ഡുവല്‍ ചാനല്‍ എബിഎസ് ജാവ ബൈക്കുകള്‍ ഈ മാസം ഡെലിവറി ചെയ്തുതുടങ്ങും

ഡുവല്‍ ചാനല്‍ എബിഎസ് ജാവ ബൈക്കുകള്‍ ഈ മാസം ഡെലിവറി ചെയ്തുതുടങ്ങും

ഡുവല്‍ ചാനല്‍ എബിഎസ് ജാവ മോട്ടോര്‍സൈക്കിളിന് 1.72 ലക്ഷം രൂപയും ജാവ ഫോര്‍ട്ടി ടു മോഡലിന് 1.63 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : ജാവ, ജാവ ഫോര്‍ട്ടി ടു (42) മോട്ടോര്‍സൈക്കിളുകളുടെ ഡുവല്‍ ചാനല്‍ എബിഎസ് വേര്‍ഷന്‍ ഈ മാസം ഡെലിവറി ചെയ്തുതുടങ്ങും. സിംഗിള്‍ ചാനല്‍ എബിഎസ് നല്‍കിയാണ് ഇരു ജാവ ബൈക്കുകളും ഇന്ത്യന്‍ വിപണിയില്‍ തിരികെയെത്തിച്ചത്. പിന്നീട് 2018 ഡിസംബറിലാണ് രണ്ട് ബൈക്കുകളുടെയും ഡുവല്‍ ചാനല്‍ എബിഎസ് വേര്‍ഷന്‍ പുറത്തിറക്കുകയാണെന്ന് ക്ലാസിക് ലെജന്‍ഡ്‌സ് പ്രഖ്യാപിച്ചത്.

മഹീന്ദ്ര ഗ്രൂപ്പിന്റെ ഉപ കമ്പനിയായ ക്ലാസിക് ലെജന്‍ഡ്‌സാണ് കഴിഞ്ഞ വര്‍ഷം ജാവ ബ്രാന്‍ഡ് പുനരുജ്ജീവിപ്പിച്ചത്. തുടര്‍ന്ന് രാജ്യമെമ്പാടും സിംഗിള്‍ ചാനല്‍ എബിഎസ് മോട്ടോര്‍സൈക്കിളുകള്‍ ഡെലിവറി ചെയ്തുതുടങ്ങിയിരുന്നു. ഡുവല്‍ ചാനല്‍ എബിഎസ് വേര്‍ഷന്‍ വിതരണമാരംഭിക്കുന്ന കാര്യം ക്ലാസിക് ലെജന്‍ഡ്‌സ് സഹസ്ഥാപകന്‍ അനുപം തരേജയാണ് സ്ഥിരീകരിച്ചത്. പ്രഖ്യാപിച്ച സമയക്രമം അനുസരിച്ചാണ് ഡുവല്‍ ചാനല്‍ എബിഎസ് ജാവ ബൈക്കുകളുടെ ഡെലിവറി ആരംഭിക്കുന്നത്.

ജാവ, ജാവ ഫോര്‍ട്ടി ടു എന്നീ രണ്ട് മോട്ടോര്‍സൈക്കിളുകളാണ് ജാവ നിലവില്‍ വില്‍ക്കുന്നത്. 293 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, 4 സ്‌ട്രോക്ക് എന്‍ജിന്‍ ഇരു ബൈക്കുകള്‍ക്കും കരുത്തേകുന്നു. 27 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുംവിധമാണ് എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. മധ്യപ്രദേശിലെ പീതംപുരില്‍ സ്ഥിതി ചെയ്യുന്ന മഹീന്ദ്ര പ്ലാന്റിലാണ് ബൈക്കുകള്‍ നിര്‍മ്മിക്കുന്നത്. വിപണിയില്‍ അവതരിപ്പിച്ചശേഷം ഉല്‍പ്പാദനം, ബുക്കിംഗ്, ഡെലിവറി എന്നിവയുടെ എണ്ണം ക്ലാസിക് ലെജന്‍ഡ്‌സ് വെളിപ്പെടുത്തിയിട്ടില്ല.

ഡുവല്‍ ചാനല്‍ എബിഎസ് ജാവ മോട്ടോര്‍സൈക്കിളിന് 1.72 ലക്ഷം രൂപയും ജാവ ഫോര്‍ട്ടി ടു മോഡലിന് 1.63 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. സിംഗിള്‍ ചാനല്‍ വേര്‍ഷനേക്കാള്‍ 8,000 രൂപ കൂടുതല്‍. ക്ലാസിക് ലെജന്‍ഡ്‌സ് തങ്ങളുടെ മൂന്നാമത്തെ മോഡലായി ജാവ പെരാക് ഈ വര്‍ഷം വിപണിയില്‍ അവതരിപ്പിക്കും. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ ജാവ മോട്ടോര്‍സൈക്കിളുകള്‍ വിറ്റുതീര്‍ന്നിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ ബുക്കിംഗ് കഴിഞ്ഞ വര്‍ഷം നിര്‍ത്തിവെച്ചു. അതേസമയം, ജാവ ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് നടത്താന്‍ കഴിയും. എന്നാല്‍ സെപ്റ്റംബര്‍ മാസത്തിന് ശേഷമായിരിക്കും ഡെലിവറി ചെയ്യുന്നത്.

Comments

comments

Categories: Auto
Tags: Jawa