അടുത്ത ബോണ്ട് പടത്തില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വല്‍ഹല്ല അഭിനയിക്കും

അടുത്ത ബോണ്ട് പടത്തില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വല്‍ഹല്ല അഭിനയിക്കും

ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളുടെ പുതിയ മിഡ്-എന്‍ജിന്‍ ഹൈപ്പര്‍കാറാണ് വല്‍ഹല്ല

25 ാമത് ജെയിംസ് ബോണ്ട് സിനിമയില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്റെ പുതിയ ഹൈപ്പര്‍കാറായ വല്‍ഹല്ല അഭിനയിക്കും. ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളുടെ പുതിയ മിഡ്-എന്‍ജിന്‍ ഹൈപ്പര്‍കാറാണ് വല്‍ഹല്ല. ജെയിംസ് ബോണ്ട് ഡ്രൈവ് ചെയ്യുന്ന ആദ്യ മിഡ് എന്‍ജിന്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാറായിരിക്കും വല്‍ഹല്ല. ഡാനിയല്‍ ക്രെയ്ഗ് നായകനാകുന്ന സിനിമയില്‍ വല്‍ഹല്ലയുടെ പ്രീ-പ്രൊഡക്ഷന്‍ മോഡലായിരിക്കും കാണാന്‍ കഴിയുന്നത്. ആസ്റ്റണ്‍ മാര്‍ട്ടിന്‍ വല്‍ഹല്ല ഈയിടെയാണ് അനാവരണം ചെയ്തത്. 2021 ലായിരിക്കും ഉല്‍പ്പാദനം ആരംഭിക്കുന്നത്.

ആസ്റ്റണ്‍ മാര്‍ട്ടിനും മില്‍ട്ടണ്‍ കെയ്ന്‍സിലെ റെഡ് ബുള്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജീസും ചേര്‍ന്ന് വികസിപ്പിച്ച രണ്ടാമത്തെ മോഡലാണ് വല്‍ഹല്ല. ആസ്റ്റണ്‍ മാര്‍ട്ടിന്റെ ഫഌഗ്ഷിപ്പ് ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാറായ വല്‍ക്കീരിയുടെ താഴെയും ഉല്‍പ്പാദനത്തിന് തയ്യാറായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്‍ക്വിഷിന് മുകളിലുമായിരിക്കും വല്‍ഹല്ല ഹൈപ്പര്‍കാറിന്റെ സ്ഥാനം. കാര്‍ബണ്‍ ഫൈബര്‍ മോണോകോക്ക് ഷാസിയിലാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ വല്‍ഹല്ല നിര്‍മ്മിക്കുന്നത്. കാര്‍ബണ്‍ ഫൈബറിലാണ് ബോഡിവര്‍ക്ക്.

1951 മുതല്‍ ‘വി’ എന്ന ഇംഗ്ലീഷ് അക്ഷരമാണ് തങ്ങളുടെ കാറുകളുടെ പേരിന്റെ ആദ്യക്ഷരമായി ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഉപയോഗിക്കുന്നത്. വാന്റേജ്, വിറാഷ്, വാന്‍ക്വിഷ്, വല്‍ക്കീരി എന്നീ പേരുകള്‍ വിവിധ പെര്‍ഫോമന്‍സ് മോഡലുകളില്‍ ഇതിനകം ഉപയോഗിച്ചുകഴിഞ്ഞു. ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ ആര്‍ബി 003 എന്ന കോഡ്‌നാമത്തിലാണ് ഇപ്പോഴത്തെ വല്‍ഹല്ല പ്രദര്‍ശിപ്പിച്ചത്. നോഴ്‌സ് പുരാണത്തില്‍, യുദ്ധത്തില്‍ കൊല്ലപ്പെട്ട വീരന്‍മാര്‍ ഓഡിന്‍ എന്ന ദൈവത്തോടൊപ്പം നിത്യത നേടാനും മരണാനന്തര ജീവിതത്തിനുമായി വിരുന്നില്‍ പങ്കെടുക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഹാളാണ് വല്‍ഹല്ല. ജനീവയില്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് കാറിന്റെ 90 ശതമാനവും പ്രൊഡക്ഷന്‍ മോഡലില്‍ കാണാമെന്ന് ഡിസൈന്‍ മേധാവി മാരെക് റീച്ച്മാന്‍ പറഞ്ഞു.

ആസ്റ്റണ്‍ മാര്‍ട്ടിന്റെ പുതിയ ട്വിന്‍-ടര്‍ബോ വി6 എന്‍ജിനാണ് വല്‍ഹല്ല ഹൈപ്പര്‍കാറിന് കരുത്തേകുന്നത്. ഹൈബ്രിഡ് സാങ്കേതികവിദ്യയും ഉണ്ടായിരിക്കും. 1,014 എച്ച്പിയില്‍ കൂടുതല്‍ കരുത്ത് ഉല്‍പ്പാദിപ്പിക്കാനാണ് സാധ്യത. പുതിയ ഹൈപ്പര്‍കാറിന്റെ പെര്‍ഫോമന്‍സ് കണക്കുകള്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വെളിപ്പെടുത്തിയിട്ടില്ല. ഏയ്‌റോഡൈനാമിക്‌സില്‍ കാര്യമായ ശ്രദ്ധ ചെലുത്തിയാണ് വല്‍ഹല്ല നിര്‍മ്മിക്കുന്നത്. ട്രാക്കുകളില്‍ മികച്ച പെര്‍ഫോമന്‍സ് നടത്താന്‍ കഴിയും. ഫെറാറി എസ്എഫ്90 സ്ട്രഡാലെ, മക്‌ലാറന്‍ സ്പീഡ്‌ടെയ്ല്‍ എന്നിവയായിരിക്കും പ്രധാന എതിരാളികള്‍.

കാഴ്ച്ചയില്‍, വല്‍ക്കീരിയുടെ ലുക്കും പ്രകൃതവുമാണ് വല്‍ഹല്ലയില്‍ കാണുന്നത്. അതേസമയം, കൂടുതല്‍ പ്രായോഗികമായ കാറാണ് വല്‍ഹല്ല. പോര്‍ഷെ 918 സ്‌പൈഡര്‍ പോലെ, ഇരട്ട എക്‌സ്‌ഹോസ്റ്റ് കുഴല്‍ കാറിന് മുകളില്‍ നല്‍കിയിരിക്കുന്നു. വല്‍ക്കീരിയില്‍നിന്ന് വ്യത്യസ്തമായി ലഗേജ്, സ്‌റ്റോറേജ് സ്ഥലവും വീതിയേറിയ സെന്റര്‍ കണ്‍സോളും ലഭിച്ചു. സ്റ്റിയറിംഗ് കോളത്തില്‍ ചെറിയ സ്‌ക്രീന്‍ സ്ഥാപിച്ചിരിക്കുന്നു. ഇന്‍ഫൊടെയ്ന്‍മെന്റ് സ്വന്തം ഇഷ്ടപ്രകാരമാകട്ടെ എന്നാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ പറയുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ മിറര്‍ ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.

Comments

comments

Categories: Auto
Tags: Valhalla