സ്തനാര്‍ബുദത്തിനു തൊട്ടുപിന്നില്‍ ഹൃദ്രോഗം

സ്തനാര്‍ബുദത്തിനു തൊട്ടുപിന്നില്‍ ഹൃദ്രോഗം

സ്ത്രീകള്‍ക്കുണ്ടാകുന്ന മാരകരോഗങ്ങളില്‍ സ്തനാര്‍ബുദത്തിനു തൊട്ടു പിന്നില്‍ രണ്ടാംസ്ഥാനത്താണ് ഹൃദ്രോഗം

മധ്യവയസിലേക്കു കടക്കുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദമാണ് ഏറ്റവു കൂടുതലയി കാണുന്ന മരകരോഗം. എന്നാല്‍ അതിനു പിന്നാലെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യതയും ഇവരില്‍ വളരെ കൂടുതലാണെന്ന് പുതിയ ഗവേഷണം മുന്നറിയിപ്പ് നല്‍കുന്നു. സ്തനാര്‍ബുദ ചികില്‍സയ്ക്ക് വിധേയരായ സ്ത്രീകള്‍ ഹൃദ്രോഗം തടയാന്‍ നടപടിയെടുക്കണമെന്ന് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള സ്ത്രീകളില്‍ സര്‍വ്വസാധാരണമായി കാണുന്ന അര്‍ബുദമാണ് സ്തനാര്‍ബുദം.

തുടക്കത്തില്‍ കണ്ടെത്തിയാല്‍ ചികില്‍സിച്ചു ഭേദമാക്കാന്‍ കഴിയുന്ന ഒന്നാണ് ഇത്. വെളുത്തവര്‍ഗക്കാരികളില്‍ അഞ്ചു വര്‍ഷത്തെ ആപേക്ഷിക അതിജീവന നിരക്ക് 91%വും കറുത്ത വര്‍ഗക്കാരികളില്‍ 78%വുമാണ്.
സ്തനാര്‍ബുദ ചികില്‍സയ്ക്ക് വിധേയരാകുന്ന സ്ത്രീകളുടെ അതിജീവനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, അതിനു ശേഷം അവര്‍ നിരവധി മറ്റു രോഗങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. സ്തനാര്‍ബുദ ചികില്‍സയുടെ പാര്‍ശ്വഫലമായി വരുന്ന അസ്ഥിരോഗങ്ങള്‍, അകാല ആര്‍ത്തവവിരാമം, ഹൃദ്രോഗം എന്നിവയാണ് ഇതില്‍ പ്രധാനം.

സ്തനാര്‍ബുദ ചികില്‍സയ്ക്ക് വിധേയരായ 45 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്ക് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ബ്രസീലിലെ പോളിസ്റ്റ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ബോട്ടുക്കാറ്റു മെഡിക്കല്‍ സ്‌കൂളില്‍ നിന്നുള്ള ഒരു പുതിയ പഠനം സ്ഥിരീകരിക്കുന്നു. സ്തനാര്‍ബുദം അനുഭവിച്ച സ്ത്രീകള്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലുള്ളത് എന്തുകൊണ്ടാണെന്നും പഠനം വിശദീകരിക്കുന്നു. കീമോതെറാപ്പിയിലും റേഡിയേഷനിലും നിന്നുള്ള വിഷാംശങ്ങളും ആന്റിഈസ്ട്രജന്‍ ഉപയോഗവുമാണ് ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്.

288 സ്ത്രീകളെ പങ്കെടുപ്പിച്ചു നടത്തിയ പഠനത്തില്‍, 96 പേര്‍ വിജയകരമായി സ്തനാര്‍ബുദ ചികിത്സ പൂര്‍ത്തിയാക്കി. 192 പേര്‍ പൂര്‍ണ്ണആരോഗ്യവതികളും സ്തനാര്‍ബുദം പിടിപെടാത്തവരുമായിരുന്നു. എല്ലാ സ്ത്രീകളും 45 വയസ് പിന്നിട്ടവരാണ്, അവര്‍ ആര്‍ത്തവവിരാമത്തിലൂടെ കടന്നുപോകുന്നവരുമാണ്. എന്നാല്‍ അവരില്‍ ആര്‍ക്കും ഹൃദ്രോഗങ്ങള്‍ കണ്ടെത്താനായിരുന്നില്ല. സ്തനാര്‍ബുദം വരാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍, സ്തനാര്‍ബുദ ചികില്‍സ ലഭിച്ചവര്‍ക്ക് ഉപാപചയപ്രശ്‌നങ്ങള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, ഹൈപ്പര്‍ ട്രിഗ്ലിസറിഡീമിയ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷകരുടെ വിശകലനം വെളിപ്പെടുത്തി.

ഈ അവസ്ഥകളെല്ലാം ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള പ്രധാന ഘടകങ്ങളാണ്. മാത്രമല്ല, സ്തനാര്‍ബുദ രോഗത്തെ തുടര്‍ന്നുള്ള മരണനിരക്കുകളുമായി പൊരുത്തപ്പെടുന്നതും ഹൃദ്രോഗമരണത്തിനുള്ള ഈ സ്ത്രീകളുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതുമായിരുന്നു. യുഎസില്‍ എട്ടിലൊരു സ്ത്രീ (ഏകദേശം 12%)ക്ക് മാരകമായ സ്തനാര്‍ബുദം ഉണ്ടാകാറുണ്ടെന്നാണു കണക്ക്. 2019 ല്‍, 268,600 പുതിയ മാരക സ്തനാര്‍ബുദ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അതേ സമയം 62,930 പുതിയ തീവ്രമല്ലാത്ത സ്തനാര്‍ബുദ കേസുകളുുമുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു.

2019 ജനുവരിയിലെ കണക്കനുസരിച്ച് യുഎസില്‍ 3.1 ദശലക്ഷത്തിലധികം സ്ത്രീകള്‍ സ്തനാര്‍ബുദരോഗികളാണ്. ഇതില്‍ നിലവില്‍ ചികില്‍സ സ്വീകരിക്കുന്നവരും രോഗം ഭേദമായവരും ഉള്‍പ്പെടുന്നു. സ്തനാര്‍ബുദ ചികിത്സ തേടുന്ന സ്ത്രീകള്‍ അതിന്റെ വൈകിയുണ്ടാകുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ചോ മറ്റു രോഗസാധ്യതകളെക്കുറിച്ചോ ഡോക്ടര്‍മാരോട് ഉപദേശം തേടേണ്ടത്് പ്രധാനമാണ്. ഇത്തരം പ്രത്യാഘാതങ്ങള്‍ തടയുന്നതിന് മതിയായ നടപടികള്‍ കൈക്കൊള്ളാന്‍ ഇതിലൂടെ കഴിയും.

സ്തനാര്‍ബുദം ഭേദമായവരില്‍ ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കുന്ന ജീവിതശൈലി പിന്തുടരുന്നവര്‍ക്ക് തുടര്‍ന്ന് കാന്‍സറും ഹൃദ്രോഗങ്ങളും വരാനുള്ള സാധ്യത കുറയും. സ്തനാര്‍ബുദചികില്‍സ തേടിയവര്‍ ഹൃദ്രോഗ സാധ്യതയെക്കുറിച്ച് തീര്‍ച്ചയായും ശ്രദ്ധിക്കണം. കൂടാതെ സ്തനാര്‍ബുദം പിന്നീട് വരാതിരിക്കാന്‍ കൃത്യമായി തുടര്‍ പരിശോധനകളും നടത്തണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

Comments

comments

Categories: Health