വ്യവസായ ഉത്പാദന മേഖലയിലെ ഭീമന്‍: ചൈന

വ്യവസായ ഉത്പാദന മേഖലയിലെ ഭീമന്‍: ചൈന

വ്യാവസായിക ഉല്‍പ്പാദനത്തില്‍, പ്രത്യേകിച്ച് സാങ്കേതിക മേഖലയിലെ നിര്‍മാണത്തില്‍ ഒട്ടും തളര്‍ച്ചയില്ലാതെ ലോകവിപണികള്‍ പിടിച്ച് മുന്നോട്ടു കുതിക്കുകയാണ് ചൈന. തീരുവ വര്‍ദ്ധനവിലൂടെ ഈ മേല്‍ക്കോയ്മയ്ക്ക് തടയിടാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രമിക്കുന്നുണ്ടെങ്കിലും ഏഷ്യന്‍ വമ്പന്റെ അപ്രമാദിത്യത്തിന് കോട്ടം തട്ടിയിട്ടില്ലെന്ന് വ്യക്തം

ലോകത്തിന്റെ ഫാക്ടറി എന്നാണ് ചൈന അറിയപ്പെടുന്നത്. യുഎസ് ടെക്‌നോളജി വമ്പനായ ആപ്പിള്‍ കംപ്യൂട്ടേഴ്‌സ് പോലും തങ്ങളുടെ മഹത്തരമായ ഐഫോണുകള്‍ ഭൂരിഭാഗവും നിര്‍മ്മിക്കുന്നത് ചൈനയിലെ ഷെങ്ങ്‌ഷോയിലാണ് (ചൈനീസ് ആഭ്യന്തര വിപണിയിലെ തളര്‍ച്ചക്ക് ശേഷം ഉല്‍പ്പാദന ശാലകള്‍ കമ്പനി ഇന്ത്യയിലേക്കും മറ്റും അടുത്തിടെ മാറ്റുന്നുണ്ട്). 3,50,000 തൊഴിലാളികള്‍ ഈ ഫാക്ടറികളില്‍ ജോലി ചെയ്യുന്നു. ഒരു മിനുട്ടില്‍ 350 ഐഫോണുകളാണ് ചൈന നിര്‍മിക്കുന്നത്. നിര്‍മ്മാണ തൊഴിലാളികളില്‍ അധികവും കുടിയേറിയെത്തിയവരാണ്.

ഉത്പാദനമേഖലകളിലെ ചൈനീസ് മേല്‍ക്കോയ്മയ്ക്ക് തടയിടാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുവ വര്‍ദ്ധനവിലൂടെ ശ്രമിക്കുന്നുണ്ടെങ്കിലും ഏഷ്യന്‍ വമ്പന്റെ അപ്രമാദിത്യത്തിന് കോട്ടം തട്ടിയിട്ടില്ല. കംപ്യൂട്ടര്‍ ഉല്‍പ്പാദനത്തില്‍ ലോകത്തിന്റെ രാജാവാണ് ചൈന. 2013 ല്‍ ചൈനയുടെ ലെനോവ, യുഎസ് ബഹുരാഷ്ട്ര കംപ്യൂട്ടര്‍ നിര്‍മാതാക്കളായ എച്ച്പിയെ പിന്തള്ളി മുന്നിലെത്തി (2017 ല്‍ എച്ച്പി വീണ്ടും മുന്നിലെത്തിയെന്നത് വസ്തുതയാണ്).
ആഗോള കംപ്യൂട്ടര്‍ കയറ്റുമതിയില്‍ 40.9% വിഹിതവും ചൈനയുടേതാണ്. 142.3 ബില്യണ്‍ ഡോളര്‍ വിദേശ നാണ്യമാണ് കംപ്യൂട്ടര്‍ അനുബന്ധ വാണിജ്യത്തിലൂടെ ചൈന നേടിയത്.

മൊബീല്‍ ഫോണ്‍ വിഭാഗത്തിലാവട്ടെ 219.4 ബില്യണ്‍ ഡോളര്‍ ആഗോള വില്‍പ്പനയാണ് ചൈന കൈവരിച്ചത്. സൗരോര്‍ജ ബാറ്ററികളുടെയും പാനലുകളുടെയും ഉത്പാദനത്തിലും മുടിചൂടാ മന്നനാണ് ചൈന. ഈ വിഭാഗത്തില്‍ നേടിയ കയറ്റുമതി വരുമാനം 26.8 ബില്യണ്‍ ഡോളര്‍. പ്രതിവര്‍ഷം അവര്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുന്നത് 13.1 ബില്യണ്‍ എയര്‍ കണ്ടീഷണറുകളാണ് (2016 ലെ കണക്ക്). ആഗോള എയര്‍ കണ്ടീഷണര്‍ കയറ്റുമതിയുടെ 31% വരും ഇത്.

നൈക്കി, അഡിഡാസ് തുടങ്ങി ആഗോള പ്രശസ്തമായ ഷൂ ബ്രാന്‍ഡുകള്‍ ഇന്ന് ചൈനയിലെ ഫാക്ടറികളിലാണ് നിര്‍മ്മിക്കുന്നത്. തടസങ്ങളില്ലാതെ കുറഞ്ഞ ചെലവില്‍ ഉത്പാദന സൂഷ്മതയോടെ നിര്‍മ്മാണം നടത്താന്‍ പറ്റിയ സ്ഥലം ചൈനയാണെന്ന കാഴ്ചപ്പാടാണ് നിലനില്‍ക്കുന്നത്. റബ്ബര്‍, പ്ലാസ്റ്റിക് ചെരിപ്പുകളും ഷൂസുകളും കയറ്റുമതി ചെയ്ത് ചൈന നേടുന്നത് 21.6 ബില്യണ്‍ ഡോളറാണ് (ഒരു ബില്യണ്‍ ഡോളര്‍ ഏകദേശം 7,200 കോടി രൂപ). സിമന്റ് ഉത്പാദന രംഗത്തും ഒന്നാം സ്ഥാനം ചൈനയ്ക്കാണ്. വൈദ്യുതി ക്ഷമതയുള്ള ബള്‍ബുകളുടെ 80 ശതമാനവും നിര്‍മ്മിച്ച് ചൈന മുന്നിലുണ്ട്. കപ്പല്‍ നിര്‍മ്മാണത്തിലും കൊറിയയെ പിന്നിലാക്കി അടുത്തിടെ മുന്നിലെത്തിയ ചൈനയ്ക്ക് ഇന്ന് 34% വിപണി പങ്കാളിത്തമുണ്ട്. വസ്ത്രകയറ്റുമതിയിലൂടെ നേടിയത് 161 ബില്യണ്‍ ഡോളറാണ് (ലോക വ്യാപാര സംഘടനയുടെ കണക്കുകള്‍). വസ്ത്രത്തില്‍ 30% ലോകവിപണി കൈപ്പിടിയില്‍ ഒതുക്കി ചൈന ഒന്നാം സ്ഥാനത്താണ്. മാനുഫാക്ചറിങ്ങ് മേഖല കൈവരിച്ച മത്സരക്ഷമതയും ഉത്പാദനക്ഷമതയും കൊണ്ട്, ഇന്ന് ലോകത്തിലെ ഏറ്റഴും വലിയ കയറ്റുമതി രാജ്യം എന്ന ഖ്യാതിയും ഇന്ത്യയുടെ അത്ര നല്ലവനല്ലാത്ത അയല്‍ രാജ്യത്തിന് തന്നെ.

അതേസമയം ആഗോള ഇറക്കുമതിയില്‍ മൂന്നാം സ്ഥാനത്താണ് ചൈന. 2,352 ബില്യണ്‍ ഡോളര്‍ ഇറക്കുമതിയുമായി അമേരിക്ക ഒന്നാമതും 1,895 ബില്യണ്‍ ഡോളറുമായി യൂറോപ്യന്‍ യൂണിയന്‍ രണ്ടാമതുണ്ട്. ചൈനയുടെ ആഗോള ഇറക്കുമതി 1,731 ബില്യണ്‍ ഡോളറാണ്. വിദേശ വ്യാപാരത്തില്‍ (കയറ്റുമതിയും ഇറക്കുമതിയും ചേരുന്നത്) 9.7% വര്‍ധനയോടെ, 2018 ല്‍ ചൈനയുടെ ആധിപത്യം എല്ലാ മേഖലകളിലും പ്രതിഫലിക്കുന്നു. 4,500 ബില്യണ്‍ ഡോളര്‍ മൂല്യത്തോടെ, ആഗോള വ്യാപാരരംഗത്തെ ഒന്നാം സ്ഥാനം ചൈനയ്ക്ക് സ്വന്തമാണ്.

വ്യാപാരം 2018

രാജ്യം കയറ്റുമതി മൂല്യം (ബില്യണ്‍ ഡോളര്‍)

1. ചൈന 2294
2. അമേരിക്ക 1546
3. ജര്‍മ്മനി 1450
4. ജപ്പാന്‍ 698
5. തെക്കന്‍ കൊറിയ 574
6. ഹോങ്കോംഗ് 551
7 ഫ്രാന്‍സ് 5324
8 നെതര്‍ലന്‍ഡ് 510
9 യുകെ (ഇംഗ്ലണ്ട്) 442

Categories: FK Special, Slider