ഹോട്ടല്‍, ഹോസ്പിറ്റല്‍ നടത്തിപ്പ് ലളിതമാക്കി ഡാറ്റാമേറ്റ്

ഹോട്ടല്‍, ഹോസ്പിറ്റല്‍ നടത്തിപ്പ് ലളിതമാക്കി ഡാറ്റാമേറ്റ്

കൃത്രിമബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), ഐഒടി (ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്), മെഷീന്‍ ലേണിംഗ് എന്നിങ്ങനെയുള്ള അത്യാധുനിക സങ്കേതങ്ങളില്‍ അധിഷ്ഠിതമായി ആരോഗ്യരംഗത്തും ഹോസ്പിറ്റാലിറ്റി രംഗത്തുമുള്ള സ്ഥാപനങ്ങള്‍ക്ക് സോഫ്റ്റ്വെയര്‍ വികസിപ്പിച്ചു നല്‍കി കേരളത്തില്‍ പുതിയ ചരിത്രം രചിക്കാനുള്ള ശ്രമത്തിലാണ് ഡാറ്റാമേറ്റ് എന്ന സംരംഭം

ഒരു വ്യാപാര സ്ഥാപനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമയബന്ധിതമായി തീര്‍ക്കാന്‍ മനുഷ്യവിഭവശേഷി മാത്രം ഉപയോഗിച്ചുകൊണ്ട് ഒരിക്കലും സാധ്യമല്ല. ആവശ്യത്തിന് ജീവനക്കാര്‍ ഉണ്ടെങ്കില്‍ കൂടിയും കൃത്യസമയത്തുതന്നെ എല്ലാ കാര്യങ്ങളും തീരുമെന്ന അവസ്ഥയല്ല മിക്ക സ്ഥാപനങ്ങളിലുമുള്ളത്. ഇത് മൂലം സംഭവിക്കുന്ന സമയ നഷ്ടവും ധന നഷ്ടവും പല സംരംഭങ്ങള്‍ക്കും താങ്ങാവുന്നതിലപ്പുറമാണ്. ആശുപത്രികളിലും വലിയ ഹോട്ടലുകളിലുമാണ് ഈ പ്രശ്നങ്ങള്‍ ധാരാളം കണ്ടുവരുന്നത്. സങ്കീര്‍ണമായ ഹെല്‍ത്ത്കെയര്‍ മേഖലയിലെയും ഹോസ്പിറ്റാലിറ്റി മേഖലയിലെയും സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സോഫ്റ്റ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് ആന്റ് സര്‍വീസസ് കമ്പനിയാണ് ഡാറ്റാമേറ്റ് ഇന്‍ഫോസൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്.

1993ലാണ് കൊച്ചി കേന്ദ്രമാക്കി ഡാറ്റാമേറ്റ് ഇന്‍ഫോസൊലൂഷന്‍സ് സ്ഥാപിതമാകുന്നത്. കൊച്ചിന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (സിഎസ്ഇ) അംഗങ്ങള്‍ക്ക് വേണ്ടിയാണ് തങ്ങളുടെ ആദ്യത്തെ സോഫ്റ്റ്വെയര്‍ ഡാറ്റാമേറ്റ് നിര്‍മിക്കുന്നത.് ബാക്ക്ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനായി ‘റെയിന്‍ബോ’ എന്ന സോഫ്റ്റ്വെയര്‍ ആണ് ഡാറ്റാമേറ്റ് സിഎസ്ഇഅംഗങ്ങള്‍ക്ക് നല്‍കിയത്. സിഎസ്ഇയിലെ ഏകദേശം 400 അംഗങ്ങള്‍ അന്ന് ഈ ഉല്‍പ്പന്നം ഉപയോഗിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തുമായി ഇന്ന് തങ്ങള്‍ക്ക് 540 ലധികം ഉപഭോക്താക്കളുണ്ടെന്ന് ഡാറ്റാമേറ്റിന്റെ അണിയറക്കാര്‍ പറയുന്നു.

സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റില്‍ 25 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള ഡാറ്റാമേറ്റിന് ഹെല്‍ത്ത് കെയര്‍, ഹോസ്പിറ്റാലിറ്റി മേഖലയില്‍ ആഴത്തിലുള്ള വൈദഗ്ധ്യമികവുണ്ട്. അനുഭവം കൊണ്ടും സര്‍ഗാത്മകത കൊണ്ടും ഉയര്‍ന്ന് നില്‍ക്കുന്ന മികച്ച സോഫ്റ്റ്വെയര്‍ വിദഗ്ധരുടെ ഒരു സംഘമാണ് സ്ഥാപനത്തിലുള്ളത്. ഹെല്‍ത്ത് കെയര്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഏത് സോഫ്റ്റ്വെയര്‍ വികസിപ്പിക്കാനും ഡാറ്റാമേറ്റിന് സാധിക്കും. 2010ല്‍ ദുബായില്‍ ഡാറ്റാമേറ്റ് ഇന്‍ഫോസോലൂഷന്‍സ് എല്‍എല്‍സി എന്ന സ്ഥാപനം ആരംഭിച്ചത് കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായി.

ഹോട്ടല്‍ വ്യവസായം കൂടുതല്‍ സുഖകരമാക്കാനും അതിഥികള്‍ക്ക് എല്ലായ്പ്പോഴും ഫലപ്രദവും കാര്യക്ഷമവുമായ സേവനം നല്‍കാനും ഹോട്ടലുകളെ സഹായിക്കുന്നതിനുമായിയാണ് ഹോട്സോഫ്റ്റ് ഹോട്ടല്‍ മാനേജ്‌മെന്റ് സോഫ്റ്റ്വെയര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 1995ലാണ് ഹോട്സോഫ്റ്റ് ഹോട്ടല്‍ മാനേജ്‌മെന്റ് സോഫ്റ്റ്വെയര്‍ ഡാറ്റാമേറ്റ് വികസിപ്പിക്കുന്നത്. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ആവശ്യമായ സോഫ്റ്റ്വെയര്‍ സേവനങ്ങളാണ് കമ്പനി നല്‍കുന്നത്. ഹോട്ട്സോഫ്റ്റിന്റെ 350 ഇന്‍സ്റ്റലേഷനുകള്‍ കേരളത്തില്‍ തന്നെ നടന്നുകഴിഞ്ഞു. കേരളം കൂടാതെ കര്‍ണാടകയിലും ഇന്ന് ഈ സോഫ്റ്റ്വെയറിന് ധാരാളം ഉപയോക്താക്കളുണ്ട്. പശ്ചിമേഷ്യയിലെയും ഹോട്ടലുകള്‍ ഇത് ഉപയോഗിച്ചു വരുന്നു. ഹോട്ടലിലെ 15 മൊഡ്യൂളുകളാണ് ഹോട്സോഫ്റ്റ് നോക്കുന്നത്. റിസര്‍വേഷന്‍ മുതല്‍ ചെക്ക് ഔട്ട് വരെയുള്ള എല്ലാം ഈ സോഫ്റ്റ്വെയര്‍ കൈകാര്യം ചെയ്യും. സെന്‍ട്രല്‍ റിസര്‍വേഷന്‍ സിസ്റ്റം, ഓണ്‍ലൈന്‍ റൂം ബുക്കിംഗ്, ഓണ്‍ലൈന്‍ പേമെന്റ് ഗേറ്റ്വേ എന്നിവ ഉള്‍പ്പെടുന്ന സേവനങ്ങള്‍ ഹോട്സോഫ്റ്റ് നല്‍കുന്നു. എഫ് ആന്റ് ബി മാനേജ്മെന്റ് സിസ്റ്റം, ഫ്രണ്ട് ഓഫിസ് മാനേജ്മെന്റ് സിസ്റ്റം എന്നിവയും ഹോട്സോഫ്റ്റ് സോഫ്റ്റ്വെയറില്‍ ഉള്‍പ്പെടുന്നു. 2003ല്‍ കേരള ടൂറിസം ഡെവലപ്
മെന്റ് കോര്‍പ്പറേഷനും(കെടിഡിസി) ഇവരുടെ ഉപഭോക്തൃ പട്ടികയില്‍ ഇടംപിടിച്ചു.

ഇക്കാലത്ത് ആരോഗ്യ സംരക്ഷണ മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ വളരെ വലുതാണ്. ജനറിക് സോഫ്റ്റ്വെയറിന് ഹെല്‍ത്ത് കെയര്‍ മേഖലയിലെ എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ സാധ്യമല്ല. ആശുപത്രിയിലെ അസംഘടിതമായ എല്ലാ വിവരങ്ങളും അനിയന്ത്രിതമായ പ്രക്രിയകളും കൈകാര്യം ചെയ്യുന്നതിനായി ഡാറ്റാമേറ്റ് തയാറാക്കിയിട്ടുള്ള സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷനുകളുടെ സമ്പൂര്‍ണ സ്യൂട്ടാണ് മെഡിവെയര്‍ എച്ച്ഐഎസ് (ഹോസ്പിറ്റല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം).

1997ലാണ് മെഡിവെയര്‍ ഹോസ്പിറ്റല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സോഫ്റ്റ്വെയര്‍ ഡാറ്റാമേറ്റ് വികസിപ്പിച്ചത്. പേപ്പര്‍രഹിത, ഫിലിംരഹിത ആശുപത്രി എന്ന സ്വപ്‌നം ആണ് മെഡിവെയര്‍ എന്ന സോഫ്റ്റ്വെയറിലൂടെ സാധ്യമായത്. ആരോഗ്യപരിരക്ഷയില്‍ രണ്ടു പതിറ്റാണ്ടില്‍ കൂടുതല്‍ സേവന മികവ് മെഡിവെയറിന് ഉണ്ട്. ദിവസവും 30000 ഔട്ട്പേഷ്യന്റ്സിനെയും 15000 ഇന്‍-പേഷ്യന്റ്‌സിനെയും ഇത് കൈകാര്യം ചെയ്യുന്നു. ഇന്ത്യയിലെ പല ഐഎസ്ഒ, എന്‍എബിഎച്ച് അക്രഡിറ്റഡ് ആശുപത്രികളും ഗള്‍ഫ് മേഖലയിലെ ജെസിഐ അക്രഡിറ്റഡ് ആശുപത്രികളും മെഡിവെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. 100 ബെഡ് മുതല്‍ 1500 ബെഡുകള്‍ വരെയുള്ള ആശുപത്രികള്‍ക്ക് വേണ്ടിയുള്ള പ്രോഡക്റ്റ് ആണിത്. കേരളത്തിലും ഗള്‍ഫിലുമായി ഏകദേശം 150 ഇന്‍സ്റ്റലേഷനുകള്‍ ഉണ്ട്.

ഹോസ്പിറ്റലില്‍ 40 മൊഡ്യൂളുകളാണുള്ളത്. ഇത് എല്ലാം സോഫ്റ്റ്വെയറിലൂടെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാം. പ്രവര്‍ത്തന സമയവും പണവും ഇതിലൂടെ ലാഭിക്കാം. 2006 ല്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഹോസ്പിറ്റലിനും മെഡിവെയര്‍ സേവനം ലഭിച്ചു തുടങ്ങി. 2009ല്‍ ആണ് മെഡിവെയറിന്റെ ആദ്യ അന്താരാഷ്ട്ര ഇന്‍സ്റ്റലേഷന്‍ ദുബായില്‍ നടത്തുന്നത്. ദുബായ് മെഡ്കെയര്‍ ഹോസ്പിറ്റലാണ് അവിടത്തെ ആദ്യ ഉപഭോക്താവ്.

ഉല്‍പ്പന്നം ഡിസൈന്‍ ചെയ്യാനും കസ്റ്റമൈസ് ചെയ്യാനും സേവനം നല്‍കാനും പ്രത്യേക വിഭാഗങ്ങള്‍ ഡാറ്റാമേറ്റില്‍ ഉണ്ട്. 125 പേരാണ് ഇന്ന് കമ്പനിയില്‍ ജോലി ചെയ്യുന്നത്. 2022 ആകുമ്പോഴേക്കും ജിസിസി രാജ്യങ്ങളിലും ദക്ഷിണാഫ്രിക്ക, യുകെ, യുഎസ്എ എന്നിവിടങ്ങളലും ഡാറ്റാമേറ്റിന്റെ സേവനം ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ ആലോച്ചിക്കുന്നുണ്ട്. ഇന്ത്യയില്‍ ആന്ധ്രപ്രദേശ്, ഗോവ, തമിഴ്നാട് തുടങ്ങിയ വിപണികളിലും ഞങ്ങള്‍ പ്രവേശിച്ചേക്കും,” കമ്പനിയുടെ മാനേജിംഗ് ഡയറക്റ്റര്‍ ജോബി ജോണ്‍ പറഞ്ഞു. കൃത്രിമബുദ്ധി, ഐഒടി (ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്), മെഷീന്‍ ലേണിംഗ് എന്നിവയുടെ അടിസ്ഥാനത്തില്‍ ഹെല്‍ത്ത്കെയര്‍, ഹോസ്പിറ്റാലിറ്റി മേഖലകള്‍ക്ക് സോഫ്റ്റ്വെയര്‍ നല്‍കുന്ന കേരളത്തിലെ ആദ്യ കമ്പനി ആകാനും ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഞങ്ങളുടെ ആര്‍ ആന്‍ഡ് ഡി വിഭാഗം ഇതിനായിയുള്ള പരിശ്രമത്തിലാണ്, അവയില്‍ ചില സോഫ്റ്റ്വെയറുകള്‍ പരീക്ഷണത്തിലാണ്-ഡയറക്റ്റര്‍ റിയാസ് യു സി പറഞ്ഞു.

Categories: FK Special, Slider