ആരോഗ്യരംഗത്തെ പരിതാപകരമായ അവസ്ഥ

ആരോഗ്യരംഗത്തെ പരിതാപകരമായ അവസ്ഥ

മൂന്നാഴ്ച്ചയ്ക്കുള്ളില്‍ 145 കുഞ്ഞുങ്ങള്‍ ബിഹാറില്‍ മരിച്ചിട്ടും അതിന്റെ ഗൗരവം ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ഭരണസംവിധാനങ്ങള്‍ സമൂഹത്തിന് തന്നെ ബാധ്യതയാണ്. മുന്‍ഗണനകള്‍ തിരിച്ചറിയാനുള്ള ശേഷിയാണ് ഒരു ഭരണാധികാരിക്ക് ഏറ്റവും അടിസ്ഥാനമായി വേണ്ടത്

വന്‍ശക്തി ആകാന്‍ വെമ്പല്‍ കൊള്ളുന്ന ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് മൂന്നാഴ്ച്ചയ്ക്കുള്ളില്‍ മരിച്ചത് 145 കുട്ടികളാണ്. മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികള്‍ കൂട്ടത്തോടെ മരിക്കാനിടയായ സംഭവത്തില്‍, ഒടുവില്‍ ഇന്നലെ സുപ്രീം കോടതയും ആശങ്ക രേഖപ്പെടുത്തി. രോഗം നിയന്ത്രിക്കാന്‍ എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് വ്യക്തമാക്കാന്‍ ബിഹാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് കോടതി. അതിഭയാനകമായ ആരോഗ്യ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ് ബിഹാര്‍. അത് ഉള്‍ക്കൊള്ളാന്‍ ബിഹാറും ഒരു രാജ്യമെന്ന നിലയില്‍ നമ്മളും വൈകി എന്നതുതന്നെയാണ് വസ്തുത.

ജൂണ്‍ ആദ്യവാരം മുതലാണ് കുട്ടികളുടെ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മുസാഫര്‍പൂര്‍ ആയിരുന്നു കേന്ദ്രം. വെസ്റ്റ് ചമ്പാരന്‍, ഈസ്റ്റ ചമ്പാരന്‍, വൈശാലി തുടങ്ങിയ ജില്ലകളിലും മസ്തിഷ്‌കജ്വരം ഭീതിവിതച്ചു.

ബിഹാറിന്റെ പൊതു ആരോഗ്യ സംവിധാനത്തിലെ പാളിച്ചയാണ് ഈ നിര്‍ഭാഗ്യകരമായ സംഭവം തുറന്നുകാട്ടുന്നത്. സംസ്ഥാനത്തെ ഡോക്റ്റര്‍-രോഗി അനുപാതം വളരെയധികം പരിപാതപകരമായ രീതിയിലാണ്. 28,392 പേര്‍ക്ക് ഒരു ഡോക്റ്റര്‍ എന്നതാണ് കണക്ക്. ലോക ആരോഗ്യ സംഘടന പറയുന്നത് 1,000 ജനങ്ങള്‍ക്ക് .62 ഡോക്റ്റര്‍മാര്‍ വേണമെന്നാണ്. ഈ ശരാശരി നിലവാരത്തിലേക്ക് ബിഹാറിന് എത്തണമെങ്കില്‍ ഇനിയും 100 വര്‍ഷമെങ്കിലും എടുക്കേണ്ടി വരും, ഇപ്പോഴത്തെ അവസ്ഥ തുടരുകയാണെങ്കില്‍. പൊതു ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടാതെ എങ്ങനെയാണ് വികസനത്തിന്റെ ചക്രവാളങ്ങളിലേക്ക് സംസ്ഥാനങ്ങള്‍ നടന്നുകയറുകയെന്നത് ചിന്തിക്കണം. പോഷകാഹാരക്കുറവിനും കുപ്രസിദ്ധമാണ് ഇവിടുത്തെ ഗ്രാമങ്ങള്‍ എന്നതും മറന്നുപോകരുത്. ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യത്തില്‍ ഇത്രമാത്രം വീഴ്ച്ച സംഭവിച്ചതെങ്ങനെയെന്ന് പറയാനുള്ള ബാധ്യത അവിടുത്തെ സര്‍ക്കാരിനുണ്ട്.

ഇത്രയും വലിയ ആരോഗ്യപ്രതിസന്ധി ബിജെപി കൂടി ഭരണപങ്കാളിയായി ഇരിക്കുന്ന സംസ്ഥാനത്താണ് നടന്നിരിക്കുന്നത്. ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ സംസ്ഥാനം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയെങ്കിലും വേണ്ടത്ര പ്രാധാന്യം ഇതിന് നല്‍കാന്‍ കേന്ദ്രം തയാറായിട്ടുണ്ടോയെന്നതും ചിന്തിക്കേണ്ടിയിരിക്കുന്നു. മാധ്യമങ്ങളിലാണെങ്കിലും ദേശീയതലത്തിലായാലും പ്രാധാന്യം അര്‍ഹിക്കുന്ന ചര്‍ച്ചാ വിഷയമായി ബിഹാറിലെ ആരോഗ്യ പ്രതിസന്ധി മാറിയില്ല. സര്‍ക്കാരുകളുടെ മുന്‍ഗണനകള്‍ ആരോഗ്യവും വെള്ളവും സുരക്ഷയുമൊന്നും ആയി മാറുന്നില്ലെന്നു വേണം മനസിലാക്കാന്‍. പാര്‍ലമെന്റ് സമ്മേളനത്തില്‍ പോലും ഇതൊന്നും വലിയ വിഷയമാകുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്.

വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ വെള്ളമില്ലാതെ ജനങ്ങള്‍ വീടുകള്‍ പോലും ഉപേക്ഷിച്ചു പോകുന്നു. കാലാവസ്ഥ വ്യതിയാനവും വരള്‍ച്ചയും ആരോഗ്യവുമൊന്നും നമ്മുടെ രാഷ്ട്രീയത്തെ ബാധിക്കുന്ന മുഖ്യപ്രശ്‌നങ്ങളായി മാറാത്തത് എന്തുകൊണ്ടാണെന്ന് പഠനവിധേയമാക്കേണ്ടതുണ്ട്. ജനങ്ങളുടെ പൊതുവികാരങ്ങള്‍ക്കനുസരിച്ചുള്ള വിഷയങ്ങളിലാണ് പാര്‍ട്ടികള്‍ എപ്പോഴും ശ്രദ്ധവെക്കുന്നത്. അതിലപ്പുറമുള്ള കാര്യങ്ങളിലൊന്നും ആഴത്തിലുള്ള ശ്രദ്ധ പതിയുന്നില്ല. എപ്പോഴും വികസനമന്ത്രം ഉരുവിടുന്ന ഭരണാധികാരികള്‍ വികസനത്തിന്റെ അടിസ്ഥാനം എന്താണെന്ന് മനസിലാക്കി, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചാല്‍ മാത്രമേ സുസ്ഥിരമായ ക്ഷേമം ജനങ്ങള്‍ക്കുണ്ടാകൂ. വികസനത്തിന്റെയും പുരോഗതിയുടെയും അടിത്തറ പ്രകൃതിയും ആരോഗ്യവും വിദ്യാഭ്യാസവുമാണ്. ഇവ മൂന്നിലും ശ്രദ്ധയൂന്നിക്കൊണ്ടുള്ള പദ്ധതികള്‍ നടപ്പാക്കാതെ ഒരു സമൂഹവും ഉന്നതിയിലെത്തിയിട്ടില്ല. നെതര്‍ലന്‍ഡ്‌സ് പോലുള്ള കൊച്ചുരാജ്യം വറുതിയുടെ നാളുകളില്‍ നിന്ന് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ഷിക കയറ്റുമതി രാജ്യമായി മാറിയ ചരിത്രപാഠങ്ങള്‍ നമുക്ക് മുന്നിലുണ്ട്. എന്താണ് ഭരണനിര്‍വഹണത്തിലെ മുന്‍ഗണനകള്‍ എന്ന് മനസിലാക്കുകയാണ് നമ്മുടെ നേതാക്കള്‍ ആദ്യം ചെയ്യേണ്ടത്. എങ്കില്‍ മാത്രമേ മുന്നോട്ടുള്ള യാത്ര അര്‍ത്ഥവത്താകൂ.

Categories: Editorial, Slider