വേഗനടത്തക്കാരുടെ ആയുസ് വര്‍ധിക്കും

വേഗനടത്തക്കാരുടെ ആയുസ് വര്‍ധിക്കും

വേഗത്തില്‍ നടക്കുന്നവരുടെ ഹൃദയം കരുത്താര്‍ജ്ജിക്കുക മാത്രമല്ല ഇവരുടെ പൊതുആരോഗ്യനിലയും മെച്ചപ്പെട്ടതായിരിക്കും

വേഗത്തിലുള്ള നടത്തം ആളുകളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. 475,000 ആളുകളുടെ നടത്തശീലവും മരണനിരക്കും നിരീക്ഷിച്ച ഗവേഷകരുടെ അഭിപ്രായത്തില്‍, വളരെ സാവധാനത്തില്‍ നടക്കുന്നവരേക്കാള്‍ വേഗത്തില്‍ നടന്ന ആളുകള്‍ കൂടുതല്‍ കാലം ജീവിക്കുന്നു. അവരില്‍ ഭൂരിഭാഗവും പഠനത്തിന്റെ തുടക്കസമയത്ത് 50 വയസ് പിന്നിട്ടവരായിരുന്നു. മണിക്കൂറില്‍ മൂന്നു മൈലോ അല്ലെങ്കില്‍ മിനുറ്റില്‍ 100 ചുവടോ പിന്നിടുക എന്നതിനെയാണ് ”വേഗതയുള്ള നടത്ത”മായി ഗവേഷകര്‍ നിര്‍വചിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ തൂക്കം കൂടിയവര്‍, മെലിഞ്ഞവര്‍ എന്നു വ്യത്യാസമില്ലെന്നതും ശ്രദ്ധേയം. മയോ ക്ലിനിക് പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ബോഡി മാക്‌സ് ഇന്‍ഡക്‌സ് (ബിഎംഐ) ഏതുമാകട്ടെ, വേഗതയാര്‍ന്ന നടത്തം ഉള്ളവര്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുതലാണെന്നു പറയുന്നു.

ബിഎംഐ 20 മുതല്‍ 40 വരെ ഉള്ളവരില്‍ അതിവേഗത്തിലുള്ള കാല്‍നടയാത്രക്കാര്‍ക്ക് അതിജീവനം തുല്യമാണെന്ന് ലീസെസ്റ്റര്‍ സര്‍വകലാശാലയിലെ ക്ലിനിക്കല്‍ എപ്പിഡെമിയോളജിസ്റ്റും പ്രധാനഗവേഷകനുമായ ഡോ. ഫ്രാന്‍സെസ്‌കോ സക്കാര്‍ഡി ചൂണ്ടിക്കാട്ടുന്നു. ബോഡി മാസ് സൂചികയേക്കാള്‍ ദൈര്‍ഘ്യമേറിയതാണ് ശാരീരിക പ്രവര്‍ത്തനം എന്ന് ഈ ഫലം സൂചിപ്പിക്കുന്നു, ഉയര്‍ന്ന ബിഎംഐ ഉള്ളവരും എന്നാല്‍ നല്ല ഫിറ്റ്‌നസ് ഉള്ളവരുമായ ആളുകള്‍ കൂടുതല്‍ കാലം ജീവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേരെമറിച്ച്, സാവധാനം നടക്കുന്ന ബിഎംഐയുടെ എല്ലാ വിഭാഗക്കാരിലും ആയുസ്സ് കുറവാണെന്നും പഠനം വ്യക്തമാക്കുന്നു. വേഗത്തില്‍ നടക്കുന്ന സ്ത്രീകളുടെ ആയുസ് 87 വയസും സാവധാനം നടന്ന സ്ത്രീകളുടേത് 72 വയസുമായി കണക്കാക്കി. വേഗത്തില്‍ നടന്ന പുരുഷന്മാര്‍ക്ക് ഏകദേശം 86 വയസ് വരെയാണ് ആയുസ്സ്. അതായത് സ്ത്രീകള്‍ക്ക് ആയുര്‍ദൈര്‍ഘ്യത്തില്‍ 15 വര്‍ഷത്തെ ശരാശരി വ്യത്യാസവും പുരുഷന്മാര്‍ക്ക് 20 വര്‍ഷത്തെ ശരാശരി വ്യത്യാസവുമാണ് വരുന്നത്.

വേഗത്തിലുള്ള നടപ്പ് ശീലമാക്കുന്നത്, തീവ്രത കുറഞ്ഞ കാര്‍ഡിയോ വ്യായാമത്തിനു തുല്യമാണ്. അത് ഹൃദയത്തെ ശക്തിപ്പെടുത്തുന്നു. അതിനാല്‍, അമിതഭാരമുള്ളവരിലും വേഗത്തിലുള്ള നടത്തം ശരീരത്തെയും ആയുര്‍ദൈര്‍ഘ്യത്തെയും നല്ല രീതിയില്‍ സ്വാധീനിക്കുന്നുവെന്നര്‍ത്ഥം. വേഗത്തില്‍ നടക്കുന്നത് അമിതവണ്ണം തടയാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് അമിതഭാരം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് ഹൃദയസംബന്ധമായ ശാരീരികക്ഷമതയ്ക്ക് പരിരക്ഷ നല്‍കുന്നു. ഈ കണ്ടെത്തലുകള്‍ വേഗതയേറിയ നടത്തം ഹൃദയസംബന്ധമായ രോഗങ്ങള്‍ കുറയ്ക്കുമെന്ന് കാണിക്കുന്ന മറ്റ് പഠനങ്ങളുമായി പൊരുത്തപ്പെടുന്നു. അതേസമയം, കുറഞ്ഞ ഭാരമുള്ളവര്‍ക്കാണ് കുറഞ്ഞ ആയുര്‍ദൈര്‍ഘ്യമെന്ന് പഠനം വ്യക്തമാക്കുന്നു. ബിഎംഐ 20ല്‍ താഴെയുള്ള പുരുഷന്മാരും സ്ത്രീകളും സാധാരണയില്‍ കുറഞ്ഞ ഭാരമുള്ളവരാണ്. എങ്കിലും ഇക്കൂട്ടരും അതിവേഗനടത്തത്തിന്റെ പ്രയോജനം നേടിയതായി പഠനം പറയുന്നു.

വേഗതയുള്ള നടത്തം എന്നത് ദീര്‍ഘായുസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു, കാരണം വേഗതയുള്ള നടത്തം ഹൃദയാരോഗ്യത്തിന്റെ വ്യക്തമായ സൂചകമാണ്, അതുപോലെ തന്നെ രോഗങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യം, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് പോലുള്ള രോഗങ്ങളില്‍ നിന്നുള്ള മോചനം എന്നിവയും വേഗനടത്തം സാധ്യമാക്കുമെന്ന് ഓണ്‍ലൈന്‍ ഫാര്‍മസി മെഡ്എക്സ്പ്രസ്സിലെ ഉപദേഷ്ടാവ് ഡോ. ക്ലെയര്‍ മോറിസണ്‍ വ്യക്തമാക്കുന്നു. മെലിഞ്ഞവര്‍ക്ക് ഇത് കൂടുതല്‍ പ്രയോജനകരമാകുന്നതിനു കാരണം അത്തരക്കാരില്‍ കടുത്ത ക്ഷീണവും പോഷകാഹാരക്കുറവും അനുഭവിക്കുന്നുണ്ടെന്ന വസ്തുതയാണ്, നല്ല ശാരീരിക പ്രവര്‍ത്തനം പ്രധാനമായും ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുന്നുണ്ടാകാം. എന്നാല്‍ മറ്റുള്ളവര്‍ സ്വാഭാവികമായി മെലിഞ്ഞവരും ആരോഗ്യമുള്ളവരുമാണ്.

കഠിനമായ വ്യായാമം സ്വാഭാവികമായും ആരോഗ്യം പ്രദാനം ചെയ്യുമെന്ന് എല്ലാവര്‍ക്കുമറിയാം. സാധാരണ നടക്കുന്നതിനേക്കാള്‍ വേഗത്തില്‍ നടന്നാല്‍ അത് ആരോഗ്യത്തിന് കൂടുതല്‍ പ്രയോജനം ചെയ്യും. അതേ സമയം നിങ്ങള്‍ പൊതുവെ ആരോഗ്യവാനാണെങ്കില്‍, ശരീരത്തിന് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുകയും കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുകയും ചെയ്യും. കയറ്റത്തില്‍ വേഗത്തില്‍ നടക്കുന്നത് വ്യായാമത്തെ കൂടുതല്‍ ഫലപ്രദമാക്കും. ഇത് അമിത കൊഴുപ്പ് എരിച്ചു കളയുകയും ശരീരത്തിന്റെ ഉപാപചയപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും ചെയ്യും. നടത്തം സ്ത്രീകളില്‍ ഗുണപരമായ മാറ്റം വരുത്തും. ഇത് ആയുര്‍ദൈര്‍ഘ്യത്തില്‍ ചെറുതെങ്കിലും സ്ഥിരതയാര്‍ന്ന വ്യത്യാസങ്ങള്‍ ഉണ്ടാക്കിയെന്നും ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: Health
Tags: Fast Walk