ലയനം ഒഴിവാക്കി വിഭജനത്തിന് കേന്ദ്രം

ലയനം ഒഴിവാക്കി വിഭജനത്തിന് കേന്ദ്രം

ലയിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്ന മൂന്ന് ഇന്‍ഷുറന്‍സ് കമ്പനികളെ വിഭജിച്ച് ചെറിയ യൂണിറ്റുകളാക്കും

ന്യൂഡെല്‍ഹി: പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ തമ്മില്‍ ലയിപ്പിച്ച് ഇന്‍ഷുറന്‍സ് മേഖലയെ ഏകീകരിക്കാനുള്ള പദ്ധതി വലിയ തടസങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടി കേന്ദ്ര സര്‍ക്കാര്‍. ലയിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്ന മൂന്ന് ഇന്‍ഷുറന്‍സ് കമ്പനികളെ വിഭജിച്ച് ചെറിയ യൂണിറ്റുകളാക്കാനും ചില പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുമാണ് ആലോചന. വിഭജനത്തിനുശേഷം തന്ത്രപരമായ നിക്ഷേപകരെ ഉള്‍പ്പെടുത്തികൊണ്ടുള്ള ചില ഇന്‍ഷുറന്‍സ് പദ്ധതികളുടെ സ്വകാര്യവല്‍ക്കരണം സംബന്ധിച്ച് പുതിയ വിലയിരുത്തല്‍ നടത്തും. ചെറു യൂണിറ്റുകളുടെ തന്ത്രപരമായ വില്‍പ്പന സുഗമമായി നടത്താനാകുമെന്നും മികച്ച മൂല്യം നേടാന്‍ സഹായകമാകുമെന്നുമാണ് വിശ്വസിക്കുന്നത്. ചെറിയ യൂണിറ്റുകള്‍ പ്രാദേശിക ശാഖകള്‍ വികസിപ്പിക്കാനും ഇന്‍ഷുറന്‍സ് ലഭ്യത വര്‍ധിപ്പിക്കാനും സഹായകമാകുമെന്നും കണക്കാക്കുന്നു.

പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളായ നാഷണല്‍ ഇന്‍ഷുറന്‍സ് കോ ലിമിറ്റഡ്, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കോ ലിമിറ്റഡ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കോ ലിമിറ്റഡ് എന്നിവ ലയിപ്പിച്ച് ശക്തമായ ഒരൊറ്റ ഇന്‍ഷുറന്‍സ് കമ്പനിക്ക് രൂപം നല്‍കാനാണ് ധനകാര്യ മന്ത്രാലയം നേരത്തെ പദ്ധതിയിട്ടിരുന്നത്. ലയനത്തിലൂടെ രൂപീകൃതമാകുന്ന പുതിയ ഇന്‍ഷുറന്‍സ് സ്ഥാപനത്തിന് ഒരു ലക്ഷം കോടിയിലധികം മൂല്യമാണ് കല്‍പ്പിച്ചിരുന്നത്. 2019 സാമ്പത്തിക വര്‍ഷത്തോടെ പൂര്‍ത്തിയാക്കാനായിരുന്നു ഉദ്ദേശ്യമെങ്കിലും പല പ്രശ്‌നങ്ങളും നേരിട്ടതിനാല്‍ ഒച്ചിഴയുന്ന വേഗത്തിലാണ് പദ്ധതി പുരോഗമിച്ചിരുന്നത്. ലയനത്തിന് പദ്ധതിയിട്ട മൂന്നു ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ രണ്ടും തുടര്‍ച്ചയായി നഷ്ടം നേരിടുന്നവയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലെ കണക്കനുസരിച്ച് 1,800 കോടി രൂപയാണ് മൂന്നു ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെ സംയുക്ത നഷ്ടം. വിപണി വിഹിതത്തിലും കുറവ് വന്നിട്ടുണ്ട്. 2013 സാമ്പത്തിക വര്‍ഷം 56 ശതമാനമായിരുന്ന പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെ വിപണി വിഹിതം 2018 വര്‍ഷം 51 ശതമാനമായി കുറഞ്ഞു.

ഒരു ബൃഹത് കമ്പനിയില്‍ ഭരണ നിര്‍വഹണത്തിനും മാനേജ്‌മെന്റിനും ബുദ്ധിമുട്ടുണ്ടാകുമെന്നും ലയനത്തെ തുടര്‍ന്ന് പല ശാഖകളും ഇല്ലാതാകുന്നത് തൊഴില്‍ നഷ്ടമുണ്ടാക്കുമെന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേ സമയം വലിയ പൊതുമേഖലാ കമ്പനികളെ ചെറിയ യൂണിറ്റുകളായി വിഭജിച്ചിക്കുകയാണെങ്കില്‍ ഭരണനിര്‍വഹണം സുഗമമാകുകയും ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ മികച്ച രീതിയില്‍ എത്തിച്ചേരാന്‍ കഴിയുമെന്നും ലക്ഷ്യത്തിലും മാനേജ്‌മെന്റിലും കാര്യക്ഷമത വര്‍ധിപ്പിക്കാനാകുമെന്നുമാണ് നിരീക്ഷണം. ഇന്ത്യയിലെ പൊതു ഇന്‍ഷുറന്‍സ് വിപണിയില്‍ നാല് പൊതുമേഖലാ സ്ഥാപനങ്ങളും 23 സ്വകാര്യ കമ്പനികളും ആറ് സ്വതന്ത്ര ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളുമാണ് പ്രവര്‍ത്തിക്കുന്നത്.

Categories: FK News, Slider