2025 മുതല്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ മതി

2025 മുതല്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ മതി

ഇവി പദ്ധതി സമര്‍പ്പിക്കാന്‍ ഇരുചക്ര വാഹന നിര്‍മാതാക്കള്‍ക്ക് രണ്ടാഴ്ച സമയം നല്‍കി നിതി ആയോഗ്

ന്യൂഡെല്‍ഹി: ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളില്‍ നിന്ന് മലിനീകരണ വിമുക്തമായ ഇലക്ട്രിക് വാഹനങ്ങളിലേക്ക് (ഇവി) മാറുന്നതിനായുള്ള പദ്ധതി തയാറാക്കാന്‍ മോട്ടോര്‍ബൈക്ക്, സ്‌കൂട്ടര്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ട് നിതി ആയോഗ്. ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്, ടിവിഎസ് ഉള്‍പ്പെടെയുള്ള കമ്പനികളുടെ പ്രതിനിധികളുമായി നിതി ആയോഗ് ഉദ്യോഗസ്ഥര്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് നിര്‍ദേശം. സര്‍ക്കാരിന്റെ ഇവി പദ്ധതിയോട് നിര്‍മാതാക്കള്‍ എതിര്‍പ്പു പ്രകടിപ്പിച്ച് ദിവസങ്ങള്‍ക്കകമാണ് നടപടി.

2025 മുതല്‍ എന്‍ജിന്‍ ശേഷി 150 സിസിയില്‍ കൂടുതലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളും മോട്ടോര്‍ ബൈക്കുകളും മാത്രമേ വിപണനം ചെയ്യാവൂയെന്നാണ് പ്രധാനമന്ത്രി അധ്യക്ഷനായ നിതി ആയോഗ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇവി സാങ്കേതികതയിലേക്ക് മാറുന്നത് ദേശീയ പ്രധാന്യമുള്ള കാര്യമാണെന്നും പരിസ്ഥിതി സൗഹൃദമായ മലിനീകരണ വിമുക്ത വാഹനങ്ങളിലേക്കുള്ള ആഗോള മാറ്റത്തില്‍ നിന്ന് ഇന്ത്യക്ക് ഒഴിഞ്ഞു നില്‍ക്കാനാകില്ലെന്നും യോഗത്തില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേ സമയം രാജ്യത്ത് വിതരണ ശൃംഖല, ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍, വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ എന്നിവ യാഥാര്‍ത്ഥ്യമാക്കുന്നതിന് മുന്‍പുള്ള പെട്ടെന്നുള്ള മാറ്റം ഇരുചക്രവാഹന വിപണിയിലെ ഇന്ത്യയുടെ മുന്‍നിര സ്ഥാനം നഷ്ടമാകാന്‍ കാരണമാകുമെന്നാണ് വ്യവസായ മേഖലയില്‍ നിന്നുള്ള പ്രതിനിധികള്‍ അഭിപ്രായപ്പെട്ടത്. ഓട്ടോ മേഖലയിലെ വില്‍പ്പന രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും ഇടിവ് നേരിടുന്ന സാഹചര്യത്തില്‍ പെട്ടെന്നുള്ള മാറ്റം വിപണിയുടെ തകര്‍ച്ചയ്ക്കും തൊഴില്‍ നഷ്ടത്തിനും ഇടയാക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഇരുചക്ര വാഹന വിപണിയായ ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം 20 ദശലക്ഷം സ്‌കൂട്ടറുകളും മോട്ടോര്‍ബൈക്കുകളുമാണ് വിറ്റുപോയത്.

യുബര്‍, ഒല അടക്കമുള്ള ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളോട് 2026 ഏപ്രിലോടെ അവുടെ വാഹനങ്ങളുടെ 40 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാനാണ് ആയോഗ് നിര്‍ദേശിച്ചിരിക്കുന്നത്. 2017 ല്‍ കാറുകള്‍ വൈദ്യുത ഇന്ധനത്തിലേക്ക് മാറ്റാന്‍ പുറത്തിറക്കിയ നിര്‍ദേശം നിര്‍മാതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.

Categories: FK News, Slider

Related Articles