കിയ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനം അവതരിപ്പിക്കും

കിയ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനം അവതരിപ്പിക്കും

മാതൃ കമ്പനിയായ ഹ്യുണ്ടായ് മോട്ടോറുമായി സഹകരിച്ചായിരിക്കും ചെലവുകള്‍ കുറച്ച് ഇലക്ട്രിക് എസ്‌യുവി നിര്‍മ്മിക്കുന്നത്

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ കുറഞ്ഞ വിലയില്‍ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുന്ന കാര്യം കിയ മോട്ടോഴ്‌സ് ആലോചിക്കുന്നു. മാതൃ കമ്പനിയായ ഹ്യുണ്ടായ് മോട്ടോറുമായി സഹകരിച്ചായിരിക്കും ചെലവുകള്‍ കുറച്ച് ഇലക്ട്രിക് എസ്‌യുവി നിര്‍മ്മിക്കുന്നത്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളുടെ ഇന്ത്യയിലെ ആദ്യ മോഡലായ സെല്‍റ്റോസ് എസ്‌യുവി ഈ വര്‍ഷം വിപണിയില്‍ അവതരിപ്പിക്കും. കോംപാക്റ്റ് എസ്‌യുവി ഈയിടെ ആഗോളതലത്തില്‍ ഇന്ത്യയില്‍ അനാവരണം ചെയ്തിരുന്നു.

രണ്ട് വര്‍ഷത്തിനുള്ളില്‍ സെല്‍റ്റോസ് എസ്‌യുവി ഉള്‍പ്പെടെ നാല് മോഡലുകള്‍ പുറത്തിറക്കുകയാണ് കിയ മോട്ടോഴ്‌സ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, കുറഞ്ഞ വിലയില്‍ ഇന്ത്യയില്‍ പുറത്തിറക്കാനുദ്ദേശിക്കുന്ന ഇലക്ട്രിക് വാഹനം പ്രത്യേക പ്രോജക്റ്റ് ആയിരിക്കും. ചെലവുകള്‍ കുറച്ച് ഇലക്ട്രിക് വാഹനം എങ്ങനെ നിര്‍മ്മിക്കാമെന്ന് പരിശോധിച്ചുവരികയാണെന്ന് കിയ മോട്ടോഴ്‌സ് കോര്‍പ്പറേഷന്‍ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഹാന്‍-വൂ പാര്‍ക്ക് പറഞ്ഞു. ഹ്യുണ്ടായുമായി ചേര്‍ന്ന് ഇന്ത്യയ്ക്കായി ഇലക്ട്രിക് വാഹനം വികസിപ്പിക്കുന്നത് പരിഗണിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കിയ മോട്ടോഴ്‌സിന്റെ ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ്, ഇലക്ട്രിക്, ഫ്യൂവല്‍ സെല്‍ വാഹനങ്ങള്‍ ആഗോളതലത്തില്‍ വിറ്റുവരുന്നുണ്ട്. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനം അവതരിപ്പിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ അടിസ്ഥാനസൗകര്യങ്ങളും സര്‍ക്കാര്‍ പിന്തുണയും എങ്ങനെ എന്നതിനെ ആശ്രയിച്ചിരിക്കുമിത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് ചെലവുകള്‍ വളരെ ഉയര്‍ന്നതാണെന്നും സര്‍ക്കാര്‍ പിന്തുണയില്ലെങ്കില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുന്നത് വലിയ വെല്ലുവിളി ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഹ്യുണ്ടായ് കോന ഇലക്ട്രിക് എസ്‌യുവി ഇന്ത്യയില്‍ അടുത്ത മാസം അവതരിപ്പിക്കും.

Comments

comments

Categories: Auto
Tags: Kia Electric