മൂന്നാം തലമുറ ഡസ്റ്റര്‍ പെട്രോള്‍ വേരിയന്റുകളില്‍ മാത്രം പുറത്തിറക്കും

മൂന്നാം തലമുറ ഡസ്റ്റര്‍ പെട്രോള്‍ വേരിയന്റുകളില്‍ മാത്രം പുറത്തിറക്കും

2020 ഏപ്രില്‍ ഒന്നിന് ബിഎസ് 6 പ്രാബല്യത്തിലാവുകയാണ്. ഇതോടെ പെട്രോള്‍ എന്‍ജിന്‍ വാഹനങ്ങള്‍ മാത്രം പുറത്തിറക്കാനാണ് റെനോയുടെ പദ്ധതി

ന്യൂഡെല്‍ഹി : മൂന്നാം തലമുറ റെനോ ഡസ്റ്റര്‍ ഇന്ത്യയില്‍ പെട്രോള്‍ വേരിയന്റുകളില്‍ മാത്രമായിരിക്കും വില്‍ക്കുന്നത്. നിലവില്‍ ഇന്ത്യയ്ക്കു പുറത്തെ വിപണികളില്‍ വില്‍ക്കുന്ന രണ്ടാം തലമുറ ഡസ്റ്റര്‍ (രണ്ടാം തലമുറ ഡസ്റ്റര്‍ ഇന്ത്യയില്‍ വരുന്നില്ല) പെട്രോള്‍ എന്‍ജിനുകള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. 1.2 ലിറ്റര്‍/1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.6 ലിറ്റര്‍ ഇന്‍-ലൈന്‍ 4 സിലിണ്ടര്‍ പെട്രോള്‍ എന്നീ എന്‍ജിനുകള്‍. ഇന്ത്യയില്‍ നിലവില്‍ വില്‍ക്കുന്ന ഡസ്റ്റര്‍ 1.5 ലിറ്റര്‍ എച്ച്4കെ പെട്രോള്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. 2023 ലായിരിക്കും മൂന്നാം തലമുറ ഡസ്റ്റര്‍ വിപണിയിലെത്തുന്നത്.

2020 ഏപ്രില്‍ ഒന്നിന് ഇന്ത്യയില്‍ ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാവുകയാണ്. ഇതോടെ പെട്രോള്‍ എന്‍ജിന്‍ വാഹനങ്ങള്‍ മാത്രം പുറത്തിറക്കാനാണ് റെനോയുടെ പദ്ധതി. ഇതിന്റെ ഭാഗമായാണ് ഡസ്റ്ററിന്റെ പെട്രോള്‍ വേരിയന്റുകള്‍ മാത്രം വിപണിയിലെത്തിക്കാന്‍ ആലോചിക്കുന്നത്. ഇതേതുടര്‍ന്ന് വിവിധ മോഡലുകളുടെ ഹൈബ്രിഡ്, ഫുള്ളി ഇലക്ട്രിക് പതിപ്പുകളും വിപണിയിലെത്തിക്കും.

രണ്ടാം തലമുറ ഡസ്റ്റര്‍ ഇന്ത്യയിലെത്തിക്കുന്നതിന് പകരം ഡസ്റ്ററില്‍ രണ്ടാമത്തെ സമഗ്ര ഫേസ്‌ലിഫ്റ്റ് നടത്തി ഈ വര്‍ഷത്തെ ദീപാവലി നാളുകളില്‍ പുറത്തിറക്കും. ഡിമാന്‍ഡ് ഉണ്ടെന്ന് തോന്നുന്ന പക്ഷം, ഇന്ത്യയ്ക്കു പുറത്തെ മറ്റ് ചില വിപണികളില്‍ ഡീസല്‍ എന്‍ജിനുകള്‍ നല്‍കി മൂന്നാം തലമുറ ഡസ്റ്റര്‍ അവതരിപ്പിക്കും. യൂറോപ്പില്‍ വില്‍ക്കുന്നതിനായി മൂന്നാം തലമുറ ഡസ്റ്ററിന്റെ ഇലക്ട്രിക് വേര്‍ഷന്‍ ഒരുപക്ഷേ വികസിപ്പിച്ചേക്കാം. ഇന്ത്യ കൂടാതെ ബ്രസീല്‍, കൊളംബിയ, റഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ മൂന്നാം തലമുറ ഡസ്റ്റര്‍ നിര്‍മ്മിക്കും. 2021 ഓടെ ഇന്ത്യയില്‍ വില്‍പ്പന ഇരട്ടിയാക്കുകയാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളുടെ ലക്ഷ്യം.

Comments

comments

Categories: Auto