ജെറ്റിന്റെ പാപ്പരത്ത നിയമ നടപടികളാരംഭിച്ചു

ജെറ്റിന്റെ പാപ്പരത്ത നിയമ നടപടികളാരംഭിച്ചു

ജെറ്റ് എയര്‍വേയ്‌സ് ഡയറക്റ്റര്‍ ബോര്‍ഡിന്റെ അധികാരം റദ്ദാക്കപ്പെട്ടു

ന്യൂഡെല്‍ഹി: കടക്കെണിയെ തുടര്‍ന്ന് പ്രവര്‍ത്തനമവസാനിപ്പിച്ച് ജെറ്റ് എയര്‍വേയ്‌സിനെതിരെയുള്ള പാപ്പരത്ത നിയമ നടപടികള്‍ ആരംഭിച്ചു. പാപ്പരത്ത നടപടിക്ക് വിധേയമാകുന്ന ആദ്യ ആഭ്യന്തര എയര്‍ലൈന്‍ കമ്പനിയാണ് ജെറ്റ് എയര്‍വേയ്‌സ്. ഈ മാസം 20 നാണ് ജെറ്റിന്റെ 26 വായ്പാ ദാതാക്കള്‍ സമര്‍പ്പിച്ച ഇന്‍സോള്‍വന്‍സി ഹര്‍ജി നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍ടി) മുംബൈ ബെഞ്ച് സ്വീകരിച്ചത്. 2016 ലെ ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബാങ്ക്‌റപ്‌സി കോഡ് അനുസരിച്ചുള്ള കോര്‍പ്പറേറ്റ് ഇന്‍സോള്‍വെന്‍സി റെസല്യൂഷന്‍ പ്രോസസ് ആരംഭിച്ചതോടെ ജെറ്റിന്റെ ഡയറക്റ്റര്‍ ബോര്‍ഡിന്റെ അധികാരം റദ്ദാക്കപ്പെട്ടു. ഈ അധികാരം ഇടക്കാല റെസല്യൂഷന്‍ പ്രൊഫഷണലുകളാകും ഇനി കൈയാളുക.

പാപ്പരത്ത നിയമപ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 180 ദിവസത്തെ സമയപരിധി അനുവദിച്ചിട്ടുണ്ടെങ്കിലും ജെറ്റ് കേസിലെ ദേശീയ പ്രാധാന്യം കണക്കിലെടുത്ത് വി പി സിംഗ്, രവികുമാര്‍ ദുരൈസ്വാമി എന്നിവരടങ്ങിയ എന്‍സിഎല്‍ടി ബെഞ്ച് വീണ്ടെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് 90 ദിവസമാണ് റെസല്യൂഷന്‍ പ്രൊഫഷണലായ ഗ്രാന്റ് ത്രോണ്‍ടണിന്റെ ആശിഷ് ചൗഛരിയയ്ക്ക് അനുവദിച്ചിരിക്കുന്നത്. രണ്ടാഴ്ച്ച കൂടുമ്പോള്‍ നടപടിക്രമങ്ങളുടെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ട്രൈബ്യൂണ്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Comments

comments

Categories: FK News