ഇറാന്‍-അമേരിക്ക സംഘര്‍ഷത്തിന്റെ ഭാവി എണ്ണവിപണിയില്‍ പ്രതിഫലിക്കുന്നതെങ്ങനെ?

ഇറാന്‍-അമേരിക്ക സംഘര്‍ഷത്തിന്റെ ഭാവി എണ്ണവിപണിയില്‍ പ്രതിഫലിക്കുന്നതെങ്ങനെ?

പശ്ചിമേഷ്യ സാക്ഷ്യം വഹിക്കുന്ന ഈ സംഭവവികാസങ്ങളുടെ ഗതിയെങ്ങോട്ടാണ്? എണ്ണവിപണിയില്‍ ഇവയുണ്ടാക്കാന്‍ പോകുന്ന പ്രതിഫലങ്ങളെന്താണ്? അഞ്ച് സാധ്യതകളാണ് ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി

ടെഹ്‌റാന്‍: ടാങ്കറുകള്‍ ലക്ഷ്യമാക്കി നടന്ന നാവിക ആക്രമണങ്ങള്‍ക്ക് ശേഷം, ഇറാന്‍-അമേരിക്ക ഏറ്റുമുട്ടല്‍ ഇപ്പോള്‍ വ്യോമ തലത്തിലേക്ക് വളര്‍ന്നിരിക്കുന്നു. അമേരിക്കയുടെ ആളില്ലാ നിരീക്ഷണ വിമാനം വെടിവെച്ചിട്ടതും ബസ്രയിലും എക്‌സോണ്‍മൊബീല്‍ കാമ്പിലുമുണ്ടായ റോക്കറ്റ് ആക്രമണങ്ങളും ഇറാന്‍-അമേരിക്ക ഏറ്റുമുട്ടലിലെ ഏറ്റവും സംഭവവികാസങ്ങളാണ്. ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി അമേരിക്ക തിരിച്ചടി പദ്ധതിയിട്ടതും പിന്നീട് വേണ്ടെന്ന് വെച്ചതും കഴിഞ്ഞ ആഴ്ച ലോകം ആശങ്കയോടെ കണ്ടുനിന്നു. അതേസമയം ഒമാന്‍ മുഖേന അമേരിക്കയുടെ ഭീഷണി സന്ദേശം ഇറാനിലെത്തുകയും ചെയ്തു.

പശ്ചിമേഷ്യ സാക്ഷ്യം വഹിക്കുന്ന ഈ സംഭവവികാസങ്ങളുടെ ഗതിയെങ്ങോട്ടാണ്?
എണ്ണവിപണിയില്‍ ഇവയുണ്ടാക്കാന്‍ പോകുന്ന പ്രതിഫലങ്ങളെന്താണ്?
അഞ്ച് സാധ്യതകളാണ് ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി.

വീണ്ടുമൊരു കരാര്‍

2015ല്‍ അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ശ്രമഫലമായി രൂപം നല്‍കിയ കരാറിന്റെ (ജെസിപിഒഎ) പരിഷ്‌കരിച്ച മറ്റൊരു പതിപ്പ്, അല്ലെങ്കില്‍ പ്രായോഗിക ആഘാതങ്ങള്‍ വളരെ കുറഞ്ഞ ഒരു ഒത്തുതീര്‍പ്പ്, ഉത്തരകൊറിയയുമായുള്ള ആണവായുധ വിഷയത്തിലും മെക്‌സിക്കന്‍ വ്യാപാര പ്രശ്‌നത്തിലും നേടിയെടുത്തത് പോലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വിജയം നേടിക്കൊടുക്കുന്ന ഒന്നാമത്തെ സാധ്യതയാണത്. അങ്ങനെ വന്നാല്‍ ആണവപദ്ധതി സംബന്ധിച്ച് നേരെത്തെ ബാധകമായ നിബന്ധനകള്‍ വീണ്ടും പാലിക്കുന്നതിന് പകരമായി ഉപരോധങ്ങളില്‍ ഇറാന് ഇളവ് ലഭിച്ചേക്കാം. കൂടാതെ മിസൈല്‍ രംഗത്തും പ്രാദേശികമായ വിഷയങ്ങളിലും ഇറാന് അനുകൂലമായ തീരുമാനങ്ങളും ഉണ്ടായേക്കും.

ആ സാധ്യത യാഥാര്‍ത്ഥ്യമായാല്‍ ഇറാനിലെ എണ്ണക്കയറ്റുമതി വിപണി നഷ്ടപ്രതാപം വീണ്ടെടുക്കും. 1-1.5 മില്യണ്‍ ബാരല്‍ എണ്ണ വീണ്ടും എണ്ണ വിപണിയിലെത്തും, അതോടെ എണ്ണവിലയില്‍ വലിയ ഇടിവുണ്ടാകും. ഈ സാഹചര്യത്തെ നേരിടാന്‍ ഒപെക് പ്ലസ് കാര്യമായ ശ്രമങ്ങള്‍ നടത്തേണ്ടതായി വരും. സൗദി അറേബ്യയും അറേബ്യന്‍ ഗള്‍ഫ് രാഷ്ട്രങ്ങളുമാകും അതിന്റെ സമ്മര്‍ദ്ദം ഏറ്റെടുക്കേണ്ടതായി വരിക. സാഹചര്യത്തിനൊത്ത് അഥവാ എണ്ണ വിതരണം അവര്‍ കുറച്ചില്ലെങ്കില്‍ ബാരലിന് 40 ഡോളര്‍ എന്ന നിലയിലേക്ക് എണ്ണവില കൂപ്പുകുത്തും.

പ്രശ്‌നത്തില്‍ നിന്ന് തന്ത്രപരമായ പിന്മാറ്റം

നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ നിന്നും ഇരുകൂട്ടരും തന്ത്രപരമായി പിന്മാറാനുള്ള സാധ്യതയാണ് രണ്ടാമതുള്ളത്. അതിന് ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്നവര്‍ക്ക് അമേരിക്ക മുമ്പ് നല്‍കിയതു പോലുള്ള ഇളവുകള്‍ വീണ്ടും നല്‍കേണ്ടതായി വരും. അങ്ങനെവന്നാല്‍ ഇറാനില്‍ നിന്നുള്ള എണ്ണക്കയറ്റുമതി പൂര്‍ണമായും ഇല്ലാതാക്കുക, പെട്രോകെമിക്കല്‍ കയറ്റുമതി തടസപ്പെടുത്തുക തുടങ്ങിയ അമേരിക്കന്‍ പദ്ധതികള്‍ പാളും. ഒബാമയുടെ കാലത്തുണ്ടായിരുന്ന ഉപരോധങ്ങള്‍ നേരിടുമ്പോള്‍ ഇറാന്റെ എണ്ണക്കയറ്റുമതി പ്രതിദിനം പത്ത് ലക്ഷം ബാരലിന് അടുത്തായിരുന്നു. ഈ കണക്കില്‍ ഇറാനില്‍ നിന്നുള്ള എണ്ണ വീണ്ടും വിപണിയിലെത്തിയാല്‍ എണ്ണവിലയില്‍ ചെറിയൊരു ഇടിവുണ്ടായേക്കും. ഉപരോധത്തില്‍ ഇറാന് അപ്രതീക്ഷിത ഇളവുകള്‍ ലഭ്യമായപ്പോള്‍ കഴിഞ്ഞ വര്‍ഷം ബ്രെന്റ് ക്രൂഡിന് ബാരലിന് 55 ഡോളറിലും താഴേക്ക് വിലയിടിഞ്ഞിരുന്നു.

നിലവിലെ അവസ്ഥ തുടരുക

നിലവിലെ അവസ്ഥയില്‍ കാര്യങ്ങള്‍ തുടരുകയെന്നതാണ് മൂന്നാമതുള്ളൊരു സാധ്യത. അമേരിക്കയില്‍ നിന്നും കടുത്ത ഉപരോധങ്ങള്‍ നേരിടുന്ന ഇറാന്‍, കപ്പലുകളും എണ്ണ സംവിധാനങ്ങളും അമേരിക്കന്‍ ഡ്രോണുകളും ലക്ഷ്യമാക്കിയുള്ള ചെറിയ രീതിയിലുള്ള, മേഖലയെ ആശങ്കയിലാഴ്ത്തുന്ന, നിഷേധിക്കാനാകാത്ത ആക്രമണങ്ങള്‍ തുടരും. ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങളിലും സൗദിയിലും ഹൂത്തികള്‍ നടത്തിവരുന്ന ആക്രമണങ്ങള്‍ക്ക് നല്‍കി പിന്തുണ ഇറാന്‍ തുടര്‍ന്നും നല്‍കും. ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും ഇറാന്റെ ഭീഷണികളെ അമേരിക്ക പ്രതിരോധിക്കും. ഇറാനെതിരെ പദ്ധതിയിട്ട സൈനിക്രാമണത്തിന്റെ വിവരങ്ങള്‍ ചോര്‍ന്നത് കാര്യങ്ങള്‍ ഇനിയും വഷളാക്കാതിരിക്കാനുള്ള അമേരിക്കയുടെ മുന്നറിയിപ്പായും കാണാം.

ഒരു മാസത്തിനിടെ ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ ലക്ഷ്യമാക്കി നടന്ന രണ്ട് അക്രമസംഭവങ്ങളെ തുടര്‍ന്ന് ലോയിഡ്‌സ് ഓഫ് ലണ്ടന്‍ ഇന്‍ഷുറന്‍സ് കമ്പനി മേഖലയെ ‘റിസ്‌ക് സോണ്‍’ ആയി പ്രഖ്യാപിച്ചിരുന്നു. ഈ മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ ഇന്‍ഷുറന്‍സ് തുകയില്‍ എകദേശം 180,000 ഡോളര്‍ അധികമായി കെട്ടണം, അല്ലെങ്കില്‍ വമ്പന്‍ എണ്ണ ടാങ്കറുകള്‍ ബാരലിന് 10 സെന്റ് എന്ന കണക്കില്‍ ഇന്‍ഷുറന്‍സ് അടവ് നല്‍കണം. ഇത് ചെറിയൊരു സംഖ്യയല്ല. ഗള്‍ഫ് മേഖലയെ എണ്ണക്കടത്തിനായി ആശ്രയിക്കുന്ന രാജ്യങ്ങള്‍ ഇറാനൊഴിച്ച്, തങ്ങളുടെ എണ്ണക്കയറ്റുമതിക്ക് വേണ്ട ഇന്‍ഷുറന്‍സ് ഇനത്തില്‍ ഏതാണ്ട് 500 മില്യണ്‍ ഡോളറാണ് പ്രതിവര്‍ഷം ഇങ്ങനെ അധികമായി ചിലവഴിക്കേണ്ടി വരിക.

അമേരിക്കയുടെ ഡ്രോണ്‍ വിമാനം വെടിവെച്ചിട്ടതിനെ തുടര്‍ന്ന് എണ്ണവിലയിലുണ്ടായ ബാരലിന് 2.40 ഡോളര്‍(3.9 ശതമാനം) വിലവര്‍ധനവിനും ഈ നഷ്ടം നികത്താന്‍ സാധിക്കില്ല. ഇത്തരത്തില്‍ ആക്രമണങ്ങള്‍ പതിവായാല്‍ എണ്ണവിലയിലെ ഇന്‍ഷുറന്‍സ് തുകയില്‍ കുറവുണ്ടായേക്കുമെങ്കിലും ദുര്‍ബലമായ വ്യാപാര സാഹചര്യങ്ങള്‍ അതിന്റെ ഗുണഫലങ്ങള്‍ ഇല്ലാതാക്കും.

ആക്രമണങ്ങള്‍ പതിവായാല്‍ ഗള്‍ഫ് എണ്ണയുടെയും വാതകത്തിന്റെയും മുഖ്യ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വിലയേറിയ എണ്ണയ്ക്ക് സംരക്ഷണം നല്‍കേണ്ടത് ആവശ്യമാണെന്ന തിരിച്ചറിവ് ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഉണ്ടായേക്കും. ഇന്ത്യ ഇതിനോടകം തന്നെ തങ്ങളുടെ വ്യാപാരക്കപ്പലുകള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തുന്നതിനായി ചെന്നൈ, സുനയന എന്നീ കപ്പലുകളെ ഒമാന്‍ ഉള്‍ക്കടലില്‍ നിയോഗിച്ച് കഴിഞ്ഞു. ജിബൂട്ടിയില്‍ നാവിക ആസ്ഥാനമുള്ള ചൈനയും ജപ്പാനും വൈകാതെ ഇതേ മാര്‍ഗം സ്വീകരിച്ചേക്കും. നേരത്തെ സിറിയയിലും ലിബിയയിലും വെനസ്വെലയിലും പ്രതിസന്ധി ഉണ്ടായപ്പോള്‍ അത് ഒരു അവസരമാക്കി മാറ്റിയ റഷ്യ ഗള്‍ഫിലെ ഈ പ്രതിസന്ധിയും എണ്ണവിപണിയില്‍ ആധിപത്യമുണ്ടാക്കാനുള്ള അവസരമായി വിനിയോഗിക്കും. ഗള്‍ഫിലെ എണ്ണ ആശ്രയിക്കേണ്ട അവസ്ഥയില്ലെന്ന് അമേരിക്ക ഇതിനോടകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

വിവിധ രാഷ്ട്രങ്ങളുടെ നേതൃത്വത്തില്‍ സമുദ്ര ഗതാഗത്തിന് കാവല്‍ ഏര്‍പ്പെടുത്തുന്നത് നിലവിലെ പ്രശ്‌നത്തിന് താത്കാലിക ശമനമുണ്ടാക്കിയേക്കും. പക്ഷേ വൈരുദ്ധ്യാത്മകമായ താല്‍പ്പര്യങ്ങള്‍ വച്ചുപുലര്‍ത്തുന്ന ലോകശക്തികള്‍ പ്രശ്‌നത്തില്‍ ഇടപെട്ടാല്‍ സാഹചര്യം സങ്കീര്‍ണമാകും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ അത് ആപത്കരമാണ്. ദക്ഷിണ ചൈനാ കടല്‍ പോലുള്ള മേഖലകളില്‍ ആധിപത്യം സ്ഥാപിക്കാനാകാത്ത അമേരിക്കന്‍ നേവി എന്തു തന്നെയായാലും ഒമാന്‍ ഉള്‍ക്കടലില്‍ ഭീഷണി നേരിടുന്ന കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കുന്നത് തങ്ങളുടെ കടമയായി കണക്കാക്കും.

അമേരിക്ക തിരിച്ചടിക്കും

ടെഹ്‌റാനില്‍ നിന്നും ഇനിയും പ്രകോപനമുണ്ടായാല്‍ കഴിഞ്ഞ ചൊവ്വാഴ്ച വേണ്ടെന്നുവെച്ചതു പോലുള്ള ഇറാനെതിരായ സൈനിക ആക്രമണങ്ങള്‍ അമേരിക്ക ആരംഭിക്കാനുള്ള സാധ്യതയാണ് നാലാമത്തേത്. അങ്ങനെ വന്നാല്‍ ടാങ്കറുകളും ഇറാഖിലെ അമേരിക്കന്‍ സ്ഥാപനങ്ങളും ലക്ഷ്യമാക്കി നടത്തിവരുന്ന ആക്രമണങ്ങള്‍ ഇറാനും ശക്തമാക്കും.

എണ്ണയുല്‍പ്പാദനവും കയറ്റുമതിയും വലിയ തോതില്‍ തടസ്സപ്പെടാന്‍ ഇടയില്ലെങ്കിലും എണ്ണവിതരണ മേഖലയ്ക്ക് എതിരായ ഭീഷണികളും എണ്ണ കെട്ടിക്കിടക്കുന്ന അവസ്ഥയും ഉപഭോക്താക്കളുടെ ആശങ്കയും എണ്ണവിപണിയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. പൈപ്പ്‌ലൈന്‍ വഴിയുള്ള എണ്ണനീക്കവും സംഭരിച്ചുവെച്ചിരിക്കുന്ന എണ്ണയും അടിയന്തര സാഹചര്യങ്ങളില്‍ വിപണിയിലുണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ നേരിടാന്‍ സഹായകമാകും.

യുദ്ധം

നാലാമത്തെ സാഹചര്യം അഞ്ചാമത്തെ സാധ്യതയിലേക്ക് വളരുക വളരെ എളുപ്പമാണ്. മേഖലയിലെ ഇറാന്‍ കേന്ദ്രങ്ങളും ആസ്തികളും ലക്ഷ്യമാക്കി അമേരിക്ക വലിയ തോതിലുള്ള സൈനിക ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യതയാണത്. ഇങ്ങനെ വന്നാല്‍ അനിയന്ത്രിതമായ പ്രത്യാക്രമണം ഇറാന്റെ ഭാഗത്ത് നിന്നും ഉണ്ടായേക്കും. ചുരുക്കത്തില്‍ പശ്ചിമേഷ്യ മറ്റൊരു യുദ്ധത്തിന് സാക്ഷ്യം വഹിക്കും. ഇറാനില്‍ നിന്നുള്ള എണ്ണക്കയറ്റുമതി പൂര്‍ണമായും നിലയ്ക്കും. ഗള്‍ഫ് യുദ്ധത്തിന് ശേഷം ഇറാഖ് നേരിട്ടത് പോലെ വീണ്ടുമത് പഴയപടിയാകാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കും.

ഇത്തരമൊരു സാഹചര്യം ആഗതമായാല്‍ ഗള്‍ഫിലൂടെയുള്ള സമുദ്രഗതാഗതവും താത്കാലികമായി തടസ്സപ്പെട്ടേക്കും. എണ്ണയുടെ മാത്രമല്ല, ദ്രവീകൃത പ്രകൃതി വാതകം(എല്‍എന്‍ജി), പെട്രോകെമിക്കല്‍, അലൂമിനിയം, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നീക്കവും തടസ്സപ്പെടും. സ്ഥലത്തിന്റെ കിടപ്പ് അനുസരിച്ച് എല്‍എന്‍ജി ഉപഭോക്താക്കള്‍ ബദല്‍ മാര്‍ഗമെന്ന നിലയില്‍ റഷ്യയില്‍ നിന്നുള്ള എണ്ണയും വാതകവും സ്വീകരിച്ച് തുടങ്ങും.

ഗുരുതരമായല്ലെങ്കിലും ചെങ്കടല്‍ വഴിയുള്ള ഗതാഗതവും തടസ്സപ്പെടും. ഇറാനില്‍ വൈദ്യുതോല്‍പ്പാദനം തടസ്സപ്പെടുകയും തുര്‍ക്കിയിലേക്കും ഇറാഖിലേക്കുമുള്ള വൈദ്യുത, വാതക കയറ്റുമതി നിര്‍ത്തലാക്കേണ്ടതായും വരും. ബസ്രയില്‍ വീണ്ടുമൊരു ജനരോഷത്തിന് അത് വഴിവെക്കും. ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള ഗതാഗതം വളരെ പെട്ടന്ന് തന്നെ പുനഃസ്ഥാപിക്കപ്പെടുമെങ്കിലും ഇറാഖിലെ വലിയൊരു ഭാഗം, ഏതാണ്ട് 5 മില്യണ്‍ ബിപിഡി എണ്ണവിതരണം തടസ്സപ്പെടും. ഇത്തരം സങ്കീര്‍ണതകള്‍ മേഖലയില്‍ വീണ്ടും ഐഎസ്‌ഐഎസ് ഉയര്‍ന്ന് വരാനുള്ള സാധ്യയിലേക്ക് വഴിതെളിക്കും.

ഇത്തരമൊരു സാഹചര്യത്തില്‍ എണ്ണവില ബാരലിന് 100 ഡോളര്‍ വരെ എത്തിയേക്കും. ഇറാനില്‍ നിന്നും ഇറാഖില്‍ നിന്നും ഉള്ള എണ്ണവിതരണം പൂര്‍ണമായും നിലയ്ക്കുമെങ്കില്‍ ഏറ്റക്കുറച്ചിലുകള്‍ക്കിടയിലും എണ്ണവില ഉയര്‍ന്ന് തന്നെ നില്‍ക്കും. പക്ഷേ 2003ല്‍ ഇറാഖ് യുദ്ധത്തിന്റെ കാലത്ത് കണ്ടതുപോലെ പ്രവചനാതീതമായ പ്രത്യാഘാതങ്ങള്‍ മേഖല നേരിടേണ്ടതായി വരും.

Comments

comments

Categories: Arabia
Tags: America-Iran