ജിഡിപി കാലത്ത് കിവികളുടെ ജസിന്‍ഡ ‘ചിറകടി’ക്കുമ്പോള്‍

ജിഡിപി കാലത്ത് കിവികളുടെ ജസിന്‍ഡ ‘ചിറകടി’ക്കുമ്പോള്‍
സാമ്പത്തിക വളര്‍ച്ചയുടെ കണക്കുകള്‍ മാത്രം വികസനത്തിന്റെയും പുരോഗതിയുടെയും അളവുകോലായി ആഘോഷിക്കപ്പെടുന്ന കാലത്ത് രാഷ്ട്രീയപരമായും സാമ്പത്തികപരമായും വേറിട്ട പരീക്ഷണം നടത്തുകയാണ് ജസിന്‍ഡ ആര്‍ഡേന്‍. കണക്കുകള്‍ മാത്രമല്ല ജീവിതം. പണം മാത്രമല്ല സന്തോഷം. അതുകൊണ്ടുതന്നെ, ഫാസിസത്തിന്റെയും സംരക്ഷണവാദത്തിന്റെയും ചൈനീസ് കൊളോണിയലിസത്തിന്റെയും കാലത്ത് ജസിന്‍ഡ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്

 

ഓസ്‌ട്രേലിയക്കാരനായ ഒരു വംശീയവാദി ന്യൂസിലന്‍ഡിലെത്തി രണ്ട് പള്ളികളില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 50ഓളം പേരായിരുന്നു. ന്യൂസിലന്‍ഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു അത്. ലോകം നടുങ്ങിയപ്പോള്‍ കിവി ജനതയ്ക്ക് താങ്ങായി നിന്നത് അവരുടെ പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേനായിരുന്നു. ദുരന്തമുഖങ്ങളില്‍ പ്രധാനമന്ത്രിമാരും രാഷ്ട്രത്തലവന്മാരും പെരുമാറുന്ന പതിവ് ശൈലികള്‍ക്കപ്പുറം ആക്രമണത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളോട് ജസിന്‍ഡ ഇടപെട്ട രീതി ലോകമാകെ ചര്‍ച്ച ചെയ്യപ്പെട്ടു. ഇവരാണ് നേതാവെന്ന് മാധ്യമങ്ങള്‍ വാഴ്ത്തി. ജസിന്‍ഡ ആര്‍ഡേന്‍ എന്ന പേര് ഇങ്ങ് കൊച്ചുകേരളത്തില്‍ പോലും ചര്‍ച്ചയായത് അങ്ങനെയാണ്. ‘എ സെന്‍സ് ഓഫ് ബിലോംഗിംഗ്നെസ്’-ഇത് നമ്മുടെ പ്രധാനമന്ത്രിയാണെന്ന തോന്നല്‍ ദുരന്തത്തിന് ഇരയായവരിലുണ്ടായി എന്നതാണ് ശ്രദ്ധേയം.

ന്യൂസിലന്‍ഡ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുടെ ശാന്തതയും കരുതലുമെല്ലാം ജനത അനുഭവിച്ചറിഞ്ഞു. ഭീകരാക്രമണത്തിന് ഇരയായവരുടെ ബന്ധുക്കളെ ശിരോവസ്ത്രമണിഞ്ഞ്, അവരില്‍ ഒരാളായി ജസിന്‍ഡ ആശ്വസിപ്പിക്കുന്ന ചിത്രങ്ങളെല്ലാം വൈറലാകുകയും ചെയ്തു. അരികുവല്‍ക്കരണമല്ല, ഉള്‍ച്ചേര്‍ക്കലാണ് തന്റെയും തന്റെ നാടിന്റെയും പ്രത്യയശാസ്ത്രമെന്ന് അവര്‍ ഉറക്കെ വിളിച്ചുപറയുകയും ചെയ്തു. അങ്ങനെ ലോകത്ത് പതിയെ രൂപപ്പെട്ടുവന്നു ‘ജസിന്‍ഡ മാനിയ’ എന്ന ട്രെന്‍ഡ്.

രാജ്യത്തിന്റെ വികസനകാര്യത്തില്‍ ചരിത്രപരമായ ഒരു രാഷ്ട്രീയ തീരുമാനമാണ് 40 തികയാത്ത ജസിന്‍ഡയെന്ന നേതാവ് കൈക്കൊണ്ടിരിക്കുന്നത്.

പ്രായം കുറഞ്ഞ ഭരണാധികരികളില്‍ ശ്രദ്ധേയരായ കാനഡയുടെ ജസ്റ്റിന്‍ ട്രൂഡോയ്ക്കും ഫ്രാന്‍സിന്റെ ഇമ്മാനുവല്‍ മാക്രോയ്ക്കുമെല്ലാമൊപ്പം, അല്ലെങ്കില്‍ അവരേക്കാളും ഒരു പടി മുകളില്‍ അമ്മയുടെ വാല്‍സല്യത്തോടെ ഭരണം നടത്തുന്ന ജസിന്‍ഡയെ കാണുന്നു പലരും.

ജസിന്‍ഡയുടെ ഭരണശൈലിയുടെ ഒരു തുടര്‍ച്ചയെകുറിച്ച് പറയാനാണ് ഇത്രയും വിശദീകരിച്ചത്. അപൂര്‍വമല്ലെങ്കിലും ഒരു പുതിയ പരീക്ഷണം തന്നെയാണത്. അവസരത്തിലും അനവസരത്തിലുമെല്ലാം ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) കണക്കുകള്‍ ആഘോഷമായി കൊണ്ടാടുന്ന, അതിന്റെ പേരില്‍ മാത്രം പുരോഗതിയും രാഷ്ട്രവികസനവും അളക്കുന്ന ഇക്കാലത്ത് ആ പരീക്ഷണം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

ജിഡിപി മാത്രമല്ല, ജനതയുടെ ക്ഷേമവും മുഖ്യം

എല്ലാ അര്‍ത്ഥത്തിലും ലിബറലിസ്റ്റ് അല്ലെങ്കില്‍ പുരോഗമനവാദിയാണ് ജസിന്‍ഡയെന്നാണ് അനുയായികളുടെ പക്ഷം. ലിബറലിസമെന്നാല്‍ നമ്മളിവിടെ ചര്‍ച്ച ചെയ്യുന്ന ഏകബുദ്ധിയിലധിഷ്ഠിതമായ പ്രച്ഛന്നവേഷമണിഞ്ഞ ഫാസിസ്റ്റ് ധാരകളല്ല, മറിച്ച് തുറന്ന സമൂഹത്തെ വിഭാവനം ചെയ്യുന്ന, ഉദാരമായ ലിബറലിസം. കുത്തകമുതലാളിത്തത്തിന്റെയും തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിന്റെയും ചിന്താപദ്ധതികളില്‍ നിന്ന് അതിന് പ്രകടമായ വ്യത്യാസമുണ്ട്. ഇവിടെ ജനങ്ങളുടെ ക്ഷേമത്തിനാണ് പ്രാധാന്യമെന്ന് ജസിന്‍ഡയും കൂട്ടരും കരുതുന്നു. മൂലധനനേട്ടത്തേക്കാളും ജനങ്ങളുടെ സന്തോഷമാണ് മുഖ്യമെന്ന് ഉറച്ച് വിശ്വസിക്കുന്നു അവര്‍. ഈ ആശയത്തിലധിഷ്ഠിതമായാണ് മേയ് 30ന് ന്യൂസിലന്‍ഡ് തങ്ങളുടെ ആദ്യ ക്ഷേമ ബജറ്റ് അവതരിപ്പിച്ചത്. ഇനി ജിഡിപിയെ മറന്നോളൂ എന്നാണ് സന്ദേശം.

രാജ്യത്തിന്റെ വികസനകാര്യത്തില്‍ ചരിത്രപരമായ ഒരു രാഷ്ട്രീയ തീരുമാനമാണ് 40 തികയാത്ത ജസിന്‍ഡയെന്ന നേതാവ് കൈക്കൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്റെ ചെലവിടലിന്റെ ആത്യന്തിക ലക്ഷ്യം ജനങ്ങളുടെ ആരോഗ്യകരവും മാനസികവുമായ സംതൃപ്തിയാണ്, അല്ലാതെ സാമ്പത്തിക കണക്കുകളിലെ വര്‍ധനയല്ലെന്ന അതിശക്തവും കാലികപ്രസക്തവുമായ കാഴ്ച്ചപ്പാട് മുന്നോട്ടുവെക്കുന്നു അവര്‍.

ന്യൂസിലന്‍ഡ് ഇനി ജിഡിപി അളക്കുന്നില്ല. നമ്മുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ജിഡിപി കണക്കുള്‍ കൊണ്ട് മാത്രം കാര്യമില്ല. ആര്‍ക്കെല്ലാം നേട്ടമുണ്ടായി ആരെല്ലാം തഴയപ്പെട്ടു എന്നതും ഈ സംവിധാനത്തില്‍ പരിഗണിക്കപ്പെടുന്നില്ല-എന്തുകൊണ്ട് പുതിയ വഴിയെന്നതിനുള്ള ജസിന്‍ഡയുടെ ഉത്തരമിങ്ങനെ.

സര്‍ക്കാരിന്റെ ചെലവിടലിന്റെ ആത്യന്തിക ലക്ഷ്യം ജനങ്ങളുടെ ആരോഗ്യകരവും മാനസികവുമായ സംതൃപ്തിയാണ്, അല്ലാതെ സാമ്പത്തിക കണക്കുകളിലെ വര്‍ധനയല്ലെന്ന അതിശക്തവും കാലികപ്രസക്തവുമായ കാഴ്ച്ചപ്പാട് മുന്നോട്ടുവെക്കുന്നു അവര്‍

സാധാരണയായി മൊത്തം ആഭ്യന്തര ഉല്‍പ്പാദനം അഥവാ ജിഡിപി വര്‍ധിപ്പിക്കുകയാണ് മിക്ക രാഷ്ട്രങ്ങളുടെ ചെലവിടല്‍ പദ്ധതികളും പ്രധാന ലക്ഷ്യമായി കരുതുന്നത്. ഇതിന് പകരം ജനങ്ങളുടെ സന്തോഷം വര്‍ധിപ്പിക്കാനാണ് ന്യൂസിലന്‍ഡ് തീരുമാനിച്ചിരിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം ന്യൂസിലന്‍ഡിന്റെ ചെലവിടല്‍ പദ്ധതികള്‍ പ്രധാനമായും അഞ്ച് ക്ഷേമ ലക്ഷ്യങ്ങളെ അധികരിച്ചായിരിക്കും നടപ്പാക്കപ്പെടുക. ഒന്നാമത്തേത് മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക. രണ്ടാമത്തേത് കുട്ടികളിലെ ദാരിദ്ര്യം കുറയ്ക്കുക. തദ്ദേശീയ ജനതയ്ക്ക് പിന്തുണ നല്‍കുകയെന്നത് മൂന്നാമത്തെ ലക്ഷ്യം. കാര്‍ബണ്‍ പുറന്തള്ളല്‍ കുറച്ച് പ്രകൃതിയെ കാക്കുകയെന്നത് നാലാമത്തെ ലക്ഷ്യമാകുമ്പോള്‍ ഡിജിറ്റല്‍ യുഗത്തിലേക്കുള്ള പരിണാമം അഞ്ചാമത്തേതാകുന്നു. പരമ്പരാഗത സൂചകള്‍ക്ക് പകരം ഒറ്റപ്പെടലും സര്‍ക്കാരിലുള്ള വിശ്വാസവും പരിശോധിക്കപ്പെടുന്നത് ഉള്‍പ്പടെ 61 വ്യത്യസ്തമായ സൂചകങ്ങളായിരിക്കും പുരോഗതി അളക്കുന്നതിനായി ഉപയോഗിക്കുക.

മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി മാത്രം 1.2 ബില്യണ്‍ ഡോളര്‍ അടുത്ത വര്‍ഷം ചെലവിടാനാണ് ജസിന്‍ഡയുടെ തീരുമാനം. ആത്മഹത്യകള്‍ തടയുന്നതിന് പ്രത്യേകമായും ഫണ്ടുണ്ട്. ഒരാള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ അതോടെ എല്ലാം തീരുന്നില്ല. അയാളുടെ സുഹൃത്തുക്കളിലും കുടുംബാംഗങ്ങളിലും ആത്മഹത്യ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്-ബജറ്റ് അവതരണ വേളയില്‍ ധനകാര്യമന്ത്രി ഗ്രാന്റ് റോബര്‍ട്‌സണ്‍ പറഞ്ഞ വാക്കുകളാണിത്.

ജിഡിപിയല്ല അളവ്‌കോല്‍

രാജ്യത്തിന്റെ മൊത്തം സാമ്പത്തിക ഉല്‍പ്പാദനം എന്ന രീതിയില്‍ 1937ല്‍ യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ടതോടെയാണ് ജിഡിപി മുഖ്യധാരയിലേക്ക് വരുന്നത്. ഗ്രേറ്റ് ഡിപ്രഷന്‍ എന്നറിയപ്പെട്ട മഹാ മാന്ദ്യകാലത്തായിരുന്നു അത്. ഒരു രാഷ്ട്രത്തിന്റെ വിജയമോ പുരോഗതിയോ അടയാളപ്പെടുത്താനല്ല യഥാര്‍ത്ഥത്തില്‍ അത് അവതരിപ്പിക്കപ്പെട്ടത്. മറിച്ച് ഉല്‍പ്പാദനത്തിന്റെ സൂചകമെന്ന നിലയില്‍ മാത്രമാണ്. എന്നാല്‍ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു രാജ്യത്തിന്റെ മൊത്തം സാമ്പത്തിക-സാമൂഹ്യ പ്രകടനത്തിന്റെ പൊതുപ്രതിഫലനമായി ജിഡിപിയെ പലരും കണ്ടുതുടങ്ങി. ഫലമോ, പുരോഗതിയുടെ മറുവാക്കായി പലരും സാമ്പത്തിക വളര്‍ച്ചയെ ദുര്‍വ്യാഖ്യാനിക്കുന്നു.

സാമ്പത്തികപരമായ അഭിവൃദ്ധി കൈവരിച്ച സമൂഹങ്ങളിലും ആത്മഹത്യകള്‍ കൂടുന്നു. ജനങ്ങള്‍ വിഷാദത്തിലേക്ക് വീഴുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അസമത്വം വര്‍ധിക്കുന്നു. സംതൃപ്തിയില്ലായ്മ അതിന്റെ പാരമ്യത്തിലെത്തുന്നു. യുക്തി വളരെ ലളിതമാണ്. സാമ്പത്തികപരമായി മുന്നേറിയതുകൊണ്ടുമാത്രം സന്തോഷമുണ്ടായെന്നു വരില്ല. എന്നാല്‍ സാമ്പത്തികമുന്നേറ്റം വേണം താനും.

ന്യൂസിലന്‍ഡിന്റെ സമ്പദ് വ്യവസ്ഥ പ്രതിസന്ധികള്‍ നേരിടുന്നുണ്ടെങ്കിലും താരതമ്യേന മെച്ചപ്പെട്ട അവസ്ഥയിലാണ്. അതുകൊണ്ടുതന്നെ ഇനി ശ്രദ്ധ വേണ്ടത് ജനങ്ങളുടെ സംതൃപ്തിയിലാണെന്ന തിരിച്ചറിവാണ് ജസിന്‍ഡയെ പോലൊരു ഭരണാധികാരിയെ നയിക്കുന്നത്. നിലവിലുള്ള വ്യവസ്ഥകളെ അപ്പാടെ മാറ്റുന്നതിനല്ല ന്യൂസിലന്‍ഡ് ശ്രമിക്കുന്നത്. മറിച്ച് അവരുടെ മുന്‍ഗണനകള്‍ മാറ്റുന്നതിനാണ്. സാമ്പത്തിക വളര്‍ച്ചയുടെ ഗുണം എല്ലാവരിലേക്കും ഒരുപോലെ എത്തിപ്പെട്ടില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് അത് പരിഹരിക്കാനാണ്.

മാനസിക ആരോഗ്യത്തിനും തദ്ദേശീയ ജനതയുടെ അഭിവൃദ്ധിക്കുമായി ചെലവിടാന്‍ അവര്‍ ഉദാരത കാണിക്കുന്നതിനെ കൈയടിനല്‍കി പ്രോല്‍സാഹിപ്പിക്കുക തന്നെയാണ് വേണ്ടത്. ലൈംഗിക അതിക്രമങ്ങളെയും ഗാര്‍ഹിക പീഡനങ്ങളെയും അതിജീവിച്ചവര്‍ക്കായി 200 ദശലക്ഷം ഡോളര്‍ മാറ്റിവെക്കാനുള്ള നീക്കമെല്ലാം മേല്‍പ്പറഞ്ഞ പ്രത്യയശാസ്ത്രത്തിന്റെ പ്രതിഫലനങ്ങളായി വേണം കാണാന്‍.

വളര്‍ച്ചകൊണ്ട് മാത്രം ഒരു രാഷ്ട്രം മഹത്തരമായി തീരുന്നില്ല. നാടിനെ മഹത്തരമാക്കി തീര്‍ക്കുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കേണ്ട സമയമായിരിക്കുന്നു-ബജറ്റിന്റെ അവതരണക്കുറിപ്പില്‍ ജസിന്‍ഡ പറഞ്ഞ വാക്കുകളാണിത്. ചെയ്യാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് സുവ്യക്തവും ദീര്‍ഘവീക്ഷണത്തിലധിഷ്ഠിതവുമായ ബോധ്യമുണ്ടെന്ന് പ്രതിഫലിപ്പിക്കുന്ന വാക്കുകളാണിത്. അതേസമയം ജസിന്‍ഡയുടെ നയങ്ങള്‍ രാജ്യത്തിന് ഗുണം ചെയ്യില്ലെന്ന അഭിപ്രായമാണ് പ്രതിപക്ഷത്തിനുള്ളത്.

ന്യൂസിലന്‍ഡ് സമ്പദ് വ്യവസ്ഥ മാന്ദ്യാവസ്ഥയെ നേരിടുന്ന സമയത്ത് ബ്രാന്‍ഡിംഗില്‍ ശ്രദ്ധയൂന്നിയുള്ള ജസിന്‍ഡയുടെ ഇത്തരം സാഹസങ്ങള്‍ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നു. സാമ്പത്തികമായി കിവീസിനെ വളരെ പിന്നിലാക്കുന്നതിന് ജസിന്‍ഡയുടെ പുതിയ ബജറ്റ് വഴിവെക്കുമെന്നാണ് അവരുടെ വിമര്‍ശനങ്ങള്‍.

ന്യൂസിലന്‍ഡ് മാത്രമല്ല ഇത്തരത്തിലുള്ള വേറിട്ട വഴി രാഷ്ട്രവികസനത്തിന്റെ ഭാഗമായി സ്വീകരിച്ചിട്ടുള്ളത്. ഭൂട്ടാനിലെ നാലാമത് രാജാവ് അവതരിപ്പിച്ച ഗ്രോസ് നാഷണല്‍ ഹാപ്പിനെസ് (മൊത്തം ദേശീയ സന്തോഷം-അഥവാ ജിഎന്‍പി) എന്ന മാനദണ്ഡം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ജിഡിപിയെക്കാള്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതാണ് ജിഎന്‍എച്ച് എന്നാണ് ഭൂട്ടാന്റെ നിലപാട്. 2008ല്‍ അവര്‍ അത് ഭരണഘടനയുടെ ഭാഗമാക്കുകയും ചെയ്തു.

(ജൂണ്‍ 22ാം തിയതി ഫ്യൂച്ചര്‍ കേരളയുടെ പ്രിന്റ് എഡിഷനിലാണ് ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത്)

Comments

comments