മാരുതി സുസുകി ഇലക്ട്രിക് കാറുകള്‍ നെക്‌സ ഡീലര്‍ഷിപ്പുകളിലൂടെ വില്‍ക്കും

മാരുതി സുസുകി ഇലക്ട്രിക് കാറുകള്‍ നെക്‌സ ഡീലര്‍ഷിപ്പുകളിലൂടെ വില്‍ക്കും

വാഗണ്‍ആര്‍ അടിസ്ഥാനമാക്കി വികസിപ്പിച്ച ഇലക്ട്രിക് കാറിന്റെ പരീക്ഷണ ഓട്ടം ഇന്ത്യയില്‍ ഇതിനകം ആരംഭിച്ചു

ന്യൂഡെല്‍ഹി : ഉപയോക്താക്കള്‍ക്ക് പ്രീമിയം അനുഭവം ഒരുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് മാരുതി സുസുകി നെക്‌സ ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചത്. കമ്പനിയുടെ ഇലക്ട്രിക് കാറുകള്‍ നെക്‌സ ഡീലര്‍ഷിപ്പുകളിലൂടെ ആയിരിക്കും വില്‍ക്കുന്നത് എന്ന വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. 2020 ല്‍ മാരുതി സുസുകി തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ വിപണിയിലെത്തിക്കും.

അഞ്ച് വര്‍ഷം മുമ്പാണ് മാരുതി സുസുകി ഇന്ത്യയില്‍ നെക്‌സ ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചത്. നിലവില്‍ രാജ്യത്ത് 250 ലധികം നെക്‌സ ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 2019 അവസാനത്തോടെ 300 സര്‍വീസ് ഔട്ട്‌ലെറ്റുകള്‍ കൂടി തുറക്കാനാണ് തീരുമാനം. ഇലക്ട്രിക് വാഹനം പുറത്തിറക്കുന്നതിന് മുന്നോടിയായി വില്‍പ്പന ശൃംഖല വിപുലീകരിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് കമ്പനി.

വാഗണ്‍ആര്‍ അടിസ്ഥാനമാക്കി വികസിപ്പിച്ച ഇലക്ട്രിക് കാറിന്റെ പരീക്ഷണ ഓട്ടം ഇന്ത്യയില്‍ ഇതിനകം ആരംഭിച്ചു. ഇന്ത്യയില്‍ ബാറ്ററി പ്ലാന്റും പ്രവര്‍ത്തനമാരംഭിക്കും. 2020 മുതല്‍ ലിഥിയം അയണ്‍ ബാറ്ററികള്‍ നിര്‍മ്മിച്ചുതുടങ്ങും. വാഗണ്‍ആര്‍ മോഡലിന് സമാനമായിരിക്കും മാരുതി സുസുകിയുടെ ആദ്യ ഇലക്ട്രിക് വാഹനം.

ഇലക്ട്രിക് കാറുകള്‍ക്ക് വില കൂടുതലായിരിക്കും എന്നതുകൊണ്ടുതന്നെ, പ്രീമിയം റീട്ടെയ്ല്‍ ശൃംഖലയായ നെക്‌സ ഡീലര്‍ഷിപ്പുകള്‍ തെരഞ്ഞെടുത്തത് സ്വാഭാവികം എന്നേ പറയേണ്ടതുള്ളൂ. എട്ട് ലക്ഷത്തിന് മുകളിലായിരിക്കും ഇലക്ട്രിക് കാറിന് വില.

Comments

comments

Categories: Auto