ഇന്ത്യന്‍ ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രിയമേറുന്നു

ഇന്ത്യന്‍ ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രിയമേറുന്നു
  • ബെഗളൂരു ആസ്ഥാനമായ ബെല്ലാട്രിക്‌സിന് ലഭിച്ചത് 3 മില്യണ്‍ ഡോളര്‍ നിക്ഷേപം
  • മുംബൈ ആസ്ഥാനമായ കാവ സ്‌പേസിനും മറ്റ് 7 കമ്പനികള്‍ക്കും നിക്ഷേപ വാഗ്ദാനം
  • 2018-30 കാലയളവില്‍ ലോകമെങ്ങും വിക്ഷേപിക്കപ്പെടുക 17,000 ചെറിയ ഉപഗ്രഹങ്ങള്‍

ന്യൂഡെല്‍ഹി: ചന്ദ്രയാന്‍-2 അടക്കം വമ്പന്‍ ബഹിരാകാശ ദൗത്യങ്ങള്‍ പ്രഖ്യാപിച്ച ഇന്ത്യയുടെ ബഹിരാകാശ മേഖലയിലേക്ക് ആഗോള നിക്ഷേപകരുടെ ഒഴുക്ക്. രാജ്യത്തെ ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകളിലേക്ക് ആഗോള നിക്ഷേപകര്‍ വന്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യപ്പെടുന്നെന്നാണ് റിപ്പോര്‍ട്ട്. വിഷരഹിതമായ രാസവസ്തുക്കളുപയോഗിച്ച റോക്കറ്റുകളുടെ സഹായത്തോടെ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാന്‍ ശ്രമിക്കുന്ന ബെംഗളൂരു ആസ്ഥാനമായ ബെല്ലാട്രിക്‌സ് എയ്‌റോസ്‌പേസ് ഒരു കൂട്ടം നിക്ഷേപകരില്‍ നിന്നായി മൂന്ന് ദശലക്ഷം ഡോളര്‍ സമാഹരിച്ചതായി സഹസ്ഥാപകനായ യശസ് കരാനം പറഞ്ഞു. ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന മുംബൈ ആസ്ഥാനമായ കാവ സ്‌പേസിനും ഭേദപ്പെട്ട നിക്ഷേപം ലഭിച്ചിട്ടുണ്ട്.

ഉപഗ്രഹങ്ങളും റോക്കറ്റുകളും അനുബന്ധ ഘടകങ്ങളും നിര്‍മിക്കുന്ന ഡസനോളം ഇന്ത്യന്‍ സ്്റ്റാര്‍ട്ടപ്പുകളുടെ പ്രതിനിധികളാണ് ബെല്ലാട്രിക്‌സും കാവയും. മറ്റ് കമ്പനികള്‍ക്ക് മേലും നിക്ഷേപക താല്‍പ്പര്യം വര്‍ധിച്ചിട്ടുണ്ട്. കമ്പനികളുടെ ധനസമാഹരണം ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ മേഖലയിലെ നിക്ഷേപത്തിലെ വലിയ കുതിച്ചു ചാട്ടത്തെ പ്രതിനിധീകരിക്കുന്നു. ഇന്ത്യയിലെ സാങ്കേതിക മേഖലയില്‍ നിക്ഷേപം നടത്തുന്ന ഒരു വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനവും മുമ്പ് ബഹിരാകാശ സാങ്കേതിക വിദ്യയില്‍ ഇത്രയും തുക നിക്ഷേപിച്ചിട്ടില്ലെന്ന് ബെല്ലാട്രിക്‌സിന് ലഭിച്ച നിക്ഷേപത്തെ പരാമര്‍ശിച്ചു കൊണ്ട് ഓണ്‍ലൈന്‍ ബഹിരാകാശ ഉല്‍പന്ന വിപണന സ്ഥാപനമായ സാറ്റ്‌സെര്‍ച്ചിന്റെ സഹസ്ഥാപകനായ നാരായണ്‍ പ്രസാദ് പറഞ്ഞു. ബെല്ലാട്രിക്‌സിനും കാവയ്ക്കും പുറമെ ഇന്ത്യയിലെ മറ്റ് ഏഴ് ബഹിരാകാശ സാങ്കേതിക കമ്പനികള്‍ക്കും ധനസഹായം ലഭിച്ചെന്ന് സ്റ്റാര്‍ട്ടപ്പ് ഡാറ്റാ ട്രാക്കര്‍ ട്രാക്‌സന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വെഞ്ച്വര്‍ കാപിറ്റല്‍ കമ്പനികളായ മേപ്പിള്‍, ഐഡിയസ്പ്രിംഗ്, ഭാരത് ഇന്നൊവേഷന്‍ ഫണ്ട്, 3വണ്‍4കാപിറ്റല്‍ തുടങ്ങിയ കമ്പനികള്‍ ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകളുമായി ആദ്യവട്ട ചര്‍ച്ച പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രണ്ട് ഡസനോളം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഒരു ബില്യണ്‍ മൂല്യമുള്ള യൂണിക്കോണ്‍ കമ്പനികളായി ഉയര്‍ന്നിട്ടുണ്ട്. സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയ ഈ സ്റ്റാര്‍ട്ടപ്പുകളില്‍ നിര്‍ണായക സ്ഥാനമാണ് ബഹിരാകാശ മേഖലയിലെ കമ്പനികള്‍ക്കുള്ളത്. ബഹിരാകാശ വിനോദ സഞ്ചാരം മുതല്‍ ബദല്‍ വാസഗൃഹം കണ്ടെത്തുന്നത് വരെയുള്ള പരിപാടികളില്‍ താല്‍പ്പര്യം വര്‍ധിച്ചത് ഈ മേഖലയെ കൂടുതല്‍ ശ്രദ്ധയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നിസാര ചെലവില്‍ ബഹിരാകാശ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കുകയും ഉന്നത വിജയ നിരക്ക് കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ഇന്ത്യ, നിക്ഷേപകരുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുന്നതില്‍ അത്ഭുതമില്ല.

2018-30 കാലയളവില്‍ ഏകദേശം 17,000 ചെറിയ ഉപഗ്രഹങ്ങള്‍ ലോകമെങ്ങും വിക്ഷേപിക്കപ്പെടുമെന്നാണ് കണ്‍സള്‍ട്ടിംഗ് കമ്പനിയായ ഫ്രോസ്റ്റ് ആന്‍ഡ് സള്ളിവന്‍ കണക്കാക്കിയിരിക്കുന്നത്. ഇതില്‍ നല്ലൊരു ശതമാനം ബിസിനസും ഇന്ത്യക്കായിരിക്കും ലഭിക്കുക. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ സജീവ പിന്തുണ ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്കുണ്ട്. ഐഎസ്ആര്‍ഒയുടേതോ യുഎസിലെ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ്എക്‌സിന്റെയോ ന്യൂസിലന്‍ഡിലെ റോക്കറ്റ് ലാബിന്റെയോ റോക്കറ്റുകള്‍ ഉപയോഗിച്ച് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ബെല്ലാട്രിക്‌സിന്റെ ആദ്യ ഉപഭോക്താവായ ഐഎസ്ആര്‍ഒ, കമ്പനിക്ക് മാര്‍ഗനിര്‍ദേശവും നല്‍കുന്നുണ്ട്. ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വിദഗ്ധമായി ചലിപ്പിക്കാന്‍ ആവശ്യമായ ജലാധിഷ്ഠിത പ്രൊപ്പലന്റ് വികസിപ്പിക്കാനുള്ള ശ്രമങ്ങളാണ് നിലവില്‍ ബെല്ലാട്രിക്‌സ് നടത്തി വരുന്നത്.

Comments

comments

Categories: FK News, Slider