2022 ല്‍ ഫ്‌ളിപ്കാർട്ടിനെ യുഎസ് വിപണിയില്‍ ലിസ്റ്റ് ചെയ്യും

2022 ല്‍ ഫ്‌ളിപ്കാർട്ടിനെ യുഎസ് വിപണിയില്‍ ലിസ്റ്റ് ചെയ്യും

അച്ചടക്കം വര്‍ധിപ്പിക്കാനും ലാഭം ഉയര്‍ത്താനുമുള്ള നടപടികള്‍ അടുത്ത രണ്ട് വര്‍ഷത്തില്‍ കൈക്കൊള്ളണം

മുംബൈ: വാള്‍മാര്‍ട്ട് ഏറ്റെടുത്ത ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വമ്പനായ ഫഌപ്കാര്‍ട്ടിനെ 2022 ല്‍ യുസ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ തീരുമാനമായി. യുഎസിലെ ബെന്റണ്‍വില്ലെയില്‍ ചേര്‍ന്ന കമ്പനി ബോര്‍ഡ് യോഗത്തിലാണ് യുഎസ് ഓഹരി വിപണിയില്‍ പ്രവേശനം സംബന്ധിച്ച തീരുമാനമുണ്ടായത്. വാള്‍മാര്‍ട്ടിന്റെ വാര്‍ഷിക യോഗത്തോടനുബന്ധമായാണ് ഫഌപ്കാര്‍ട്ടിന്റെ ബോര്‍ഡ് യോഗവും ചേര്‍ന്നത്. പ്രാഥമിക ഓഹരി ലിസ്റ്റിംഗിനെ കുറിച്ചുള്ള തീരുമാനങ്ങള്‍ ഫഌപ്കാര്‍ട്ട് ഗ്രൂപ്പ് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി മുതിര്‍ന്ന വൈസ് പ്രസിഡന്റുമാരെ അറിയിച്ചു കഴിഞ്ഞു. കമ്പനിയിലെ അച്ചടക്കം വര്‍ധിപ്പിക്കാനും ലാഭം ഉയര്‍ത്താനുമുള്ള നടപടികള്‍ അടുത്ത രണ്ട് വര്‍ഷത്തില്‍ കൈക്കൊള്ളണമെന്നാണ് കൃഷ്ണമൂര്‍ത്തി നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഫഌപ്കാര്‍ട്ടിന്റെ 77% ഓഹരികളാണ് വാള്‍മാര്‍ട്ടിന്റെ കൈവശമുള്ളത്. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ ഇന്ത്യയിലെ കമ്പനിയെ പൂര്‍ണമായോ ഭാഗികമായോ കൈയൊഴിയാനാണ് യുഎസ് കമ്പനിയുടെ ശ്രമമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഫഌപ്കാര്‍ട്ടിനെ റെക്കോഡ് തുകയ്ക്ക് ഏറ്റെടുത്ത സാഹചര്യത്തില്‍ കമ്പനിയുടെ ആഗോള ലാഭം വലിയതോതില്‍ ഇടിഞ്ഞിട്ടുണ്ട്. ഐപിഒയിലൂടെയുള്ള ധനസമാഹരണം വാള്‍മാര്‍ട്ടിനും ഫഌപ്കാര്‍ട്ടിന്റെ മറ്റ് നിക്ഷേപകരായ ടെന്‍സെന്റ്, ടൈഗര്‍ ഗ്ലോബല്‍ എന്നിവയ്ക്കും കൂടുതല്‍ ആശ്വാസം പകരുമെന്നും കണക്കാക്കപ്പെടുന്നു.

Categories: Business & Economy, Slider
Tags: Flipkart