ഫോക്‌സ്‌വാഗണ്‍ അമിയോ ഡീസല്‍ നിര്‍ത്തും

ഫോക്‌സ്‌വാഗണ്‍ അമിയോ ഡീസല്‍ നിര്‍ത്തും

ഓഗസ്റ്റ് മാസത്തോടെ അമിയോ 1.5 ഡീസല്‍ മോഡലിന്റെ ഇന്ത്യയിലെ ഉല്‍പ്പാദനം അവസാനിപ്പിച്ചേക്കും

ന്യൂഡെല്‍ഹി : ബിഎസ് 6 പ്രാബല്യത്തിലാകുന്നതോടെ ഡീസല്‍ മോഡലുകള്‍ ഉപേക്ഷിക്കുന്ന കാര്‍ നിര്‍മ്മാതാക്കളുടെ ഇടയിലേക്ക് ഫോക്‌സ്‌വാഗണും കടന്നുചെല്ലുന്നു. ഈ വര്‍ഷം ഓഗസ്റ്റ് മാസത്തോടെ അമിയോ 1.5 ഡീസല്‍ മോഡലിന്റെ ഇന്ത്യയിലെ ഉല്‍പ്പാദനം ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ അവസാനിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, 1.0 ലിറ്റര്‍ എംപിഐ എന്‍ജിന്‍ കരുത്തേകുന്ന അമിയോ പെട്രോള്‍ വേര്‍ഷന്റെ വില്‍പ്പന തുടരും.

വിപണിയിലെ ഏറ്റവും കരുത്തുറ്റ ഡീസല്‍ സബ്‌കോംപാക്റ്റ് സെഡാന്‍ എന്ന പേര് സമ്പാദിക്കുന്നതിന് അമിയോ കാറിനെ സഹായിച്ചതാണ് 1.5 ലിറ്റര്‍ ടിഡിഐ എന്‍ജിന്‍. 2016 സെപ്റ്റംബറിലാണ് ഇന്ത്യയില്‍ അമിയോ ഡീസല്‍ വേര്‍ഷന്‍ പുറത്തിറക്കിയത്. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ 108 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 5 സ്പീഡ് മാന്വല്‍, 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍, ഈ വിഭാഗത്തിലെ നിരവധി ആദ്യ ഫീച്ചറുകളുമായാണ് അമിയോ ഡീസല്‍ വേര്‍ഷന്‍ വിപണിയില്‍ അവതരിപ്പിച്ചത്. റെയ്ന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ആന്റി-പിഞ്ച് പവര്‍ വിന്‍ഡോകള്‍, ഇഎസ്പി (ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം), ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ എന്നിവ സവിശേഷതകളാണ്. ഓട്ടോമാറ്റിക് എയര്‍ കണ്ടീഷണറായ ഫോക്‌സ്‌വാഗണിന്റെ ‘ക്ലൈമട്രോണിക്’ മറ്റൊരു ഫീച്ചറാണ്.

ഇന്ത്യയില്‍ കാര്യമായി വിറ്റുപോകാത്ത ഫോക്‌സ്‌വാഗണ്‍ മോഡലാണ് അമിയോ. ബിഎസ് 6 പ്രാബല്യത്തിലാകുന്നതോടെ, ഡീസല്‍, പെട്രോള്‍ പതിപ്പുകള്‍ ഒരുപോലെ നിര്‍ത്താന്‍പോലും ഫോക്‌സ്‌വാഗണ്‍ ആലോചിച്ചേക്കാം. ക്രിക്കറ്റ് ലോകകപ്പ് പ്രമാണിച്ച് ഫോക്‌സ്‌വാഗണ്‍ അമിയോ ‘കപ്പ് എഡിഷന്‍’ ഇന്ത്യയില്‍ കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു.

Comments

comments

Categories: Auto