ഇസ്രയേല്‍ മിസൈല്‍ കരാറില്‍ നിന്ന് ഇന്ത്യ പിന്‍മാറി

ഇസ്രയേല്‍ മിസൈല്‍ കരാറില്‍ നിന്ന് ഇന്ത്യ പിന്‍മാറി

കുറഞ്ഞ ചെലവില്‍ ടാങ്ക് വേധ മിസൈലുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് ഡിആര്‍ഡിഒ വാഗ്ദാനം

ന്യൂഡെല്‍ഹി: ഇസ്രയേല്‍ കമ്പനിയില്‍ നിന്ന് ടാങ്ക് വേധ മിസൈലുകള്‍ വാങ്ങാനുള്ള കരാര്‍ പ്രതിരോധ ഗവേഷണ വികസന എജന്‍സി (ഡിആര്‍ഡിഒ) നല്‍കിയ ഉറപ്പിന്റെ പിന്‍ബലത്തില്‍ ഇന്ത്യ ഉപേക്ഷിച്ചു. ഇസ്രയേലി പ്രതിരോധ കമ്പനിയായ റഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റത്തില്‍ നിന്ന് 500 മില്യണ്‍ ഡോളറിന്റെ സ്‌പൈക് ടാങ്ക് വേധ മിസൈലുകളാണ് വാങ്ങാനിരുന്നത്. സമാനമായ മിസൈലുകള്‍ കുറഞ്ഞ വിലയില്‍ രണ്ട് വര്‍ഷത്തിനകം നിര്‍മ്മിച്ച് നല്‍കാമെന്ന് ഡിആര്‍ഡിഒ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഇന്ത്യ കരാറില്‍ നിന്ന് പിന്‍മാറിയത്. വിഇഎം ടെക്‌നോളജീസുമായി ചേര്‍ന്നാണ് ഡിആര്‍ഡിഒ ടാങ്ക് വേധ മിസൈലുകള്‍ വികസിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ നടത്തിയ പരീക്ഷണങ്ങളില്‍ പരാജയപ്പെട്ട സ്‌പൈക് മിസൈലുകള്‍ വാങ്ങുന്നതില്‍ പ്രതിരോധ മന്ത്രാലയത്തിലെ ചിലര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. രാജസ്ഥാനിലെയും മറ്റും ചൂടേറിയ മരുഭൂമികളില്‍ സ്‌പൈക് മിസൈലുകള്‍ പ്രവര്‍ത്തനക്ഷമമാകുമോയെന്ന് സൈന്യവും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഡിആര്‍ഡിഒയുടെ വാഗ്ദാനം മന്ത്രാലയം സ്വീകരിച്ചത്. നിശ്ചിത സമയത്തിനുള്ളില്‍ മിസൈലുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഡിആര്‍ഡിഒയ്ക്ക് കഴിയുമോ എന്നതില്‍ സേനാ ഉദ്യോഗസ്ഥര്‍ക്ക് ആശങ്കയുണ്ടെങ്കിലും റഫേല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഏജന്‍സിയെ തന്നെ വിശ്വാസത്തിലെടുക്കാന്‍ തീരുമാനമാവുകയായിരുന്നു. 2021 ഓടെ ആയിരത്തോളം ടാങ്ക് വേധ മിസൈലുകള്‍ നിര്‍മിച്ച് സൈന്യത്തിന് കൈമാറുമെന്നാണ് ഡിആര്‍ഡിഒ അറിയിച്ചിരിക്കുന്നത്. സെപ്റ്റംബറില്‍ നടത്തിയ രണ്ടാം ഘട്ട പരീക്ഷണം വിജയകരമായിരുന്നെന്നും പ്രതിരോധ ഗവേഷണ ഏജന്‍സി വ്യക്തമാക്കുന്നു.

Comments

comments

Categories: Current Affairs
Tags: Israel-India

Related Articles