കൈത്തറിയില്‍ വിരിയുന്ന ന്യൂജന്‍ സാരി

കൈത്തറിയില്‍ വിരിയുന്ന ന്യൂജന്‍ സാരി

ഉള്‍നാടന്‍ ഗ്രാമങ്ങളിലെ നെയ്ത്ത് വസ്ത്രങ്ങള്‍ പുതുതലമുറയ്ക്കു കൂടി ഇണങ്ങുന്ന രീതിയില്‍ ഡിസൈന്‍ ചെയ്ത് ഇ-കൊമേഴ്‌സ് വിപണിയിലെത്തിക്കുന്ന സംരംഭമാണ് സുത. സുജാത, താനിയ എന്നീ സഹോദരിമാര്‍ ചേര്‍ന്ന് തുടക്കമിട്ട സംരംഭം ഇന്ന് 50 നെയ്ത്തുകാര്‍ അടങ്ങുന്ന പ്രമുഖ ബ്രാന്‍ഡായി മാറിയിരിക്കുന്നു

ഇന്ത്യയില്‍ സ്ത്രീകള്‍ പരമ്പരാഗതമായി ഉടുത്തുവരുന്ന ഒരു വസ്ത്രമാണ് സാരി. കാലം എത്ര പുരോഗമിച്ചിട്ടും ആറ് മുതല്‍ 9 മീറ്റര്‍ വരെ നീളമുള്ള ഈ വസ്ത്രം ഉടുക്കാന്‍ സ്ത്രീകള്‍ മടി കാണിക്കുന്നില്ല. തിരക്കിന്റെയും ഫാഷന്റെയും പേരില്‍ മാറ്റി നിര്‍ത്തപ്പെടുന്ന ഒന്നല്ല ഇത്. ജീവിതത്തില്‍ ഒരു തവണയെങ്കിലും സാരി ഉടുക്കാത്ത സ്ത്രീകളും അപൂര്‍വം. അതുകൊണ്ടുതന്നെ സാരിക്കു മാത്രമായി അതും പരമ്പരാഗത ശൈലിയില്‍ കൈ കൊണ്ടു നെയ്യുന്ന കൈത്തറി വസ്ത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് സുത എന്ന സംരംഭം ശ്രദ്ധേയമാകുന്നത്. സഹോദരിമാരായ സുജാത, താനിയ എന്നിവര്‍ ചേര്‍ന്ന് മുംബൈ ആസ്ഥാനമാക്കി തുടങ്ങിയ സംരംഭം ഇന്ന് പ്രമുഖ ബ്രാന്‍ഡായി മാറിയിരിക്കുന്നു.

‘സുത’യ്ക്കു പിന്നിലെ സാരിക്കഥ

സുജാത, താനിയ.. ഇരുവരുടേയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് സംരംഭത്തിന് പേരിട്ടിരിക്കുന്നത്. ചെറുപ്പത്തില്‍ അമ്മയും മുത്തശ്ശിയും ധരിച്ചിരുന്ന സാരിയുടെ ഗുണങ്ങളും മൃദുലതയും ഫാഷനുകളും ഓര്‍ത്തെടുത്ത് ന്യൂജന്‍ വിപണിയിലേക്ക് അണിയിച്ചൊരുക്കുകയാണ് ഈ സഹോദരിമാര്‍. ഇന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ അന്യം നിന്നു പോകുന്ന നെയ്ത്തു രീതികളെ പുനരുജ്ജീവിപ്പിക്കാനും ഇവര്‍ തയാറായിരിക്കുന്നു. പ്രൊഫഷണലി എന്‍ജിനിയറിംഗ് പശ്ചാത്തലമുള്ള ഈ സഹോദരിമാര്‍ കോര്‍പ്പറേറ്റ് മേഖലയില്‍ വര്‍ഷങ്ങളോളം ജോലി ചെയ്ത ശേഷമാണ് സ്വന്തം സംരംഭത്തിലേക്ക് ചുവടുവെച്ചത്. ബിസിനസ് ചിന്താഗതിയില്‍ ഇരുവര്‍ക്കുമുള്ള യോജിപ്പ് ഒരുമിച്ച് ഒരേ സംരംഭത്തില്‍ പങ്കാളികളാകാനും പ്രേരണ നല്‍കി. സുതയുടെ ധ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് അതൊരു മികച്ച കാരണമായി എന്നുതന്നെ പറയാം.

മൂന്നു വര്‍ഷം മുമ്പാണ് മുംബൈ ആസ്ഥാനമാക്കി സുത ഔദ്യോഗികമായി തുടങ്ങിയത്. തുണിത്തരങ്ങളോടും വ്യത്യസ്ത ഡിസൈനുകളോടുമുള്ള താല്‍പ്പര്യവും കഴിവുള്ള നെയ്ത്തുകാരെ ശാക്തീകരിക്കാനുള്ള തീരുമാനവുമാണ് സുതയ്ക്ക് പിന്നില്‍, ഒരോ നൂലിഴകളുടേയും മാജിക്, ഒരു കാന്തമെന്ന പോലെ തങ്ങളെ ആകര്‍ഷിച്ചുവെന്ന് സുജാതയും താനിയയും ഒരുപോലെ ശരിവെക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് സുതയുടെ വിപണനവും മാര്‍ക്കറ്റിംഗും കൂടുതലായി നടക്കുന്നത്.

നെയ്ത്ത് ജോലിക്കാര്‍ക്കൊരു കൈത്താങ്ങ്

സംരംഭം തുടങ്ങുന്നതിന് മുമ്പ്, കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച സുജാതയും താനിയയും മോഡലിംഗ് ഫോട്ടോ ഷൂട്ട് അടക്കമുള്ളവ പരീക്ഷിച്ചിരുന്നു. സ്വയം ഡിസൈന്‍ ചെയ്ത ചില വസ്ത്രങ്ങള്‍ അണിഞ്ഞ് ഫോട്ടോഷൂട്ട് ലഭിക്കുന്നതിനായി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തെങ്കിലും പ്രതീക്ഷകള്‍ക്കു വിപരീതമായി ആ വസ്ത്രങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളായിരുന്നു അവര്‍ക്ക് ലഭിച്ചത്. അതോടുകൂടി തങ്ങള്‍ക്ക് കൂടുതല്‍ ഇണങ്ങുന്ന വസ്ത്ര നിര്‍മാണ വിപണിയിലേക്ക് ഇരുവരും ചുവടുവെക്കുകയായിരുന്നു. പിന്നീട് മികച്ച തുണിത്തരങ്ങളും നെയ്ത്തുകാരെയും കണ്ടെത്തുന്നതായി അടുത്ത പടി. ആ യാത്ര അവസാനിച്ചത് മധ്യപ്രദേശ്, മേഘാലയ, ബനാറസി സാരികളുടെ സങ്കേതമായ വാരണാസി, ഒഡിഷയിലെ മനിയാബന്ധ, ഗുജറാത്തിലെ കച്ച്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലാണ്.

രാജ്യത്തുടനീളം 50 നെയ്ത്തുകാരുള്ള സംരംഭം 20 അംഗ ടീമിന്റെ സഹായത്തോടെ ബിസിനസ് മേഖലയില്‍ മികവുറ്റ രീതിയില്‍ മുന്നോട്ടു പോകുകയാണിപ്പോള്‍. രാജ്യത്തിന് പുറത്തേക്കും ആവശ്യക്കാര്‍ക്ക് സുത ഷിപ്പ്‌മെന്റ് നടത്തിവരുന്നു. ജാംദനി, മല്‍മല്‍, ബനാറസി എന്നിവയ്ക്കാണ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കൂടുതല്‍ ആവശ്യക്കാരുള്ളത്.

രണ്ടു നെയ്ത്തു ജോലിക്കാരുമായാണ് സുതയുടെ തുടക്കം. അക്കാലത്ത് ഓരോ മൂന്നു നാലു ദിവസം കഴിയുമ്പോഴും ഒരു സാരി വീതമാണ് സംരംഭത്തിലേക്ക് എത്തിയത്. പടിപടിയായി നെയ്ത്തുകാരുടെ എണ്ണം ഉയര്‍ത്തി സംരംഭം പിച്ചവെച്ചുതുടങ്ങി. അസംഘടിതരായ നെയ്ത്തുകാര്‍ക്ക് ഒരു സ്ഥിരവരുമാനം നല്‍കാന്‍ ഈ യുവ വനിതാ സംരംഭകര്‍ക്കായതോടെ കൂടുതല്‍ നെയ്ത്തുകാര്‍ സംരംഭത്തിന്റെ ഭാഗമാകാന്‍ തയാറായി. സുത തുടങ്ങി ഒന്നര വര്‍ഷത്തിനുള്ളില്‍ വാര്‍ഷിക വരുമാനം 1.12 കോടിയില്‍ എത്തിക്കാന്‍ കഴിഞ്ഞതോടെ ബിസിനസിലെ ആത്മവിശ്വാസം പതിന്‍മടങ്ങു കൂടിയെന്ന് ഇരുവരും ചൂണ്ടിക്കാട്ടുന്നു. ഇ-കൊമേഴ്‌സ് മേഖലയില്‍ വിപണനം ചെയ്യുന്ന കമ്പനിക്ക് തുടങ്ങി ആറുമാസത്തിനുള്ളില്‍ ഇന്‍സ്റ്റഗ്രാമില്‍ 32,000 ഫോളോവേഴ്‌സിനെയാണ് ലഭിച്ചത്. അതും യാതൊരുവിധ പരസ്യങ്ങളും ചെയ്യാതെ വിപണിയില്‍ വളര്‍ച്ച നേടാന്‍ അവര്‍ക്കായി.

രണ്ടു വര്‍ഷം മുമ്പ് മുംബൈയിലെ ഒരു എക്‌സിബിഷന്‍ സെന്ററിലുണ്ടായ തീപിടിത്തത്തില്‍ സുതയുടെ സ്റ്റാളും അകപ്പെട്ടു. വന്‍പിച്ച നഷ്ടമുണ്ടായെങ്കിലും ആ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ സുജാതയ്ക്കും താനിയയ്ക്കും കഴിഞ്ഞു. നിലവില്‍ 5.5 കോടി രൂപ വാര്‍ഷിക വരുമാനം നേടുന്ന കമ്പനി മാസം തോറും 10 ശതമാനം വീതം വളര്‍ച്ച രേഖപ്പെടുത്തുന്നതായി സംരംഭകര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്തവര്‍ഷം വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതികളും കമ്പനി ആവിഷ്‌കരിച്ചു വരികയാണ്.

Comments

comments

Categories: FK News