വാവേ അമേരിക്കന്‍ കമ്പനികളില്‍ നിന്നും കൂടുതല്‍ റോയല്‍റ്റി ആവശ്യപ്പെടും

വാവേ അമേരിക്കന്‍ കമ്പനികളില്‍ നിന്നും കൂടുതല്‍ റോയല്‍റ്റി ആവശ്യപ്പെടും
  •  5 ജി ടെക്‌നോളജിയില്‍ ഏറ്റവും കൂടുതല്‍ പേറ്റന്റുകള്‍ വാവേയ്ക്ക്
  • വാവേയുടെ പേറ്റന്റ് വിപണിയില്‍ രണ്ടാം സ്ഥാനത്ത് അമേരിക്ക

ന്യൂയോര്‍ക്ക്: ചൈനീസ് ടെലികോം കമ്പനി വാവേ, അവരുടെ പേറ്റന്റ് ടെക്‌നോളജി ഉപയോഗിക്കുന്ന ആമേരിക്കന്‍ കമ്പനികളില്‍ നിന്നും കൂടുതല്‍ റോയല്‍റ്റി ആവശ്യപ്പെട്ടേക്കും. അമേരിക്കയില്‍ നിന്നുള്ള നിരന്തര സമ്മര്‍ദ്ദത്തെ നേരിടാനുള്ള വാവേയുടെ തന്ത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അമേരിക്ക വാവേയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ നിരവധി അമേരിക്കന്‍ കമ്പനികളില്‍ നിന്നും അധികം വൈകാതെ റോയല്‍ട്ടി കൂട്ടി ചോദിക്കാനാണ് വാവേയുടെ നീക്കം. ആഗോളതലത്തില്‍ 5 ജി ടെക്‌നോളജിയില്‍ ഏറ്റവും കൂടുതല്‍ പേറ്റന്റുകള്‍ നിലവിലുള്ളത് വാവേയ്ക്കാണ്.

പുതിയ തന്ത്രത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അമേരിക്കന്‍ ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ വെരിസോണില്‍ നിന്നും വാവേയുടെ 230ല്‍പരം പേറ്റന്റുകള്‍ക്ക് ഒരു ബില്യണ്‍ ഡോളര്‍ തുക അടയ്ക്കാന്‍ കമ്പനി ആവശ്യപ്പെട്ടിരുന്നു. വെരിസോണിനു പുറമെ നിരവധി അമേരിക്കന്‍ കമ്പനികളോട് വാവേ റോയല്‍റ്റി കൂട്ടി ആവശ്യപ്പെടുമെന്ന് വാവേ സ്ഥാപകനും സിഇഒയുമായ റെന്‍ സെംഗ്‌ഫെയ് പറഞ്ഞു. എന്നാല്‍ മനുഷ്യ സമൂഹത്തിന്റെ വികസനത്തെ പ്രതിരോധിക്കുന്ന തരത്തില്‍ പേറ്റന്റ് ഒരു ആയുധമാക്കി വാവേ മാറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെലികമ്യൂണിക്കേഷന്‍ ശൃംഖലയില്‍ നിന്നും അമേരിക്ക വാവേയെ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. എന്നാല്‍ വാവേയ്ക്ക് പേറ്റന്റുള്ള പല സാങ്കേതികവിദ്യകളും അമേരിക്കയിലിപ്പോഴും നിരവധി സ്ഥാപനങ്ങള്‍ ഉപയോഗിച്ചു വരുന്നു. പുതുതലമുറയിലെ മൊബീല്‍ നെറ്റ്‌വര്‍ക്ക് ശൃംഖലകളായ 4ജി, 5ജി എന്നിവയുടെ നിര്‍മാണത്തിന് ആഗോള നിലവാരത്തിലുള്ള സാങ്കേതികവിദ്യ അനിവാര്യമാണ്. നിലവില്‍ വാവേയെ കൂടാതെ അവരുടെ എതിരാളികളായ നോക്കിയ, എറിക്‌സണ്‍ എന്നി കമ്പനികളാണ് ഇതു നല്‍കിവരുന്നത്. ഡാറ്റാ ട്രാന്‍സ്മിഷന്‍ മുതല്‍ നെറ്റ്‌വര്‍ക്ക് ട്രാഫിക് മാനേജ്‌മെന്റ് തലത്തില്‍ 69,000 പേറ്റന്റുകള്‍ വാവേ ആഗോളതലത്തില്‍ വിവിധ കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതില്‍ 57 ശതമാനം ചൈനയിലാണ്. വാവേയുടെ പേറ്റന്റ് വിപണിയില്‍ രണ്ടാം സ്ഥാനത്ത് അമേരിക്കയാണ് (18%).

പേറ്റന്റ് തര്‍ക്കങ്ങള്‍ ടെക്‌നോളജി ലോകത്ത് പുതിയ കാര്യമല്ല. വന്‍കിട കമ്പനികളായ ആപ്പിളും ക്വാള്‍ക്വോമും തമ്മിലും വാവേയുടെ എതിരാളികളായ നോക്കിയയും ആപ്പിളും തമ്മിലും വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ തര്‍ക്കങ്ങള്‍ക്ക് ലോകം സാക്ഷിയായിട്ടുണ്ട്. അമേരിക്കന്‍ കമ്പനികള്‍ക്കെതിരെ വാവേ ഇതുവരെ നിയമനടപടികള്‍ക്കൊരുങ്ങിയിട്ടില്ല. വാവേക്കെതിരെയുള്ള അമേരിക്കന്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വെരിസോണിനെതിരെ റോയല്‍റ്റി ആവശ്യപ്പെട്ടിരിക്കുന്നത്. നിരോധനത്തെ പ്രതിരോധിക്കാനുള്ള ആദ്യപടി മാത്രമാകുമിതെന്നും വിലയിരുത്തലുകളുണ്ട്.

Comments

comments

Categories: FK News
Tags: huawei

Related Articles