ഛബഹാര്‍ തുറമുഖ വികസനം അനിശ്ചിതത്വത്തില്‍

ഛബഹാര്‍ തുറമുഖ വികസനം അനിശ്ചിതത്വത്തില്‍

അമേരിക്ക ഉപരോധത്തില്‍ ഇളവ് നല്‍കിയിട്ടും തന്ത്രപ്രധാന തുറമുഖത്തിന്റെ വികസനം മുടങ്ങിക്കിടക്കുന്നു

ന്യൂഡെല്‍ഹി: ഇറാന്റെ സിസ്താന്‍-ബലൂച്ചിസ്ഥാന്‍ പ്രവിശ്യയില്‍ ഇന്ത്യ നിര്‍മിക്കുന്ന ഛബഹാര്‍ തുറമുഖത്തിന്റെ ഭാവി അനിശ്ചിതാവസ്ഥയില്‍. ഇറാനുമേല്‍ കഴിഞ്ഞ നവംബറില്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ നിന്ന് പദ്ധതിയെ ഒഴിവാക്കിയിരുന്നുവെങ്കിലും യുഎസ് നടപടി ഭയന്ന് ഉപകരണ വിതരണ കമ്പനികളടക്കം സഹകരിക്കാന്‍ വൈമുഖ്യം കാണിക്കുന്നതാണ് തിരിച്ചടിയാകുന്നത്. ക്രെയ്‌നുകള്‍ വിതരണം ചെയ്യാനുള്ള കരാര്‍ നേടിയ ഫിന്‍ലന്‍ഡ് കമ്പനിയായ കാര്‍ഗോടെക് ഒവൈജെ, ചൈനീസ് ക്രെയ്ന്‍ നിര്‍മാതാക്കളായ ഷാന്‍ഹായ് ഷെന്‍ഹുവ ഹെവി ഇന്‍ഡസ്ട്രീസ് കമ്പനി ലിമിറ്റഡ് എന്നീ കമ്പനികള്‍ ഉപകരണങ്ങളുടെ വിതരണം ഇതുവരെ ആരംഭിച്ചിട്ടില്ല. ഇറാനില്‍ ബിസിനസ് ചെയ്യുന്നതിന് രേഖാമൂലമുള്ള ഉപരോധ ഇളവ് യുഎസില്‍ നിന്നും വേണമെന്നാണ് കമ്പനികള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് തുറമുഖത്തിന്റെ നിര്‍മാണ ചുമതലയുള്ള ഇന്ത്യ പോര്‍ട്ടല്‍സ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡി അരുണ്‍ കുമാര്‍ ഗുപ്ത പറഞ്ഞു. രേഖാമൂലം യുഎസ് ഉപരോധ ഇളവ് പ്രഖ്യാപിക്കാത്തതാണ് തിരിച്ചടിയാവുന്നത്.

യുഎസ് ഉപരോധം ഭയന്ന് സ്വകാര്യ മേഖലയിലെ കമ്പനികളും സഹകരിക്കാന്‍ മുന്നോട്ട് വരുന്നില്ല. കണ്ടെയ്‌നറുകളുടെയും മള്‍ട്ടി പര്‍പ്പസ് ടെര്‍മിനലുകളുടെയും നടത്തിപ്പ്, പ്രവര്‍ത്തനം, മരാമത്ത് പണി തുടങ്ങിയവ ചെയ്യുന്നതിനുള്ള ടെന്‍ഡറിന്റെ നിബന്ധനകളും മാനദണ്ഡങ്ങളും ഇന്ത്യക്ക് മൂന്നാം തവണയും പുതുക്കേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തുറമുഖ വികസനത്തിനായി സര്‍ക്കാര്‍ സാങ്കേതിക ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ പങ്കെടുത്ത അഡാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെക്ഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ്, ജെഎസ്ഡബ്ല്യൂ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, കെ എം ബക്‌സി ഗ്രൂപ്പ് എന്നീ മൂന്നു കമ്പനികളും നിബന്ധനകളിലെ കാര്‍ക്കശ്യം ചൂണ്ടിക്കാട്ടി ഏറ്റെടുത്തിട്ടില്ല.

2016 മേയിലാണ് ഛബഹാര്‍ തുറമുഖ വികസന പദ്ധതിക്കായി ഇന്ത്യ ഇറാനുമായി ധാരണാപത്രം ഒപ്പുവെച്ചത്. ഇതനുസരിച്ച് 85.21 ദശലക്ഷം യുഎസ് ഡോളര്‍ മുതല്‍ മുടക്കിലും 22.95 ദശലക്ഷം ഡോളറിന്റെ വാര്‍ഷിക വരുമാന ചെലവഴിക്കലിലും തുറമുഖത്ത് രണ്ട് ടെര്‍മിനലുകള്‍ സജ്ജമാക്കാനും പ്രവര്‍ത്തിപ്പിക്കാനും പത്ത് വര്‍ഷത്തെ ലീസാണ് ഇന്ത്യക്ക് ലഭ്യമായിരുന്നത്. പാക്കിസ്ഥാനെ ഒഴിവാക്കി അഫ്ഘാനിസ്ഥാന്‍, മധ്യ ഏഷ്യ വിപണികളിലേക്ക് പ്രവേശനം ലഭിക്കുമെന്നതിനാല്‍ ഇന്ത്യയെ സംബന്ധിച്ച് ഛബഹാര്‍ തുറമുഖ നിര്‍മാണത്തിന് തന്ത്രപരമായ പ്രാധാന്യമാണുള്ളത്. ഇറാനെയും അഫ്ഘാനിസ്ഥാനെയും ബന്ധിപ്പിക്കുന്ന ഒരു റെയ്ല്‍ പാതയും ഇന്ത്യ നിര്‍മിക്കുന്നുണ്ട്.

Categories: FK News, Slider