ഇന്ത്യയെ ഒഴിവാക്കി ആര്‍സിഇപി നടപ്പാക്കാന്‍ ചൈന

ഇന്ത്യയെ ഒഴിവാക്കി ആര്‍സിഇപി നടപ്പാക്കാന്‍ ചൈന
  • ഇന്ത്യയെക്കൂടാതെ സാമ്പത്തിക കരാര്‍ നടപ്പാക്കാന്‍ തയാറെന്ന് മലേഷ്യ
  • ആരെയും ഒഴിവാക്കി കരാര്‍ മുന്നോട്ടു കൊണ്ടുപോകാനില്ലെന്ന് ഇന്തോനേഷ്യ
  • 90% ഉല്‍പ്പന്നങ്ങളുടെ തീരുവ ഒഴിവാക്കണമെന്ന നിര്‍ദേശത്തോട് ഇന്ത്യക്ക് വിയോജിപ്പ്

ന്യൂഡെല്‍ഹി: ഇന്ത്യയെയും ഓസ്‌ട്രേലിയയെയും ന്യൂസിലന്‍ഡിനെയും ഒഴിവാക്കി ഏഷ്യ പസഫിക് വാണിജ്യ കരാര്‍ നടപ്പാക്കാന്‍ ചൈന ശ്രമമാരംഭിച്ചു. കരാറിന്റെ ഭാഗമായ രാജ്യങ്ങളുടെ ചൈന സമ്മര്‍ദ്ദം ആരംഭിച്ചെന്ന സൂചനകളാണ് പുറത്തു വരുന്നത്. തല്‍ക്കാലം ഇന്ത്യയെ കൂടാതെ കരാറുമായി മുന്നോട്ടു പോകാന്‍ തയാറാണെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് പ്രഖ്യാപിച്ചു. ചൈനയുമായി അടുത്തു നില്‍ക്കുന്ന മലേഷ്യയുടെ പ്രതികരണം ഷി ജിന്‍ പിംഗ് സര്‍ക്കാരിന്റെ ഇടപെടലുകളുടെ സൂചന നല്‍കുന്നതാണ്. അതേസമയം ഇന്ത്യയടക്കം ആരെയും ഒഴിവാക്കി കരാറുമായി മുന്നോട്ടു പോകുന്നതിനോട് യോജിപ്പില്ലെന്ന് വ്യക്തമാക്കി ഇന്തോനേഷ്യയും രംഗത്തെത്തി. സഖ്യത്തിലെ 16 രാജ്യങ്ങളും കരാറിന്റെ ഭാഗമായിരിക്കണമെന്നാണ് തന്റെ നിലപാടെന്നും ഇക്കാര്യം മലേഷ്യന്‍ വാണിജ്യ മന്ത്രിയെ അറിയിച്ചെന്നും ഇന്തോനേഷ്യന്‍ വാണിജ്യമന്ത്രി എന്‍ഗാര്‍ടിയാസ്‌റ്റോ ലുക്കീത വ്യക്തമാക്കി.

ലോകത്തെ തന്നെ ഏറ്റവും വലിയ വാണിജ്യ സഹകരണ കരാറായി മാറുമെന്ന് കരുതപ്പെടുന്ന റീജണല്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ട്ണര്‍ഷിപ്പ് (ആര്‍സിഇപി) അതിവേഗം യാഥാര്‍ത്ഥ്യമാക്കാനാണ് ചൈനയ്ക്ക് താല്‍പ്പര്യം. യുഎസുമായി നടക്കുന്ന വാണിജ്യ യുദ്ധത്തിന്റെ കെടുതികള്‍ ഇതിലൂടെ പരിഹരിക്കാമെന്ന് ബെയ്ജിംഗ് വിലയിരുത്തുന്നു. ഒപ്പം മുഖ്യ സാമ്പത്തിക, രാഷ്ട്രീയ പ്രതിയോഗികളായ ഇന്ത്യയെയും ഓസ്‌ട്രേലിയയെയും ഒഴിച്ചു നിര്‍ത്താനായാല്‍ ഇരട്ടി നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇന്തോനേഷ്യയടക്കം എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ ചൈനയുടെ പദ്ധതി വിജയം കാണാന്‍ സാധ്യതയില്ല. വന്‍ സാമ്പത്തിക വളര്‍ച്ച നേടുന്ന ഇന്ത്യന്‍ വിപണിയെ സഖ്യത്തില്‍ നിന്ന് ഒഴിവാക്കുന്നത് നഷ്ടമാകുമെന്നാണ് അംഗരാജ്യങ്ങള്‍ വിലയിരുത്തുന്നത്.

10 ആസിയാന്‍ രാഷ്ട്രങ്ങളും അവയുടെ സുപ്രധാന വാണിജ്യ പങ്കാളികളായ ചൈന, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ ആറ് രാഷ്ട്രങ്ങളും ചേരുന്നതാണ് നിര്‍ദ്ദിഷ്ട ആര്‍സിഇപി. ആഗോള വ്യാപാരത്തിന്റെ 30 ശതമാനവും ലോക ജിഡിപിയുടെ 25 ശതമാനവും സമ്മേളിക്കുന്ന വ്യാപാര സഖ്യമായിരിക്കും ഇത്. 2013 മുതല്‍ സ്വതന്ത്ര വാണിജ്യ കരാറിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 90 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും ഇറക്കുമതി നികുതി ഒഴിവാക്കണമെന്നതടക്കമുള്ള കരാര്‍ നിര്‍ദേശങ്ങളോട് ഇന്ത്യയും ഓസ്‌ട്രേലിയയും മറ്റും വിയോജിച്ചു നില്‍ക്കുന്നതാണ് കരാറിന് തടസമായിരിക്കുന്നത്. ഈ നിബന്ധനകള്‍ നടപ്പായാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങളും കുത്തൊഴുക്ക് തന്നെയുണ്ടാവുമെന്നും ആഭ്യന്തര ഉല്‍പ്പാദന മേഖല തകര്‍ന്നടിയുമെന്നും ഇന്ത്യ കണക്കുകൂട്ടുന്നു. 2019 അവസാനത്തോടെ ആര്‍സിഇപിയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കരാര്‍ യാഥാര്‍ത്ഥ്യമാക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

Categories: FK News, Slider
Tags: india -china