പാനപാത്രത്തിലെ ലാസ്യത

പാനപാത്രത്തിലെ ലാസ്യത

അധികാരം ഒരു ലഹരിയാണ്. അധികാരം കൈയിലുള്ളവര്‍ പാനപാത്രത്തില്‍ ഉള്ളത് വിഷമാണോ മധുവാണോ എന്നറിയാതെ കൈയിട്ട് നക്കും എന്നാണ് ചാണക്യന്‍ പറഞ്ഞിട്ടുള്ളത്. ദൗര്‍ബല്യങ്ങള്‍ ഇല്ലാത്ത നേതാക്കള്‍ക്ക് അതുള്ള ബന്ധുക്കള്‍ വിനയാവും. സീസര്‍ മാത്രമല്ല ഭാര്യയും സംശയാതീതയായിരിക്കണമല്ലോ

‘അധികാരം ആളുകളെ ദുഷിപ്പിക്കുന്നില്ല. എന്നിരുന്നാലും, വിഡ്ഢികള്‍ അധികാര പദവിയിലെത്തിയാല്‍ അധികാരത്തെ തന്നെ ദുഷിപ്പിക്കും’

– ജോര്‍ജ് ബെര്‍ണാഡ് ഷാ

മഞ്ഞയും ചുവപ്പും രാശികള്‍ ഇടകലര്‍ന്ന്, ഉടയാടകള്‍ പറത്തി, ആകാരവടിവിന്റെ മൂര്‍ത്തഭാവങ്ങള്‍ അനാവരണം ചെയ്ത്, വിശ്വാമിത്രപ്രജ്ഞകളെ ഇക്കിളിയിട്ടുണര്‍ത്തിയുയര്‍ത്തുന്ന താളലയവിന്യാസത്തില്‍ നൃത്തം വെക്കുന്ന അഗ്‌നിനാളങ്ങള്‍ക്ക് കത്തുന്ന സൗന്ദര്യമാണ്. പകര്‍ന്നു പടര്‍ന്ന് എല്ലാത്തിലേക്കും ലയിച്ചേറുവാനുള്ള ആ അപ്‌സരദീപ്തി അഗ്‌നിക്ക് നല്‍കുന്നത് മൂന്ന് ഭൗതിക യാഥാര്‍ഥ്യങ്ങളുടെ സങ്കലനം ആണ്: അനുകൂലമായ വായുപ്രവാഹം, ജ്വലനക്ഷമതയുള്ള വസ്തു, അവയിലൂടെ ഊളിയിട്ട് പടരാന്‍ വെമ്പുന്ന താപം. ഇവ മൂന്നും ചേരുന്ന സമയത്ത് മാത്രമേ അഗ്‌നി ജ്വലിക്കുന്നുള്ളൂ. അഥവാ ഇവയിലേതെങ്കിലും ഒന്നിന്റെ അഭാവത്തില്‍ അഗ്‌നി ഉണ്ടാവുന്നില്ല.

തന്നിലര്‍പ്പിതമായ വിശ്യാസ്യതയ്ക്ക് വിപരീതമായി, ആരോരുമറിയാതെ ഗോപ്യമായി, ധനലക്ഷ്യത്തോടെ അല്ലെങ്കില്‍ ഗുണലക്ഷ്യത്തോടെ നടത്തുന്ന കപട പ്രവര്‍ത്തിയെയാണ് തട്ടിപ്പ് (fraud) എന്ന് പറയുന്നത്. ഇതിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നമാണ് അഴിമതി. ഏതെങ്കിലും വിധത്തിലുള്ള അധികാരപദവി കയ്യാളുന്നയാള്‍, ആ അധികാരം, തന്റെയോ വേണ്ടപ്പെട്ടവരുടെയോ അര്‍ഹതാതീതമായ ഗുണത്തിനായി ദുര്‍വിനിയോഗം ചെയ്യുന്ന കുറ്റകൃത്യത്തെയാണ് അഴിമതി എന്ന് പറയുന്നത്. ‘പെരുന്തച്ചന്‍’ എന്ന സിനിമയില്‍ നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രം സന്ദര്‍ഭവശാല്‍ തിലകന്റെ കഥാപാത്രത്തോട് പറയുന്നുണ്ട്: ‘തമ്പുരാക്കന്മാര്‍ക്ക് നൊസ്സ് വന്നാല്‍ കമ്പം…കമ്പംന്നാ പറയ്യ’. അതുപോലെ, വലിയ വലിയ ആളുകള്‍ ഉള്‍പ്പെട്ട വലിയ വലിയ തുകയുടെ തട്ടിപ്പുകളെ ‘തട്ടിപ്പ്’ അല്ലെങ്കില്‍ ‘കളവ്’ അല്ലെങ്കില്‍ ‘അഴിമതി’ എന്ന് അല്ല വിളിക്കുക. വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്ന് വിളിക്കരുത്. അതിന് പറയുക ‘കുംഭകോണം’ (scam) എന്നാണ്. വലിയ വലിയ ആളുകള്‍ മരിച്ചാലും മരിച്ചു എന്ന് പറയാറില്ലല്ലോ, അവരെല്ലാം അന്തരിച്ച് ഇഹലോകവാസം വെടിഞ്ഞ് സ്വര്‍ഗ്ഗാരോഹണം ചെയ്യുകയാണ്. നമ്മള്‍ പാവങ്ങളൊക്കെ മരിക്കും, പട്ടി ചാവുന്നതുപോലെ. സാധാരണക്കാരനെ കൊന്നാല്‍ വാര്‍ത്ത വരുന്നത് ‘killed’ എന്നാണ്, രാഷ്ട്രം വെളുപ്പിക്കുന്നവര്‍ കൊല്ലപ്പെട്ടാല്‍ അത് ‘assassinated’ ആവും.

പണ്ട് കുംഭകോണം എന്ന വാക്ക് മലയാളത്തില്‍ ഉണ്ടായിരുന്നില്ല. ഉത്തരസ്വാതന്ത്ര്യ പ്രഥമ കാലഘട്ടത്തില്‍, പഴയ ബ്രിട്ടീഷ് മദ്രാസ് പ്രവിശ്യയില്‍ വരുന്ന തമിഴ്നാട്, കര്‍ണ്ണാടക (അന്ന് യഥാക്രമം മദ്രാസ്, മൈസൂര്‍), ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങള്‍ ഒരു പ്രദേശമായി കണക്കാക്കി, അതിന് പുറത്തേക്ക് അരി കൊണ്ടുപോകുന്നത് നിരോധിച്ചിരുന്നു. ബ്രിട്ടീഷ് കാലഘട്ടത്തിലേ ഉള്ള നിരോധനമാണിത്. ബ്രിട്ടീഷ് ഭരണം അവസാനിച്ചപ്പോള്‍ നിരോധനവും പോയെങ്കിലും ഭാഷാസംസ്ഥാനരൂപീകരണത്തിന് ശേഷം നിരോധനം തിരികെ കൊണ്ടുവന്നു. അരി പ്രധാന കൃഷിയും പ്രമുഖ ഭക്ഷണവും ആക്കിയ ഈ പ്രദേശത്തെ ജനതയ്ക്ക് ഭക്ഷ്യക്ഷാമം ഉണ്ടാവാതിരിക്കാനാണ് പുറത്തേക്ക് അരി കൊണ്ടുപോകുന്നത് വിലക്കിയിരുന്നത്. ഒരു അരി സ്വയം പര്യാപ്തതാ പ്രദേശം. പക്ഷേ, അന്‍പത്തിയേഴില്‍, ആദ്യമായി കേന്ദ്രത്തിലെ പ്രതിപക്ഷകക്ഷി ഒരു സംസ്ഥാനത്ത് അധികാരത്തില്‍ വന്നപ്പോള്‍, ബംഗാളിലും ബോംബെയിലും കടുത്ത ഭക്ഷ്യക്ഷാമം വന്നുവെന്ന കാരണം പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ ഈ നിരോധനം നീക്കി. അതോടെ, ആന്ധ്രയിലെയും തമിഴ്നാട്ടിലെയും അരിവ്യാപാരികള്‍ അരിവില ക്രമാതീതമായി കൂട്ടി, ബംഗാളിലേക്കും ബോംബെയിലേക്കും അയക്കാന്‍ തുടങ്ങി. കേരളത്തിലെ വ്യാപാരികള്‍ക്ക് അരി കിട്ടാതായി. കേരളം കടുത്ത ഭക്ഷ്യക്ഷാമത്തിലായി. ക്ഷാമത്തെ ചെറുക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിലയില്‍ അരിയെത്തിക്കേണ്ടത് അത്യാവശ്യമായി.

ആന്ധ്രയിലെയും മദ്രാസിലേയും പൊതു അരി വ്യാപാരിസമൂഹം കേരളത്തിന് അരി തരാത്ത സാഹചര്യത്തിലും ആന്ധ്രയിലെ ഒരു വ്യാപാരി മാത്രം 5,000 ടണ്‍ അരി നല്‍കാന്‍ തയ്യാറായി. ഈ പ്രതിസന്ധിഘട്ടത്തില്‍ ടെണ്ടര്‍ നടപടികള്‍ എല്ലാം കാലതാമസമുണ്ടാക്കുകയേ ഉള്ളൂ എന്നും ഒരാള്‍ മാത്രം രംഗത്തുള്ളപ്പോള്‍ ടെന്‍ഡറിന്പ്രസക്തിയില്ലെന്നും മനസ്സിലാക്കിയ സര്‍ക്കാര്‍, എത്രയും വേഗം അരിയെത്തിക്കാന്‍ അദ്ദേഹത്തോടാവശ്യപ്പെട്ടു. അതദ്ദേഹം ഉടനെ ചെയ്യുകയും ചെയ്തു. ആ അരി കണ്‍ട്രോള്‍ കടകളിലൂടെ (ഇപ്പോഴത്തെ റേഷന്‍ കട) സാധാരണക്കാരിലേക്ക് എത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരു പ്രതിപക്ഷ സാമാജികന്‍ ഒരു ആരോപണവുമായി രംഗത്ത് വന്നു. ആന്ധ്രാ അരിയിടപാടില്‍ ഭരണകക്ഷി 1.60 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്നായിരുന്നു ആരോപണം. തെലുങ്ക് ഭാഷയില്‍ കുംഭകോണം (കുംഭത്തിന്റെ – കുടത്തിന്റെ കോണ് എന്ന് വാക്യാര്‍ത്ഥം. കുടത്തിന് കോണുണ്ടാവുകയില്ലല്ലോ) എന്ന വാക്കിന് തട്ടിപ്പ് എന്നാണ് അര്‍ത്ഥം. അതേ സമയം തന്നെയാണ് തമിഴ്നാട്ടിലെ കുംഭകോണത്ത് ഒരു വലിയ സാമ്പത്തിക തട്ടിപ്പ് പുറത്തായത്. ഇത് രണ്ടും ചേര്‍ത്ത്, സര്‍ക്കാറിനെ താഴെയിറക്കാനുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മലയാളത്തിലെ പ്രമുഖ പത്രം 1958 ഫെബ്രുവരി 12 ന് മുന്‍പേജില്‍ തലക്കെട്ട് എഴുതിയത് ‘ആന്ധ്രാ അരിയിടപാടില്‍ കുംഭകോണം’ എന്നായിരുന്നു. അതിന് ശേഷമാണ് എല്ലാ സാമ്പത്തിക തട്ടിപ്പുകള്‍ക്കും കുംഭകോണം എന്ന പേര് മലയാളത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്.

തട്ടിപ്പായാലും, കളവായാലും, അഴിമതിയായാലും മഹത്തായ കുംഭകോണമായാലും അതിന് അഗ്‌നിയുടെ സ്വഭാവമാണ്. വ്യാപിക്കാവുന്ന ഇടത്തുള്ളതെല്ലാം വെന്തുവെണ്ണീറാക്കിയിട്ടേ അടങ്ങൂ. തീ പോലെ തന്നെ മൂന്ന് യോഗങ്ങളുടെ സങ്കലന സ്ഥാനത്ത് മാത്രമേ തട്ടിപ്പ് അല്ലെങ്കില്‍ അഴിമതി നടക്കുകയുള്ളൂ. ഒന്നാമത് അത് നടത്താനുള്ള പ്രചോദനം. അത് സമ്മര്‍ദ്ദത്തില്‍ നിന്നാണ് ഉണ്ടാവുക. സമ്മര്‍ദ്ദം ആന്തരികമാവാം, ബാഹ്യമാവാം. ആന്തരിക സമ്മര്‍ദ്ദം അടക്കാവതല്ല. ‘അര്‍ത്ഥമെത്ര വളരെയുണ്ടായാലും തൃപ്തിയാകാ മനസ്സിന്നൊരു കാലം. പത്തു കിട്ടുകില്‍ നൂറുമതിയെന്നും ശതമാകില്‍ സഹസ്രം മതിയെന്നും’ എന്ന് പൂന്താനം പറഞ്ഞത് മാലോകരെ മുഴുവനും പറ്റിയാണ്. അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍. അത്രമാത്രം സത്യസന്ധര്‍ക്ക് മാത്രമേ മനസ്സിന് കടിഞ്ഞാണിട്ട് ആര്‍ത്തി അടക്കാന്‍ സാധിക്കൂ.

ബാഹ്യസമ്മര്‍ദ്ദം അതിലും കഷ്ടതരമാണ്. തന്നോട് ആജ്ഞാപിക്കാന്‍ അധികാരമുള്ളവര്‍, തന്നെ സ്‌നേഹിക്കുന്നവര്‍, താന്‍ സ്‌നേഹിക്കുന്നവര്‍, കുടുംബാംഗങ്ങള്‍ എന്നിവരുടെയൊക്കെ സമ്മര്‍ദ്ദം അതിജീവിക്കുക അങ്ങേയറ്റം പ്രയാസകരമാണ്. മുകളിലുള്ള അധികാരികളുടെ വഴിവിട്ട സമ്മര്‍ദ്ദങ്ങള്‍ നിരസിച്ചാല്‍ അര്‍ഹമായ സ്ഥാനക്കയറ്റം, അന്തസ്സുള്ള നിയമനം എന്നിവ നിഷേധിക്കപ്പെടുമെന്ന് മാത്രമല്ല, അത്യധികം മാനസിക പീഡനവും അനുഭവിക്കേണ്ടി വരും. കൊളോണിയല്‍ കാലങ്ങളില്‍ ഉണ്ടായ വാര്‍ഷിക രഹസ്യ റിപ്പോര്‍ട്ട് സംവിധാനം ഇപ്പോള്‍ ആരുടെ റിപ്പോര്‍ട്ട് ആണോ എഴുതപ്പെടുന്നത്, അയാള്‍ക്ക് സ്വന്തം സ്‌കോര്‍ എന്താണ് എന്ന് അറിഞ്ഞിരിക്കത്തക്കവിധം സുതാര്യമാക്കിയിട്ടുണ്ട്. ഇവയെല്ലാം ഇപ്പോള്‍ കംപ്യൂട്ടര്‍ മുഖേനയാണ് ചെയ്യുന്നത്. അതിനാല്‍ ‘final submission’ കഴിഞ്ഞാല്‍ തിരുത്ത് വരുത്തുക സാധ്യമല്ല. പൊതുവില്‍ അഴിമതി ചെയ്യുന്നവര്‍ക്ക് കാര്യങ്ങള്‍ മുഖത്തടിച്ച പോലെ പറയാന്‍ ബുദ്ധിമുട്ടാണ്. അവര്‍ ഒരു സൂത്രപ്പണിയാണ് ചെയ്യുക. എതിര്‍ത്ത് നില്‍ക്കുന്ന കീഴ്ജീവനക്കാരുടെ റിപ്പോര്‍ട്ടില്‍ ഒരുവിധം നന്നായി സ്‌കോര്‍ കൊടുത്ത്, അതിന്റെ പ്രിന്റ്ഔട്ടില്‍ – അതാണ് രഹസ്യ സര്‍വീസ് ഫയലില്‍ പോവുക; ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അത് കാണുകയില്ല – പേന കൊണ്ട് ആങ്ങി ഓങ്ങി ഒരു കുറിപ്പെഴുതും. അത് ഇരിപ്പത് ആയിരിക്കും. കീഴ്ജീവനക്കാരന്റെ ഔദ്യോഗിക ജീവിതം പിന്നീട് കട്ടപ്പൊക! മേലധികാരികളോടുള്ള വിധേയത്വം, ബന്ധുക്കളോടും സുഹൃത്തുക്കളോടും ഉള്ള വാത്സല്യം ഇവയെല്ലാം സമ്മര്‍ദ്ദത്തിന് അടിപ്പെടുത്തുന്നു.

അഴിമതി നടത്താനുള്ള രണ്ടാമത്തെ അനുകൂലാവസ്ഥ, ഒളിച്ചുവയ്ക്കാനുള്ള യവനികകള്‍ ആണ്. പിടിക്കപ്പെടുന്നത് വരെ ഒരാളും കള്ളനല്ല. ആര്‍ക്കും ഒരു സംശയവും തോന്നിക്കാത്ത വിധം കളവ് സമര്‍ത്ഥമായി ഒളിപ്പിക്കാന്‍ സാധിക്കുമ്പോഴേ ബുദ്ധിമാനായ ഒരു കുറ്റവാളി കുറ്റകൃത്യം ചെയ്യുകയുള്ളൂ. ‘ബുദ്ധിമാനായ’ എന്ന് പറയാന്‍ പ്രത്യേക കാരണമുണ്ട്. ആളുകളെ, നാലായി തരംതിരിക്കാം. ഒന്ന്, കഴിവും സത്യസന്ധതയും ഉള്ളവര്‍. രണ്ട്, കഴിവില്ല, പക്ഷേ സത്യസന്ധതയുണ്ട്. മൂന്ന്, കഴിവും സത്യസന്ധതയും ഇല്ലാത്തവര്‍. നാല്, കഴിവുണ്ട് പക്ഷേ സത്യസന്ധതയില്ല. ഒന്നാമത്തെ വിഭാഗക്കാര്‍ അഴിമതിക്ക് എതിരാണ്, പടപൊരുതി ജയിക്കുന്നവര്‍ ആണ്. അവര്‍ വഴിവിട്ടുള്ള ഒരു പ്രവര്‍ത്തിക്കും മനസ്സാവാചാകര്‍മ്മണാ മുതിരില്ല. എന്ന് മാത്രമല്ല, തങ്ങളുടെ അധീനാതൃത്തിക്കുള്ളില്‍ അവര്‍ അഴിമതി തുടച്ച് നീക്കും. അതിനുള്ള കഴിവ് അവര്‍ക്കുണ്ട്.

രണ്ടാമത്തെ കൂട്ടര്‍ക്ക് കാര്യക്ഷമത ഇല്ലാത്തതിനാല്‍, അവരുടെ ഭരണഭാഗത്ത് അഴിമതി തുടരും. കാരണം അവര്‍ അഴിമതി ചെയ്യില്ല എന്നേയുള്ളൂ; മറ്റുള്ളവര്‍ ചെയ്യുന്നത് തടയാനാവില്ല. മൂന്നാമത്തെ കൂട്ടര്‍ സത്യസന്ധര്‍ അല്ലെങ്കിലും അഴിമതി നടത്താറില്ല. കാരണം അതിനുള്ള കഴിവ് പോലും അവര്‍ക്കില്ല. നാലാമത്തെ വിഭാഗമാണ് എല്ലാ തട്ടിപ്പുകളും അഴിമതികളും നടത്തുക. കഴിവും കള്ളത്തരവും ഒത്തുചേര്‍ന്നാല്‍ പിടിച്ചാല്‍ കിട്ടില്ല. കക്കാനും നില്‍ക്കാനും നന്നായി അറിയുന്നവര്‍. ഇവര്‍ മേലുദ്യോഗസ്ഥര്‍ / രാഷ്രീയക്കാര്‍ എന്നിവരില്‍ ആരുമായും ഉടക്കില്ല. ഏത് നീര്‍ക്കോലി കടിച്ചാലാണ് അത്താഴം മുടങ്ങുക എന്നറിയില്ലല്ലോ. എല്ലാത്തിനേയും രാജവെമ്പാലയാണെന്ന് പറഞ്ഞ് വാഴ്ത്തും. (കൊണ്ടാടുവോളം മദിക്കും ജളന്മാര്‍ എന്ന് കുഞ്ചന്‍). എന്നാല്‍ ഇത്തരക്കാര്‍ കീഴ്ജീവനക്കാരെ കടിച്ചുകുടയുകയും ചെയ്യും. കാരണം അവരെ വിരട്ടിനിര്‍ത്തേണ്ടത് തങ്ങളുടെ സുഗമപ്രവര്‍ത്തികള്‍ക്ക് ആവശ്യമാണ്. പണ്ടത്തെ തത്വപ്രകാരം കീഴ്ജീവനക്കാരെയും ഇവര്‍ അനുനയിപ്പിച്ച് കൊണ്ടുനടക്കുമായിരുന്നു. എന്നാല്‍ നടന്ന ഓരോ സംഭവവും പരിശോധിച്ചപ്പോള്‍ മറിച്ച് ബോധ്യപ്പെട്ടു. സാമത്തിനെക്കാള്‍ കാര്യക്ഷമം ദണ്ഡം തന്നെ. പരനെ സ്വാധീനിക്കാനും ശത്രുവിനെ കീഴ്‌പ്പെടുത്തുവാനും മറ്റും ഭാരതീയ ധര്‍മ മീമാംസ നിര്‍ദേശിച്ചിട്ടുള്ള ചതുരുപായങ്ങള്‍ സാമം, ദാനം, ഭേദം, ദണ്ഡം എന്നിവ ആണല്ലോ. ശൂരന്മാരെ വന്ദിച്ചു പാട്ടിലാക്കണം, ലുബ്ധനെ ദാനം കൊണ്ടു പിടിക്കണം, ഭീരുവിനെ ഭയപ്പെടുത്തി ഓടിക്കണം, സമനേയും താണവനേയും കൈയ്യൂക്ക് കൊണ്ടു നേരിടണം.

മൂന്നാമത്തെ ഘടകം അഴിമതി നടത്താന്‍ യുക്തമായ അവസരമാണ്. യോജിച്ച അവസരം വരുവാന്‍ അവര്‍ കാത്തിരിക്കും. അവസരം വന്നാല്‍ ഒരു നിമിഷം പാഴാക്കാതെ അത് നടപ്പാക്കുകയും ചെയ്യും. ഈ മൂന്ന് ഘടകങ്ങളും ഒത്ത് ചേരാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് കാര്യക്ഷമമായ ഒരു ഭരണസംവിധാനത്തിന്റെ കര്‍ത്തവ്യങ്ങളില്‍ ഒന്ന്. എന്നാല്‍ ബാഹ്യസമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ അന്യഥാ സത്യസന്ധരായ അപൂര്‍വ്വം രാഷ്ട്രീയക്കാര്‍ക്ക് പോലും പലപ്പോഴും ആവാറില്ല. മാത്രമല്ല, കഴിവും സത്യസന്ധതയും സമന്വയിച്ച രാഷ്ട്രീയക്കാരനോ ഉദ്യോഗസ്ഥനോ എവിടെയും എത്തിപ്പെടുന്നുമില്ല. അവര്‍ക്ക് പാര്‍ശ്വഭാഗത്തെ തിണ്ണ തന്നെ ആശ്രയം. എന്നിട്ടും നാലാമത്തെ വിഭാഗം അവിടെപ്പോയി തങ്ങളുടെ തിണ്ണമിടുക്ക് കാണിക്കാറുമുണ്ട്.

സമ്പത്ത് ദൗര്‍ബല്യമല്ലാത്തവര്‍ക്ക് പക്ഷേ മറ്റ് ദൗര്‍ബല്യങ്ങള്‍ ഉണ്ടായിക്കൂടെന്നില്ല. അത് നല്ലപോലെ ഉപയോഗപ്പെടുത്തുവാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ ചുറ്റുപാടുമുണ്ടാവും. ദൗര്‍ബല്യങ്ങള്‍ ഇല്ലാത്ത നേതാക്കള്‍ക്ക് അതുള്ള ബന്ധുക്കള്‍ വിനയാവും. സീസര്‍ മാത്രമല്ല ഭാര്യയും സംശയാതീതയായിരിക്കണമല്ലോ. അത് ഈ ബന്ധുവര്‍ഗ്ഗം പലപ്പോഴും അറിയാതെ പോകുന്നു. അധികാരം ഒരു ലഹരിയാണ്. അധികാരം കൈയിലുള്ളവര്‍ പാനപാത്രത്തില്‍ ഉള്ളത് വിഷമാണോ മധുവാണോ എന്നറിയാതെ കൈയിട്ട് നക്കും എന്നാണ് ചാണക്യന്‍ പറഞ്ഞിട്ടുള്ളത്. ബന്ധുക്കള്‍ക്ക് വിഷവും മധുവും തിരിച്ചറിയാം. അവര്‍ മധു ആവോളം മോന്തി തന്റേതല്ലാത്ത അധികാരത്തിന്റെ ലഹരി നുണയുന്നു. അവിടെ ലാവണ്യതയുടെ ലാസ്യത അഗ്‌നിയായി പടര്‍ന്നെത്തുന്നു. അധികാരത്തിന്റെ അനുകൂലമായ വായുപ്രവാഹം, ദൗര്‍ബല്യത്തിന്റെ ജ്വലനക്ഷമതയുള്ള വസ്തു. താപം അവയിലൂടെ ഊളിയിട്ട് പടരാന്‍ വെമ്പുന്നു. ചുവപ്പും മഞ്ഞയും രാശി ഇടകലര്‍ന്ന് തിമിര്‍ത്താടുന്ന, ചുറ്റിപ്പടരുന്ന നഗ്‌നനാളങ്ങള്‍. ഉയര്‍ന്ന് പൊങ്ങുന്ന ഉടയാടകള്‍. അരിച്ചിറങ്ങിയ മങ്ങിയ വെളിച്ചത്തില്‍ ക്ലോസപ്പ് ഷോട്ടുകള്‍, ദ്രുതചലനങ്ങള്‍ ഒപ്പിയെടുക്കുന്ന ക്യാമറ. സ്‌പോട്ട്‌ലൈറ്റ് രംഗത്തെ കഥാപാത്രങ്ങളുടെ മുഖത്ത് അടിക്കുന്നു. ഒടുവില്‍ അധികാരത്തിലിരിക്കുന്നവര്‍ക്ക് വിഷം മാത്രം ബാക്കിയാക്കി യവനിക പെട്ടെന്ന് നീങ്ങിമാറുന്നു. അധികാരം മലീമസമാവുന്നു. അതാണ് ബര്‍ണാഡ് ഷാ പറഞ്ഞത്.

Categories: FK Special, Slider