ലിബ്രയുടെ പ്രഖ്യാപനത്തോടെ ബിറ്റ്‌കോയിന്‍ മൂല്യം 11,000 ഡോളര്‍ കടന്നു

ലിബ്രയുടെ പ്രഖ്യാപനത്തോടെ ബിറ്റ്‌കോയിന്‍ മൂല്യം 11,000 ഡോളര്‍ കടന്നു
  •  15 മാസത്തെ ഏറ്റവും ഉയര്‍ന്ന മൂല്യം
  •  നടപ്പുവര്‍ഷം 170 ശതമാനത്തോളം ഉയര്‍ച്ച

ന്യൂയോര്‍ക്ക്: ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന ഡിജിറ്റല്‍ നാണയമായ ബിറ്റ്‌കോയിനിന്റെ മൂല്യം 11,000 ഡോളര്‍ കടന്നു. കഴിഞ്ഞ പതിനഞ്ച് മാസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അടുത്തിടെ ഫേസ്ബുക്ക് ലിബ്ര എന്ന പേരില്‍ പുതിയ ക്രിപ്‌റ്റോകറന്‍സി പുറത്തിറക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്നാണ് ബിറ്റ്‌കോയിന്‍ മൂല്യത്തില്‍ ഇത്രയധികം ഉയര്‍ച്ച രേഖപ്പെടുത്തിയതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ഹോംഗ്‌കോംഗ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ 11,307.69 നിരക്കിലാണ് ഇന്നലെ രാവിലെ ബിറ്റ്‌കോയിന്‍ വിനിമയം നടന്നതെന്ന് കോയിന്‍ഡെസ്‌ക്കിന്റെ ബിറ്റ്‌കോയിന്‍ നിരക്ക് സൂചിക സൂചിപ്പിക്കുന്നു. രണ്ടു ദിവസം മുമ്പത്തെ മൂല്യത്തേക്കാള്‍ 13 ശതമാനം കൂടുതലാണിത്. 2018 മാര്‍ച്ച് 5 ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തോതിലുള്ള നിരക്കിലാണിപ്പോള്‍ ബിറ്റ്‌കോയിന്‍. ഇതുവരെയുള്ളതില്‍ വെച്ച് ബിറ്റ്‌കോയിനിന്റെ ഏറ്റവും ഉയര്‍ന്ന വിനിമയ മൂല്യം രേഖപ്പെടുത്തിയത് 2017 ഡിസംബറിലാണ്, 19,000 ഡോളറായിരുന്നു അന്നത്തെ മൂല്യം.

കഴിഞ്ഞ വര്‍ഷം പൊതുവെ മാന്ദ്യത്തിലായിരുന്ന ക്രിപ്‌റ്റോകറന്‍സി ഈ വര്‍ഷം ആദ്യത്തോടെ 3000 ഡോളറിലേക്കു വരെ കൂപ്പുകുത്തിയിരുന്നു. എന്നാല്‍ ഫെബ്രുവരി മാസം അവസാനിക്കുമ്പോഴേക്കും ബിറ്റ്‌കോയിനില്‍ നേരിയ ഉണര്‍വ് കണ്ടുതുടങ്ങി. പല പ്രമുഖ കമ്പനികളും ക്രിപ്‌റ്റോകറന്‍സി അടിസ്ഥാനത്തിലുള്ള പ്രോജക്റ്റുകള്‍ പ്രഖ്യാപിച്ചതോടെയായിരുന്നു മൂല്യം ഉയര്‍ന്നത്. സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന അമേരിക്കയിലെ പ്രമുഖ കമ്പനിയായ ഫിഡലിറ്റി ഇന്‍വെസ്റ്റ്‌മെന്റ്‌സ് ക്രിപ്‌റ്റോകറന്‍സി അടിസ്ഥാനത്തിലുള്ള കമ്പനി തുടങ്ങുകയും ഇക്കഴിഞ്ഞ മാര്‍ച്ചോടെ വ്യാപാരം തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ ബിറ്റ്‌കോയിനിന്റെ മൂല്യം കുതിച്ചുയരാന്‍ ഇടയാക്കിയത് ഫേസ്ബുക്കിന്റെ ലിബ്ര ക്രിപ്‌റ്റോകറന്‍സിയെ കുറിച്ചുള്ള വാര്‍ത്തയാണ്.

ബിറ്റ്‌കോയിനിന്റെ ഇപ്പോഴത്തെ ഉയര്‍ച്ചയ്ക്കു കാരണം പ്രധാനമായും രണ്ടു ഘടകങ്ങളാണെന്ന് ബ്ലോക്ക്‌ചെയിന്‍ സ്റ്റാര്‍ട്ടപ്പുകളിലെ പ്രമുഖ നിക്ഷേപകരായ കെനറ്റിക് കാപ്പിറ്റലിന്റെ സഹസ്ഥാപകന്‍ ജെഹാന്‍ അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ യുഗത്തില്‍ ഇന്റര്‍നെറ്റ് വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് ബിറ്റ്‌കോയിന്‍ ശേഖരം മികച്ചതാണെന്ന ധാരണ നിക്ഷേപകര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നതാണ് ഒന്നാമത്തെ കാരണം. മറ്റൊന്ന് ഫേസ്ബുക്കിന്റെ ലിബ്ര പുറത്തിറങ്ങുന്നുവെന്ന വാര്‍ത്ത എല്ലാ കമ്പനി സിഇഒമാരിലും ക്രിപ്‌റ്റോകറന്‍സിയെ ഗൗരവത്തോടെ സമീപിക്കാനുള്ള സാഹചര്യമൊരുക്കിയെന്ന് അദ്ദേഹം പറഞ്ഞു.

ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയാണ് ബിറ്റ്‌കോയിന് പിന്നിലുള്ളത്. ഔദ്യോഗിക ഇടനിലക്കാരെയും കേന്ദ്ര ബാങ്കുകളെയും ഒഴിവാക്കിക്കൊണ്ടുള്ള ബിറ്റ്‌കോയിന്‍ വിനിമയം ഒട്ടനവധി പ്രശ്‌നങ്ങള്‍ വിളിച്ചുവരുത്തുമെന്ന ആശങ്ക നിലനില്‍ക്കെയാണ് ഫേസ്ബുക്കിന്റെ പുതിയ പ്രോജക്റ്റ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇത് രാഷ്ട്രീയക്കാര്‍ക്കിടയിലും കേന്ദ്ര ബാങ്കുകള്‍ക്കിടയിലും നിരവധി ചോദ്യങ്ങള്‍ക്ക് കാരണമായേക്കും. ഇന്ത്യയില്‍ ബിറ്റ്‌കോയിന്‍ വിനിമയം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

ബിറ്റ്‌കോയിന്‍ ഈ വര്‍ഷം 170 ശതമാനത്തോളം ഉയര്‍ന്നതായി കണക്കുകള്‍ രേഖപ്പെടുത്തുന്നു. ഈ ഉയര്‍ച്ച മറ്റൊരു ഡിജിറ്റല്‍ നാണയമായ ഇതെറിയത്തിന്റെ മൂല്യം നിലവില്‍ ഇരട്ടിയലധികമാകാനും കാരണമായി.

Comments

comments

Categories: FK News
Tags: Bitcoin, Libra