വ്യാജ വാര്‍ത്തയും ആക്രമണങ്ങളും വാഴുന്ന സൈബറിടങ്ങള്‍

വ്യാജ വാര്‍ത്തയും ആക്രമണങ്ങളും വാഴുന്ന സൈബറിടങ്ങള്‍

ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്നു കരുതപ്പെടുന്ന ബോറിസ് ജോണ്‍സനെ 2018 ഓഗസ്റ്റില്‍ ബ്രെക്‌സിറ്റിനെ എതിര്‍ക്കുന്ന തീവ്രനിലപാടുള്ളവര്‍ വധിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും സ്‌പെയ്‌ന്റെ അധികാരികളാണ് ഈ ഗൂഢപദ്ധതി തകര്‍ത്തതെന്നും ഫേസ്ബുക്ക്, ട്വിറ്റര്‍, ബ്ലോഗിംഗ് സൈറ്റ്, ഫോറം ഉള്‍പ്പെടെയുള്ള 30-ാളം നവമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുകയുണ്ടായി. ഈ വാര്‍ത്തയ്ക്കു നിരവധി ലൈക്കുകളും കമന്റുകളും ഷെയറും ലഭിച്ചു. എന്നാല്‍ ഈ വാര്‍ത്തയും, അതിന് ലഭിച്ച ലൈക്കും കമന്റും ഷെയറുമൊക്കെ റഷ്യ തയാറാക്കിയ വ്യാജ നാടകത്തിന്റെ ഭാഗമായിരുന്നെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബോറിസ് ജോണ്‍സനെ വധിക്കാന്‍ ബ്രെക്‌സിറ്റിനെ എതിര്‍ക്കുന്നവര്‍ പദ്ധതിയിടുന്നുണ്ടെന്നതടക്കം നിരവധി വ്യാജ കഥകള്‍ റഷ്യന്‍ ചാരന്മാര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതായി പുതിയ പഠനം കണ്ടെത്തിയിരിക്കുന്നു. ഇംഗ്ലണ്ടിലെ സാലിസ്‌ബെറിയില്‍ മുന്‍ റഷ്യന്‍ ചാരനായിരുന്ന സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കുമെതിരേ നടന്ന രാസായുധ പ്രയോഗത്തില്‍ ഉപയോഗിച്ച ‘നോവിഷോക്ക് ‘ ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയായ റിയല്‍ ഐആര്‍എയില്‍നിന്നായിരുന്നെന്നും റഷ്യന്‍ ചാരന്മാര്‍ പ്രചരിച്ചതായി പഠനം വെളിപ്പെടുത്തുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ വേണ്ടിയാണ് ഈ പ്രവര്‍ത്തനം നടത്തിയത്. ഇത് നിരന്തരമായും, നൂതനമായ രീതിയിലും, ഫേസ്ബുക്കും ട്വിറ്ററുമടക്കം 30 പ്ലാറ്റ്‌ഫോമുകളില്‍, ഒന്‍പത് ഭാഷകളില്‍, അഞ്ച് വര്‍ഷത്തോളം അരങ്ങേറിയിരുന്നതായിട്ടാണു പഠനം വെളിപ്പെടുത്തുന്നത്. അറ്റ്‌ലാന്റിക് കൗണ്‍സില്‍ ഡിജിറ്റല്‍ റിസര്‍ച്ച് ലാബ് ആണ് പഠനം നടത്തിയത്.

ഈ വര്‍ഷം മേയ് മാസത്തില്‍ ഫേസ്ബുക്ക് താത്കാലികമായി മരവിപ്പിച്ച 16 എക്കൗണ്ടുകളുടെ ഒരു ഗ്രൂപ്പുണ്ടായിരുന്നു. ഈ ഗ്രൂപ്പിലേക്കുള്ള കണക്ഷനുകളെ പിന്തുടര്‍ന്നാണ് റഷ്യന്‍ ചാരന്മാരുടെ നെറ്റ്‌വര്‍ക്ക് കണ്ടെത്തിയത്. റഷ്യ പ്രചരിപ്പിച്ച വ്യാജ വാര്‍ത്തയില്‍ ഏറ്റവും സെന്‍സേഷണലായി കാണപ്പെട്ടത് ബോറിസ് ജോണ്‍സനെ ബ്രെക്‌സിറ്റിനെ തീവ്രമായി എതിര്‍ക്കുന്നവര്‍ വധിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന വാര്‍ത്തയായിരുന്നു. സ്പാനിഷ് വിദേശകാര്യമന്ത്രി ജോസഫ് ബോറെല്‍ നിയമനിര്‍മാതാവിന് അയച്ചതെന്നു തോന്നിപ്പിക്കുന്ന ഒരു കെട്ടിച്ചമച്ച കത്ത്, വ്യാജമായി സൃഷ്ടിച്ച ഫേസ്ബുക്ക് എക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഈ കത്തില്‍ വിദേശകാര്യമന്ത്രിയുടെ പേര് തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരുന്നത്. ഈ കത്തില്‍ ഓഫീസ് സീലും, ജോസഫ് ബോറെല്‍ ഫോണ്ടെനെല്ലസ് എന്ന സ്‌പെയ്‌ന്റെ വിദേശകാര്യമന്ത്രി ഒപ്പുമുണ്ടായിരുന്നു.

മറ്റൊരു വ്യാജ ട്വീറ്റ് പ്രചരിച്ചത് 2018-മാര്‍ച്ച മാസത്തില്‍ യുകെ പ്രതിരോധ സെക്രട്ടറി ഗവിന്‍ വില്യംസണിന്റെ പേരിലായിരുന്നു. ഇദ്ദേഹത്തിന്റേതെന്നു തോന്നിപ്പിക്കുന്ന ഒരു വ്യാജ ട്വീറ്റില്‍ ഐറിഷ് ആര്‍മിയുടെ ഐആര്‍എയാണ് മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനെയും മകളെയും രാസായുധമായ നോവിഷോക്കു കൊണ്ടു സാലിസ്‌ബെറിയില്‍ വച്ച് ആക്രമിക്കാന്‍ പദ്ധതിയിട്ടതെന്നു സൂചിപ്പിക്കുകയുണ്ടായി. 2018-നവംബറില്‍ യുഎസില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണങ്ങള്‍ അവതാളത്തിലാക്കാന്‍ ബ്രിട്ടീഷ് ചാരസംഘടന ആസൂത്രണം ചെയ്യുന്നുണ്ടെന്നു യുഎസ് സെനറ്റര്‍ മാര്‍ക്കോ റൂബിയോ ആരോപിക്കുന്ന വ്യാജ ട്വീറ്റും റഷ്യയുടെ ചാരന്മാര്‍ പ്രചരിപ്പിക്കുകയുണ്ടായി.
മീഡിയം, റെഡ്ഡിറ്റ്, ജര്‍മന്‍ വെബ്‌സൈറ്റായ ഹോമെന്റ്. കോം, സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡിബേ. ഓര്‍ഗ്, സ്‌പെയ്‌നിന്റെ ഗ്ലോബിഡിയ.കോം തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും റഷ്യയുടെ വ്യാജ പ്രചരണം അരങ്ങേറുകയുണ്ടായി. 2016 അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെടാനായി സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിച്ച കുപ്രസിദ്ധ ട്രോള്‍ ഫാക്റ്ററിയേക്കാളധികമായി ഈ പ്രചരണത്തില്‍ ഒരു ഇന്റലിജന്‍സ് ഏജന്‍സിയുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായിട്ടാണു മനസിലാക്കുവാന്‍ സാധിക്കുന്നതെന്നു പഠനം നടത്തിയ അറ്റ്‌ലാന്റിക് കൗണ്‍സിലിന്റെ ബെന്‍ നിമോ പറഞ്ഞു. ഈ ഇന്റലിജന്‍സ് ഏജന്‍സിയെന്നു പറയുന്നത് മിക്കവാറും റഷ്യയുടെ മിലിട്ടറി ഇന്റലിജന്‍സായ ജിആര്‍യു ആകാനാണു സാധ്യതയെന്നും നിമോ പറയുന്നു. 2016-ല്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ഇ-മെയ്ല്‍ ഹാക്ക് ചെയ്ത് പുറത്തുവിട്ടത് ജിആര്‍യു ആണെന്നു യുഎസ് അന്വേഷണ ഉദ്യോഗസ്ഥന്‍ റോബര്‍ട്ട് മ്യൂളര്‍ പറഞ്ഞിരുന്നു. യുഎസും യുകെയും തമ്മിലുള്ള പിരിമുറുക്കം വര്‍ധിപ്പിക്കുകയെന്നതാണു മോസ്‌കോയുടെ ലക്ഷ്യം. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനു പിന്നില്‍ വിഭജിച്ചതിനു ശേഷം കീഴടക്കുക എന്ന തന്ത്രമാണുള്ളതെന്നു പഠന റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

ഇറാന് നേരേ യുഎസിന്റെ സൈബര്‍ ആക്രമണം

ഇറാന്റെ ഇസ്‌ലാമിക റെവല്യൂഷണറി ഗാര്‍ഡിന്റെ കമ്പ്യൂട്ടര്‍ നിയന്ത്രിത ആയുധങ്ങള്‍ക്കു നേരേ അമേരിക്ക സൈബര്‍ ആക്രമണം നടത്തി. വ്യാഴാഴ്ചയാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതേ ദിവസമായിരുന്നു ഇറാനു നേരേ സൈനിക ആക്രമണം നടത്താന്‍ അമേരിക്ക പദ്ധതിയിട്ടതും പിന്നീട് അതില്‍നിന്നും ട്രംപിന്റെ നിര്‍ദേശത്തെ തുടര്‍ന്നു പിന്മാറിയതും. ഇറാന്റെ റോക്കറ്റുകളും മിസൈല്‍ ലോഞ്ചറുകളും നിയന്ത്രിക്കുന്ന കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ ഹാക്ക് ചെയ്തു കൊണ്ടാണ് അമേരിക്ക സൈബര്‍ ആക്രമണം നടത്തിയത്. ഇതിന് ട്രംപിന്റെ അനുമതിയുണ്ടായിരുന്നെന്നും അസോസിയേറ്റഡ് പ്രസ് എന്ന വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യുഎസിന്റെ ഡ്രോണ്‍ ഇറാന്‍ വെടിവെച്ച് വീഴ്ത്തിയതോടെ കഴിഞ്ഞയാഴ്ച മേഖലയില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതിനിടെയാണ് സൈബര്‍ ആക്രമണം അരങ്ങേറിയതും. എന്നാല്‍ ഇറാനിയന്‍ സര്‍ക്കാരിനു വേണ്ടി സമീപ ആഴ്ചകളില്‍ ഹാക്കര്‍മാര്‍ പ്രവര്‍ത്തിച്ചിരുന്നതായി കരുതുന്നുണ്ട്. ഇവര്‍ക്ക് അമേരിക്കന്‍ ഏജന്‍സികളെയും, എണ്ണ, ധനകാര്യം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയും സൈബര്‍ ആക്രമണത്തിലൂടെ തകര്‍ക്കുക എന്ന ലക്ഷ്യമുണ്ടായിരുന്നതായും സൈബര്‍ സെക്യൂരിറ്റി കമ്പനികളായ ക്രൗഡ് സ്‌ട്രൈക്ക്, ഫയര്‍ ഐ എന്നിവര്‍ പറയുന്നു. ജൂണ്‍ മാസം ആദ്യം ഇറാന്റെ പെട്രോകെമിക്കല്‍ വിഭാഗത്തിനു മേല്‍ ട്രംപ് ഭരണകൂടം നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഇതാണ് ഇറാനു വേണ്ടി പ്രവര്‍ത്തിച്ച ഹാക്കര്‍മാരെ അമേരിക്കന്‍ ഏജന്‍സികള്‍ക്കു മേല്‍ സൈബര്‍ ആക്രമണം നടത്താന്‍ പ്രേരിപ്പിച്ചത്.

Categories: Top Stories
Tags: Iran-US