പ്രഖ്യാപിച്ചിരുന്നു.

Comments

comments

Categories: Arabia
Tags: Mike pompeo