‘നൂറ്റാണ്ടിന്റെ ഉടമ്പടി’ പശ്ചിമേഷ്യന്‍ സാമ്പത്തിക പദ്ധതിയുടെ വിവരങ്ങള്‍ പുറത്ത് വിട്ട് അമേരിക്ക

‘നൂറ്റാണ്ടിന്റെ ഉടമ്പടി’ പശ്ചിമേഷ്യന്‍ സാമ്പത്തിക പദ്ധതിയുടെ വിവരങ്ങള്‍ പുറത്ത് വിട്ട് അമേരിക്ക
  • 50 ബില്യണ്‍ ഡോളറിന്റെ ആഗോള നിക്ഷേപ ഫണ്ടും 5 ബില്യണ്‍ ഡോളറിന്റെ ഗതാഗത ഇടനാഴിയും
  • ഗള്‍ഫ്, യൂറോപ്പ്, ഏഷ്യന്‍ രാഷ്ട്രങ്ങളുടെ സാമ്പത്തിക സഹകരണം ലക്ഷ്യം
  • ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌ന പരിഹാരത്തില്‍ ട്രംപിന്റെ സമാധാന പദ്ധതിയുടെ ആദ്യഘട്ടം

വാഷിംഗ്ടണ്‍: പലസ്തീനിന്റെയും അടുത്തുള്ള അറബ് രാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതിയെ മാറ്റിമറിക്കുമെന്ന് കരുതപ്പെടുന്ന ‘പശ്ചിമേഷ്യന്‍ സാമ്പത്തിക പദ്ധതി’യെ കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് വൈറ്റ്ഹൗസ്. ഏതാണ്ട് 50 ബില്യണ്‍ ഡോളറിന്റെ ആഗോള നിക്ഷേപ ഫണ്ടും വെസ്റ്റ്ബാങ്കിനെ ഗാസയുമായി ബന്ധിപ്പിക്കുന്ന 5 ബില്യണ്‍ ഡോളറിന്റെ ഗതാഗത ഇടനാഴിക്ക് വേണ്ട ഫണ്ടും ഉള്‍പ്പെടുന്ന ഈ ബൃഹത് പദ്ധതി വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉപദേഷ്ടാവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനുമായ ജാവേദ് കുഷ്‌നറിന്റെ സ്വപ്‌ന പദ്ധതിയാണെന്ന് പറയാം.

‘സമാധാനത്തില്‍ നിന്ന് സമൃദ്ധയിലേക്ക്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പദ്ധതി വരുന്ന ആഴ്ച ബഹ്‌റൈനില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കാനിരിക്കുകയാണ് കുഷ്‌നര്‍. 179 ഓളം അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ബിസിനസ് പദ്ധതികളുമാണ് ഈ സമാധാന പദ്ധതിയുടെ കാതലെന്ന്് പറയപ്പെടുന്നു.

സാമ്പത്തിക പദ്ധതി മുന്നോട്ട് വെക്കുന്ന 50 ബില്യണ്‍ ഡോളര്‍ വരുന്ന ഫണ്ടിന്റെ ഭൂരിഭാഗവും പത്ത് വര്‍ഷങ്ങള്‍ കൊണ്ട് സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന പലസ്തീന്‍ മേഖലകളില്‍ ചിലവഴിക്കുമെന്നാണ് കുഷ്‌നര്‍ പറയുന്നത്. ശേഷിക്കുന്ന തുക ഈജിപ്ത്, ലെബനന്‍, ജോര്‍ദാന്‍ എന്നീ രാഷ്ട്രങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനായി വിനിയോഗിക്കും. ഈജിപ്തിലെ സിനായി ഉപദ്വീപിന് വേണ്ടിയുള്ള ചില പ്രോജക്ടറുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ നടത്തുന്ന നിക്ഷേപങ്ങള്‍ സിനായിക്കടുത്തുള്ള ദരിദ്രര്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശ നഗരമായ ഗാസയിലെ പലസ്തീന്‍ ജനതയ്ക്ക് ഗുണകരമാകുമെന്ന് അമേരിക്ക അവകാശപ്പെടുന്നു.

പലസ്തീനിലെ ടൂറിസം മേഖലയെ കൈപിടിച്ചുയര്‍ത്തുന്നതിന് വേണ്ടി ഏതാണ്ട് ഒരു ബില്യണ്‍ ഡോളറോളം തുക പദ്ധതിയില്‍ നീക്കി വെച്ചിട്ടുണ്ട്. പക്ഷേ ഇസ്രയേല്‍ സേനയും ഹമാസ് അധീനതയിലുള്ള ഗാസയിലെ തീവ്രവാദികളും തമ്മില്‍ നിരന്തരമായ ഏറ്റുമുട്ടലുകള്‍ നടക്കുന്ന ഒരിടം വിനോദ സഞ്ചാര മേഖലയായി ഉയര്‍ത്തുകയെന്നത് എത്രത്തോളം പ്രായോഗികമാണെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. സമ്പന്നരായ ഗള്‍ഫ് രാഷ്ട്രങ്ങളും യൂറോപ്പിലെയും ഏഷ്യയിലെയും രാഷ്ട്രങ്ങളും സ്വകാര്യ നിക്ഷേപകരും തങ്ങളുടെ ഈ സ്വപ്‌ന പദ്ധതിക്കായി അവരുടെ സഹായഹസ്തങ്ങള്‍ നീട്ടുമെന്നാണ് ട്രംപ് ഭരണകൂടം കരുതുന്നതെന്ന് കുഷ്‌നര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ആദ്യം പദ്ധതിയില്‍ ജനസമ്മിതി നേടുകയും പിന്നീട് അതില്‍പ്പറഞ്ഞ പ്രോജക്ടുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ തല്‍പ്പരരായ ആളുകളുമായി ചര്‍ച്ചകള്‍ നടത്തുകയുമാണ് വേണ്ടതെന്നും കുഷ്‌നര്‍ പറഞ്ഞു.

ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌ന പരിഹാരത്തിനായി താന്‍ മുന്നോട്ടുവെച്ച ഫോര്‍മുലയെ സ്ഥിതിഗതികളെല്ലാം മാറ്റിമറിക്കാന്‍ കഴിവുള്ള ഒന്നായിട്ടാണ് കാണുന്നതെന്ന് റോയിട്ടേഴ്‌സിന് അനുവദിച്ച അഭിമുഖത്തില്‍ കുഷ്‌നര്‍ പറഞ്ഞു. എന്നാല്‍ അമേരിക്കയുടെ പിന്തുണയോടെ ദശാബ്ദങ്ങളായി നടന്നുവരുന്ന സമാധാന ദൗത്യങ്ങളെല്ലാം പരാജയപ്പെട്ട ഇടത്ത് കുഷ്‌നറുടെ പദ്ധതി വിജയം കാണുമെന്ന് പശ്ചിമേഷ്യയിലെ ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നില്ല.

തകര്‍ച്ചയുടെ വക്കിലുള്ള പലസ്തീന്‍-ഇസ്രയേല്‍ ബന്ധം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള അമേരിക്കയുടെ നേതൃത്വത്തിലുള്ള സമാധാന നീക്കത്തിന്റെ ഭാഗമായ ഈ സാമ്പത്തിക പദ്ധതി പലസ്തീന്‍ കഴിഞ്ഞ ദിവസവും വിമര്‍ശിക്കുകയുണ്ടായി. ദശാബ്ദങ്ങള്‍ പഴക്കമുള്ള പലസ്തീന്‍-ഇസ്രയേല്‍ പ്രശ്‌നത്തിന് രാഷ്ട്രീയമായി പരിഹാരമുണ്ടായെങ്കില്‍ മാത്രമേ കുഷ്‌നറും അദ്ദേഹത്തിന്റെ അനുയായികളും രണ്ടുവര്‍ഷക്കോളം രാപ്പകല്‍ കഷ്ടപ്പെട്ട് രൂപം നല്‍കിയ ഈ സ്വപ്‌നപദ്ധതി ഫലം കാണൂ.

രണ്ടുവര്‍ഷത്തെ അമാന്തത്തിനും ആലോചനകള്‍ക്കും ഒടുവിലാണ് പലസ്തീനിനും ഇസ്രയേലിനും ഇടയില്‍ സമാധാനം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയുള്ള ഒരു പദ്ധതിയുടെ രൂപരേഖ അമേരിക്ക അവതരിപ്പിക്കുന്നത്. ബഹ്‌റൈനിലെ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ബഹിഷ്‌കരിക്കുന്ന പലസ്തീന്‍ 2017ല്‍ ജെറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചത് മുതല്‍ ട്രംപ് ഭരണകൂടവുമായി ചര്‍ച്ചകള്‍ക്ക് തയാറായിട്ടില്ല. സമാധാന നീക്കത്തിന്റെ ഭാഗമായുള്ള കുഷ്‌നറുടെ സാമ്പത്തിക പദ്ധതിയുടെ വിശദാംശങ്ങള്‍ ശനിയാഴ്ച പുറത്തുവന്നതിന് ശേഷം പലസ്തീനു വേണ്ടി വിലപേശലുകള്‍ നടത്തുന്നവരില്‍ പ്രമുഖനായ ഹനാന്‍ അഷ്‌റാവി അവ തള്ളിക്കളഞ്ഞു കൊണ്ട് പറഞ്ഞത് ഇവയെല്ലാം ആഗ്രഹങ്ങളും പൊള്ളയായ വാഗ്ദാനങ്ങളും മാത്രമാണെന്നാണ്. രാഷ്ട്രീയ സമവായത്തിലൂടെ മാത്രമേ മേഖലയിലെ സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരമാകൂ എന്നും അദ്ദേഹം പറഞ്ഞു.

‘നൂറ്റാണ്ടിലെ കരാര്‍’ എന്ന നിലയിലുള്ള പദ്ധതിയെ ആക്രമിക്കുന്നത് കാണുമ്പോള്‍ തനിക്ക് ചിരിയാണ് വരുന്നതെന്ന് പദ്ധതി തള്ളിക്കളഞ്ഞ പലസ്തീന്‍ നേതാക്കളെ ലക്ഷ്യം വെച്ച് കുഷ്‌നര്‍ പറഞ്ഞു. ഈ പദ്ധതി സ്വീകരിക്കാനുള്ള ധൈര്യമുണ്ടെങ്കില്‍ നൂറ്റാണ്ടിന്റെ അവസരമായി ഇത് മാറുമെന്നും കുഷ്‌നര്‍ അവകാശപ്പെട്ടു. പലസ്തീനിലെ ചില ബിസിനസുകാര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും കുഷ്‌നര്‍ അറിയിച്ചു. എന്നാല്‍ അവര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. പക്ഷേ പലസ്തീനിലെ ഭൂരിഭാഗം വരുന്ന ബിസിനസുകാരും കോണ്‍ഫറന്‍സില്‍ പങ്കെടുക്കില്ലെന്നാണ് വെസ്റ്റ്ബാങ്ക് നഗരമായ റമ്മള്ളയിലെ ബിസിനസുകാര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞത്.

നൂറ്റാണ്ടിന്റെ കരാറെന്ന് വിശേഷിപ്പിക്കുന്ന ട്രംപിന്റെ സമാധാന പദ്ധതിയുടെ ആദ്യഘട്ടം കുഷ്‌നര്‍ അവതരിപ്പിക്കുന്നത് കാണുന്നതിനായി സൗദി അറേബ്യ ഉള്‍പ്പടെ നിരവധി അറബ് രാഷ്ട്രങ്ങള്‍ ജൂണ്‍ 25-26 തീയതികളില്‍ ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്. മേഖലയില്‍ തങ്ങളുടെ ബദ്ധവൈരിയായ ഇറാനോട് ട്രംപ് സ്വീകരിക്കുന്ന കടുത്ത നിലപാടിലുള്ള പ്രത്യുപകാര സൂചകമാണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ പങ്കാളിത്തമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ അടക്കം പറച്ചിലുണ്ട്. പലസ്തീന്‍ അധികാരികള്‍ പങ്കെടുക്കില്ലെന്ന് ഉറപ്പിച്ചതിനാല്‍ ഇസ്രയേല്‍ അധികൃതര്‍ക്കും കോണ്‍ഫറന്‍സിലേക്ക് ക്ഷണമുണ്ടാകില്ലെന്ന് വൈറ്റ്ഹൗസ് പറഞ്ഞു. പകരം ഇസ്രയേലില്‍ നിന്നുള്ള ചെറിയൊരു പ്രതിനിധി സംഘത്തെ മാത്രം ക്ഷണിക്കും.

രാഷ്ട്രീയ തര്‍ക്കങ്ങള്‍ ഇനിയും ബാക്കി

അധികാരത്തെ ചൊല്ലിയുള്ള രാഷ്ട്രീയ തര്‍ക്കങ്ങള്‍ ആണ് ദശാബ്ദങ്ങളായുള്ള പലസ്തീന്‍ സംഘര്‍ഷത്തിന്റെ മൂലകാരണം. ഇത് പരിഹരിക്കപ്പെടാതെ നിലനില്‍ക്കുന്ന അവസ്ഥയില്‍ പദ്ധതിക്ക് വേണ്ടി പണപ്പെട്ടികള്‍ നീട്ടുമെന്ന് കരുതപ്പെടുന്ന രാജ്യങ്ങള്‍ ഉടന്‍ തന്നെ അതിന് തയാറാകുമോ എന്നതില്‍ പൊതുവേ സംശയമുണ്ട്.

തന്റെ ഭാര്യാപിതാവിനെ പോലെ തന്നെ ന്യൂയോര്‍ക്കിലെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളുടെ ലോകത്ത് നിന്നും അധികാര കസേരയിലെത്തിയ 38കാരനായ കുഷ്‌നര്‍ ഈ സമാധാന പദ്ധതിയെ ഒരു ബിസിനസ് ഇടപാടിന് സമാനമായാണ് കൈകാര്യം ചെയ്യുന്നതെന്ന് അനലിസ്റ്റുകളും മുന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരും കുറ്റപ്പെടുത്തുന്നു. രാഷ്ട്രീയ അരക്ഷിതാവസ്ഥയെ ഒരു ഭാഗത്ത് നിര്‍ത്തി സാമ്പത്തിക വിഷയങ്ങളില്‍ ആദ്യം സമവായമുണ്ടാക്കാനുള്ള കുഷ്‌നറുടെ ശ്രമം യാഥാര്‍ത്ഥ്യങ്ങളെ അവഗണിക്കുന്ന തരത്തിലുള്ളതാണെന്നും വിദഗ്ധര്‍ വിമര്‍ശിക്കുന്നു. ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നം പ്രാഥമികമായി ചരിത്രപരമായുള്ള മുറിപ്പാടുകളെയും ഭൂമിക്കും പുണ്യസ്ഥാനങ്ങള്‍ക്കും വേണ്ടിയുള്ള അവകാശവാദങ്ങളെയും അടിസ്ഥാനപ്പെടുത്തിയുള്ളത് ആയതുകൊണ്ട് തന്നെ കുഷ്‌നറുടെ ശ്രമം പൂര്‍ണമായും നിര തെറ്റിയുള്ളതാണെന്ന് നേരത്തെ സമാധാന ദൗത്യങ്ങളില്‍ പങ്കെടുത്തിട്ടുള്ള പശ്ചിമേഷ്യയില്‍ നിന്നുള്ള ആരോണ്‍ ഡേവിഡ് മില്ലര്‍ വിമര്‍ശിക്കുന്നു.

രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ സാമ്പത്തിക പദ്ധതി നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് കുഷ്‌നര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടം അക്കാര്യം പിന്നീട് പരിഗണിക്കുമെന്നാണ് കുഷ്‌നര്‍ പറയുന്നത്. നവംബറിന് ശേഷം മാത്രം പ്രതീക്ഷിക്കപ്പെടുന്ന സമാധാന പദ്ധതിയുടെ രണ്ടാംഘട്ടത്തിലാണ് രാഷ്ട്രീയ സമവായ നീക്കങ്ങള്‍ ഉള്‍പ്പെടുന്നതെന്ന സൂചനയാണ് കുഷ്‌നറിന്റെ വാക്കുകളിലുള്ളത്.

ഇസ്രയേലിന് മുന്‍തൂക്കം നല്‍കിയുള്ള പദ്ധതിയെന്ന് ആരോപിച്ചും അവരുടെ പരമാധികാരം അംഗീകരിക്കാന്‍ വിസമ്മതിച്ചുമാണ് പലസ്തീന്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള പദ്ധതിയെ തള്ളിക്കളയുന്നത്.

എന്നാല്‍ സമാധാന കരാറിനായുള്ള വിലപേശല്‍ ചര്‍ച്ചകളിലേക്ക് മടങ്ങിവരാന്‍ തയ്യാറാണെങ്കില്‍ പ്രതീക്ഷാനിര്‍ഭരമായ ഒരു ഭാവി തങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന് പലസ്തീന്‍ ജനതയ്ക്ക് മനസിലാക്കിക്കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് താന്‍ ഈ സാമ്പത്തിക പദ്ധതികള്‍ അവതരിപ്പിച്ചതെന്ന് കുഷ്‌നര്‍ സൂചിപ്പിക്കുന്നു. മാത്രമല്ല, പദ്ധതിയില്‍ തല്‍പ്പരരായ രാഷ്ട്രങ്ങളിലെ സര്‍ക്കാരുകള്‍ക്ക് ഉടന്‍ തന്നെ ഒരു സാമ്പത്തിക ഉടമ്പടിയില്‍ ഒപ്പുവെക്കേണ്ടതായി വരില്ലെന്നും കുഷ്‌നര്‍ ഉറപ്പ് നല്‍കുന്നു. ”കാര്യങ്ങള്‍ കേള്‍ക്കാനും അതിന്റെ ഭാഗമാകാനും അവര്‍ താല്‍പ്പര്യം കാണിച്ചുവെന്നത് തന്നെ ചെറിയൊരു വിജയമാണ്”. മുമ്പ്, പലസ്തീന്‍ നേതാക്കള്‍ ചര്‍ച്ചകള്‍ക്ക് തയാറായിരുന്നുവെന്നും ആരും അനുസരണക്കേട് കാണിച്ചിട്ടില്ലെന്നും കുഷ്‌നര്‍ ചൂണ്ടിക്കാട്ടി.

ഗതാഗത ഇടനാഴി

പലസ്തീനും അയല്‍രാജ്യങ്ങള്‍ക്കും വേണ്ടിയുള്ള കുഷ്‌നറിന്റെ പ്രസ്തുത നിക്ഷേപ ഫണ്ട് ‘ബഹുമുഖ വികസന ബാങ്കി’ലൂടെയായിരിക്കും ചിലവഴിക്കപ്പെടുക. അന്താരാഷ്ട്ര നാണ്യനിധിയും ലോക ബാങ്കും അടക്കമുള്ള ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ ബഹ്‌റൈനില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. നിക്ഷേപങ്ങള്‍ക്ക് സംരക്ഷണമൊരുക്കുന്നതിനായി സുതാര്യമായും അഴിമതിരഹിതമായും ഉത്തരവാദിത്വത്തോടും ഉപാധികളോടും കൂടിയായിരിക്കും ഫണ്ട് കൈകാര്യം ചെയ്യുക.

വെസ്റ്റ്ബാങ്കിനെയും ഗാസയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന,ഇസ്രയേലിലൂടെ കടന്നുപോകുന്ന, പലസ്തീന്‍ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഗതാഗത ഇടനാഴി കുഷ്‌നറുടെ പദ്ധതിയിലെ സുപ്രധാനമായ ഒന്നാണ്. ഒരു ഹൈവേയും ഒരു റെയില്‍വേ പാതയും ആയിരിക്കും ഈ ഗതാഗത ഇടനാഴിയില്‍ ഉണ്ടായിരിക്കുക. ഇസ്രയേലിലെ ഗതാഗത നിയന്ത്രണങ്ങള്‍ മൂലം ദീര്‍ഘകാലമായി വിഭജിക്കപ്പെട്ട് കഴിയുന്ന പലസ്തീന്‍ ജനത അധിവസിക്കുന്ന ഈ രണ്ടിടങ്ങളും തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരം 40 കി.മീ ആണ്.

ഈ പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ ഗാസയിലും വെസ്റ്റ് ബാങ്കിലുമായി ലക്ഷക്കണക്കിന് തൊഴിലുകള്‍ സൃഷ്ടിക്കാന്‍ അതിലൂടെ സാധിക്കുമെന്ന് കുഷ്‌നര്‍ അവകാശപ്പെടുന്നു. ഇത് പലസ്തീനിലെ ദാരിദ്ര്യം പകുതിയായി കുറയ്ക്കുമെന്നും പലസ്തീനുകാരുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം ഇരട്ടിയാക്കുമെന്നും കുഷ്‌നര്‍ അവകാശപ്പെടുന്നു.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വലിയൊരു വിഭാഗം വിദേശ നിക്ഷേപകരും ഈ സാമ്പത്തിക പദ്ധതിയില്‍ നിന്നും അകന്ന് നില്‍ക്കാനാണ് സാധ്യത. അത് സുരക്ഷയും അഴിമതിയും സംബന്ധിച്ച അവരുടെ ആശങ്കകള്‍ കൊണ്ട് മാത്രമല്ല, ആളുകളുടെയും ചരക്കുകളുടെയം സേവനങ്ങളുടെയും സ്വതന്ത്ര നീക്കം തടസ്സപ്പെട്ട് ഇസ്രയേലിലെ വെസ്റ്റ് ബാങ്ക് തൊഴില്‍രംഗത്ത് നിന്നുമുള്ള വരുമാന സ്രോതസുകള്‍ മങ്ങുന്നതും അങ്ങനെ പലസ്തീന്‍ സമ്പദ് വ്യവസ്ഥ ഇഴയുന്നതും അതിനൊരു കാരണമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

മാര്‍ഷല്‍ പദ്ധതിയോട് സാദൃശ്യമുള്ള ഒന്നായാണ് കുഷ്‌നര്‍ തന്റെ സാമ്പത്തിക പദ്ധതിയെ കണക്കാക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ പടിഞ്ഞാറന്‍ യൂറോപ്പിനെ പുനര്‍നിര്‍മിക്കുന്നതിനായി 1948ല്‍ അമേരിക്ക അവതരിപ്പിച്ച പദ്ധതിയാണ് മാര്‍ഷല്‍ പദ്ധതി. അമേരിക്ക ഫണ്ട് ചെയ്ത മാര്‍ഷല്‍ പദ്ധതിയില്‍ നിന്നും വ്യത്യസ്തമായി കുഷ്‌നറുടെ പദ്ധതി അതിന്റെ സാമ്പത്തിക ഭാരം പല രാജ്യങ്ങള്‍ക്കും വീതിച്ച് നല്‍കിയിരിക്കുന്നുവെന്ന് മാത്രം.

മികച്ച രീതിയിലുള്ള ഒരു ഭരണ സംവിധാനം ഉണ്ടെങ്കില്‍ പദ്ധതിയില്‍ വലിയൊരു നിക്ഷേപം നടത്തുന്ന കാര്യം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരിഗണിക്കുമെന്ന് കുഷ്‌നര്‍ പറയുന്നുണ്ടെങ്കിലും വിദേശ ധനസഹായങ്ങളോട് എപ്പോഴും വിമുഖത കാണിക്കുന്ന ട്രംപ് എത്ര തുക പദ്ധതിക്കായി ചിലവഴിക്കുമെന്ന ഒരു സൂചനയും കുഷ്‌നര്‍ നല്‍കിയിട്ടില്ല.

ഇതിന് മുമ്പും ഇസ്രയേല്‍-പാലസ്തീന്‍ വിഷയത്തില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സമാധാന ദൗത്യങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും രാഷ്ട്രീയമായി യാതൊരു പുരോഗതിയും ഉണ്ടാകാതെ അവയെല്ലാം പരാജയപ്പെടുകയാണ് ഉണ്ടായത്. പക്ഷേ ഇതുവരെ ഉണ്ടായതില്‍ വെച്ച് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വിശദീകരിക്കപ്പെടുകയും ചെയ്ത ഈ പദ്ധതി 40, 96 പേജുകള്‍ വീതമുള്ള ലഘുലേഖകളാക്കി സാമ്പത്തിക പട്ടികകളും മുന്‍ഗണനകളും അവതരിപ്പിച്ചിരിക്കുന്നു. മനാമയില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ പക്ഷേ, പദ്ധതിയുടെ രണ്ടാം ഘട്ടമായ രാഷ്ട്രീയ ഭാഗം ചര്‍ച്ച ചെയ്യില്ലെന്ന് കുഷ്‌നര്‍ വ്യക്തമാക്കിയിട്ടുണ്ട്.

തങ്ങളുടെ ഭാവി തലസ്ഥാനമെന്ന് പലസ്തീന്‍ കരുതുന്ന ജെറുസലേമിന് വേണ്ടി ഒരു വികസന പദ്ധതികളും കുഷ്‌നര്‍ തന്റെ സാമ്പത്തിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. എന്നിരുന്നാലും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന, സൗദിയിലെയും മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളിലെയും പ്രതിനിധികള്‍ തങ്ങള്‍ കേട്ട കാര്യങ്ങള്‍ വച്ച് ഈ പദ്ധതി പരിഗണിക്കണമെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് കുഷ്‌നര്‍ കരുതുന്നത്. ‘പലസ്തീന്‍ ജനതയുടെ മെച്ചപ്പെട്ട ജീവിതം മുന്നില്‍ കണ്ടുകൊണ്ട്, മികച്ച ഒരു ഉടമ്പടി നേടിയെടുക്കുന്നതിനായി ചര്‍ച്ചകള്‍ക്കായി നിങ്ങള്‍ തയ്യാറാകണമെന്ന് ആഗ്രഹിക്കുന്നു’ എന്ന സന്ദേശം റാമള്ളയിലേക്ക് അവര്‍ എത്തിക്കണമെന്നാണ് കുഷ്‌നര്‍ ആഗ്രഹിക്കുന്നത്.

Comments

comments

Categories: Arabia