ക്രിപ്‌റ്റോകറന്‍സികള്‍ക്ക് ഇന്ത്യയില്‍ ഭാവിയുണ്ടോ

ക്രിപ്‌റ്റോകറന്‍സികള്‍ക്ക് ഇന്ത്യയില്‍ ഭാവിയുണ്ടോ

ജൂലൈയില്‍ അവതരിപ്പിക്കുന്ന പുതിയ മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ക്രിപ്‌റ്റോകറന്‍സികളെ കുറിച്ചുള്ള നിലപാട് വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരോധനത്തേക്കാള്‍ നിയന്ത്രണമാണ് അഭികാമ്യം

ക്രിപ്‌റ്റോകറന്‍സികളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട കരട് ബില്ല് ധനമന്ത്രി നിര്‍മല സീതാരാമന്‍ രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സെഷനില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ക്രിപ്‌റ്റോകറന്‍സി നയം അതോടെ വ്യക്തമാകും. നിലവിലെ സാഹചര്യത്തില്‍ ക്രിപ്‌റ്റോകറന്‍സി ഇടപാടുകര്‍ക്കും ബിറ്റ്‌കോയിന്‍ പ്രേമികള്‍ക്കുമൊന്നും ആശ്വസിക്കാനുള്ള വകയില്ല. കരട് ബില്ലിന്റെ ചില ഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തി മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ തന്നെയാണ് കാരണം.

ക്രിപ്‌റ്റോകറന്‍സികളുടെ വില്‍പ്പനയും വാങ്ങലും ഇടപാടുകളുമെല്ലാം പൂര്‍ണമായും നിരോധിക്കണമെന്ന നിര്‍ദേശങ്ങളാണ് മന്ത്രിതലസമിതി നല്‍കിയിരിക്കുന്നതെന്ന് മാധ്യമറിപ്പോര്‍ട്ടുകള്‍ പറയുന്നു. 2017 നവംബറിലാണ് സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ നേതൃത്വത്തില്‍ വിഷയം പഠിക്കുന്നതിനായി സമിതി രൂപീകരിക്കപ്പെട്ടത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിറ്റ്‌കോയിന്‍ ഇടപാട് നടത്തുന്നതും കോയിന്‍ ‘കൈവശം’ വെക്കുന്നതും അതില്‍ നിക്ഷേപിക്കുന്നതുമെല്ലാം നിയമവിരുദ്ധവും 10 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്നതുമായ കുറ്റവുമായി മാറും. ചില നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും ഇതെന്നാണ് സൂചന. എന്നാല്‍ എന്തെല്ലാമാണ് ആ നിബന്ധനകള്‍ എന്ന് വ്യക്തമല്ല.

ഇതിനിടയിലാണ് സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്ക് തങ്ങളുടെ സ്വന്തം ക്രിപ്‌റ്റോകറന്‍സി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ക്രിപ്‌റ്റോകറന്‍സി വിരുദ്ധ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍ അതിവിടെ അവതരിപ്പിക്കപ്പെട്ടേക്കില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. എന്നാല്‍ ഫേസ്ബുക്കിന് സമാനമായി മറ്റ് കമ്പനികളും ക്രിപ്‌റ്റോകറന്‍സികളുമായി രംഗത്തെത്തിയാല്‍ ഇന്ത്യക്ക് ഒരു പക്ഷേ സമീപനം മാറ്റേണ്ടിയും വന്നേക്കാം.

സര്‍ക്കാര്‍ നിയന്ത്രിത ധനകാര്യ സംവിധാനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാതാകുന്നതിന്റെ സൂചന നല്‍കിയായിരുന്നു ക്രിപ്‌റ്റോകറന്‍സികളുടെ ഉദയം. ബിറ്റ്‌കോയിനാണ് ഇതില്‍ ഏറ്റവും പ്രശസ്തിയാര്‍ജിച്ച ക്രിപ്‌റ്റോകറന്‍സി. 2017 ഡിസംബറില്‍ സര്‍വകലാറെക്കോഡിട്ട് ബിറ്റ്‌കോയിന്‍ 20,000 ഡോളറെന്ന മൂല്യം കൈവരിച്ചിരുന്നു. അതിന് ശേഷം മൂല്യത്തില്‍ വമ്പന്‍ ഇടിവ് വന്നു. എന്നാല്‍ 15 മാസത്തിനിടെ ആദ്യമായി കഴിഞ്ഞ ദിവസം ബിറ്റ്‌കോയിന്‍ 10,000 ഡോളര്‍ എന്ന മൂല്യം പിന്നിട്ടുവെന്നതും ശ്രദ്ധേയമായി. ഫേസ്ബുക്കിന്റെ ക്രിപ്‌റ്റോകറന്‍സി വുരന്നതോടെ ബിറ്റ്‌കോയിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുമെന്നാണ് വിപണി വിദഗ്ധര്‍ കരുതുന്നത്.

ക്രിമിനലുകള്‍ക്കും തട്ടിപ്പുകാര്‍ക്കുമുള്ള ആയുധമായി മാറുകയാണ് ബിറ്റ്‌കോയിന്‍ പോലുള്ള കറന്‍സികളെന്നാണ് പൊതുവെയുള്ള ആക്ഷേപം. അതല്ല, പുതിയ സാങ്കേതികയുഗത്തിന്റെ ഭാഗമായി ഇതിനെ കാണണമെന്ന് വാദിക്കുന്നു മറ്റൊരു കൂട്ടര്‍.

ബിറ്റ്‌കോയ്ന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികള്‍ വ്യാപകമാകുന്നതോടെ വ്യവസ്ഥാപിത ബാങ്കുകള്‍ക്ക് പ്രസക്തിയില്ലാതായിത്തീരുമെന്നും പലരും കരുതുന്നു. ഇന്റര്‍നെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ നാണയമാണ് ക്രിപ്‌റ്റോകറന്‍സി. കംപ്യൂട്ടര്‍ ഭാഷയില്‍ തയാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാമാണിത്. ഇടനിലക്കാരോ കേന്ദ്രബാങ്കുകളോ സര്‍ക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന കുറച്ച് തീവ്രമായ ആശയമാണ് ബിറ്റ്‌കോയിനിലൂടെ പ്രയോഗവല്‍ക്കരിക്കപ്പെട്ടത്.

ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായാണ് ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോകറന്‍സികളുടെ പ്രവര്‍ത്തനം. ബാങ്കിംഗ് ഉള്‍പ്പടെയുള്ള രംഗങ്ങളില്‍ വിപ്ലവാത്മക മാറ്റം വരുത്താന്‍ ശേഷിയുള്ള സാങ്കേതികവിദ്യയാണിത്. സാമ്പത്തിക, ധനകാര്യ ക്രയവിക്രയം സുഗമമാക്കുമിത്, സുരക്ഷിതവും. ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നത് അതീവലളിതമായി മാറും. മൂന്നാം കക്ഷിയുടെ ഇടപെടലുകള്‍ക്കുള്ള അവസരങ്ങളൊന്നുമുണ്ടാകുകയുമില്ല. സുതാര്യമായ തുറന്ന കണക്കുപുസ്തകമാണ് ബ്ലോക്ക്‌ചെയിന്‍. ഇതിന്റെ ഡാറ്റാബേസിലേക്ക് ചേര്‍ക്കപ്പെടുന്ന ഓരോ കാര്യവും അതിന് മുമ്പ് ചേര്‍ക്കപ്പെടുന്നവയുമായി ബന്ധപ്പെട്ടു കിടക്കും. ആര്‍ക്കും ഒരു വിധ തിരുത്തലുകളോ കൃത്രിമ ഇടപെടലോ നടത്താന്‍ സാധിക്കില്ല. ഓരോ ഇടപാടും അടുക്കുകള്‍ അല്ലെങ്കില്‍ ബ്ലോക്കുകള്‍ ആയി പരിണമിച്ച് അവസാനം ഒരു ചെയിന്‍ ആയി മാറുന്നു. ആ അര്‍ത്ഥത്തിലാണ് ബ്ലോക്ക്‌ചെയിന്‍ എന്ന പേരുതന്നെ ഈ സാങ്കേതികവിദ്യക്ക് വന്നത്.

സാധാരണയായി ഡാറ്റ ബേസില്‍ മാറ്റം വരുത്തുന്നത് കേന്ദ്രീകൃത രീതിയിലാണ്. ഒരു കേന്ദ്രത്തില്‍ നിന്ന് തന്നെ തീരുമാനിക്കപ്പെടും. എന്നാല്‍ ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി വികേന്ദ്രീകൃതമാണ്. ഓരോ ഇടപാടിന്റെയും ചരിത്രം ഇടപാടുകാരന്റെ മുന്നിലുണ്ടാകും. അതില്‍ ആര്‍ക്കും ഒരു തിരുത്തലും നടത്താന്‍ സാധിക്കില്ല. അതിന്റെ രഹസ്യ താക്കോല്‍ ഇടപാടുകാരന്റെ കൈയില്‍ മാത്രമാകും ഉണ്ടാകുക. കുറഞ്ഞ ചെലവില്‍ അതീവസുരക്ഷിതത്വത്തോടെ ഇടപാടുകള്‍ നടത്താം എന്നതാണ് ബ്ലോക്ക്‌ചെയിനിന്റെ സവിശേഷത. അതാണ് ബിറ്റ്‌കോയിന്‍ ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യ പോലെ അതിവേഗത്തില്‍ വളരുന്ന രാജ്യം നടപ്പാക്കേണ്ടത് ക്രിപ്‌റ്റോകറന്‍സികളുടെ പൂര്‍ണ നിരോധനമല്ല. മറിച്ച് ഇവയ്ക്ക് കൃത്യമായ നിയന്ത്രണ സംവിധാനം കൊണ്ടുവരികയാണ് ചെയ്യേണ്ടത്. നാളെ മുഖ്യധാരയിലേക്ക് ക്രിപ്‌റ്റോകറന്‍സികള്‍ വരുന്ന സാഹചര്യമുണ്ടായാല്‍ തിരിച്ചുവരേണ്ട അവസ്ഥ ഇന്ത്യക്കുമുണ്ടായേക്കാം.

Categories: Editorial, Slider

Related Articles