ധനക്കമ്മി ബജറ്റ് ലക്ഷ്യത്തിന്റെ 22 ശതമാനമായി: സിജിഎ

ധനക്കമ്മി ബജറ്റ് ലക്ഷ്യത്തിന്റെ 22 ശതമാനമായി: സിജിഎ
  • 1,57,048 കോടി രൂപയാണ് ഏപ്രിലിലെ ധനക്കമ്മി
  • നടപ്പു സാമ്പത്തിക വര്‍ഷം ധനക്കമ്മി ജിഡിപിയുടെ 3.4 ശതമാനത്തില്‍ നിലനിര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം

ന്യൂഡെല്‍ഹി: ഏപ്രില്‍ മാസത്തെ ധനക്കമ്മി 1,57,048 കോടി രൂപയിലെത്തിയതായി കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച ധനക്കമ്മി ലക്ഷ്യത്തിന്റെ 22 ശതമാനം വരുമിത്. മുന്‍ വര്‍ഷം സമാന കാലയളവിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ധനക്കമ്മിയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 0.75 ശതമാനമാണ് ഏപ്രിലില്‍ ധനക്കമ്മിയെന്നും എക്‌സ്‌പെന്‍ഡീച്ചര്‍ വകുപ്പ് അറിയിച്ചു.

നടപ്പു സാമ്പത്തിക വര്‍ഷം ജിഡിപിയുടെ 3.4 ശതമാനത്തില്‍ ധനക്കമ്മി നിലനിര്‍ത്താനാണ് ഇടക്കാല ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നിലവിലുള്ള സര്‍ക്കാരിന്റെ വരുമാനം ഉപയോഗിച്ച് ചെലവിടലിന്റെ 38 ശതമാനം മാത്രമെ നിറവേറ്റാന്‍ കഴിയുകയുള്ളു. വരുമാന കമ്മി ജിഡിപിയുടെ 0.61 ശതമാനമാണെന്നും കണ്‍ട്രോളര്‍ ജനറല്‍ ഓഫ് എക്കൗണ്ട്‌സിന്റെ കണക്കുകള്‍ പറയുന്നു.

ഏപ്രില്‍ മാസത്തെ സര്‍ക്കാരിന്റെ മൊത്തം ചെലവ് 2,54,679 കോടി രൂപയാണ്. ബജറ്റില്‍ കണക്കാക്കിയതിനെ ഒന്‍പത് ശതമാനം വരുമിത്. ഇതില്‍ വരുമാന ചെലവിടല്‍ 2,24,091 കോടി രൂപയും മൂലധന ചെലവിടല്‍ 30,588 കോടി രൂപയുമാണ്. 97,631 കോടി രൂപയാണ് ഏപ്രില്‍ മാസത്തെ സര്‍ക്കാരിന്റെ മൊത്തം വരുമാനം. ബജറ്റില്‍ കണക്കാക്കിയതിന്റെ അഞ്ച് ശതമാനം വരുമിത്. 1,21,190 കോടി രൂപയാണ് മൊത്തം നികുതി വരുമാനം. അറ്റ നികുതി വരുമാനം 71,637 കോടി രൂപയാണ്.

കേന്ദ്ര സര്‍ക്കാരിലേക്കെത്തിയ അറ്റ നികുതി വരുമാനവും (71,637 കോടി രൂപ) നികുതി ഇതര വരുമാനവും (23,293 കോടി രൂപ) മറ്റ് വരുമാനങ്ങളും (2,701 കോടി രൂപ) ചേരുമ്പോഴുള്ള ആകെ തുകയാണ് മൊത്തം വരുമാനം. മേയ് വിവിധ പദ്ധതികള്‍ക്കായി 2,012.70 കോടി രൂപയോളം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുവദിച്ചിരുന്നു. കേന്ദ്ര നികുതിയില്‍ 49,543.62 കോടി രൂപയുടെ വിഹിതം ഇക്കാലയളവില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി. 14-ാമത് ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം 3,850.57 കോടി രൂപയും മേയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയിട്ടുണ്ട്. എന്‍ഡിആര്‍എഫ് തുക 788.75 കോടി രൂപയാണ്.

Comments

comments

Categories: FK News