മോണരോഗവും അര്‍ബുദവും

മോണരോഗവും അര്‍ബുദവും

മോണരോഗങ്ങള്‍, പ്രത്യേകിച്ച് മോണയിലെ കൊഴുത്ത സ്രവങ്ങള്‍ കാന്‍സറിനു കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട്

ബ്രിട്ടീഷ് പൗരന്മാരില്‍ നടത്തിയ ഒരു പഠനത്തില്‍, മോണരോഗങ്ങളും ദന്തരോഗങ്ങളും ഉള്ളവരില്‍ കരളില്‍ അര്‍ബുദം വരാനുള്ള സാധ്യത 75% കൂടുതലാണ്. അതിനാല്‍ പല്ലിലെ സുഷിരങ്ങള്‍ അടയ്ക്കുകയും മോണയിലെ പ്ലാക്കുകള്‍ വൃത്തിയാക്കുകയും ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം അത് നമ്മുടെ കരളിന്റെ ആരോഗ്യത്തെ ബാധിച്ചേക്കാമെന്നു പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഹൃദയാഘാതം, ഹൃദ്രോഗം, പ്രമേഹം, ചില കാന്‍സറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ക്ക് വായയുടെ ശുചിത്വമില്ലായ്മ അപകടകരമാണെന്ന് മുന്‍ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വായയുടെ ശുചിത്വത്തിനും പ്രത്യേകതരം കുടല്‍ കാന്‍സറിനും തമ്മില്‍ ബന്ധമുണ്ടെന്നതിന് ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ട്, അതേക്കുറിച്ചു മനസിലാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കുന്ന ക്വീന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഹെയ്ഡി ഡബ്ല്യു ടി ജോര്‍ദാവോ പറയുന്നു.

ദഹനവ്യവസ്ഥയെ ബാധിക്കുന്ന അര്‍ബുദം ലോകമെമ്പാടുമുള്ള ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി വളര്‍ന്നിരിക്കുകയാണ്. ലോകമെമ്പാടും പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന ഏകദേശം 28% കാന്‍സറും ഉദരസംബന്ധമായ അര്‍ബുദമാണ്. 2018ല്‍ നടന്ന 37ശതമാനം മരണങ്ങളും ഇതു മൂലമാണെന്ന് ഒരു രാജ്യാന്തരപഠനം പറയുന്നു. ദഹനവ്യൂഹത്തില്‍ അര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രായാധിക്യവും ചില പാരിസ്ഥിതിക, പെരുമാറ്റ അപകടസാധ്യത ഘടകങ്ങളുടെ വര്‍ദ്ധനവും ഇതിനു സാധ്യതയേറ്റുന്ന കാരണങ്ങളാണ്. ചില മുന്‍കാലപഠനങ്ങള്‍ മോണരോഗങ്ങളെ ദഹനവ്യവസ്ഥാ കാന്‍സറുമായി ബന്ധിപ്പിച്ചിരുന്നു. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ (എസിഎസ്) അഭിപ്രായമനുസരിച്ച്, രാജ്യത്ത് കരള്‍ കാന്‍സര്‍ രോഗികളുടെ എണ്ണം 1980നു ശേഷം മൂന്നിരട്ടി വര്‍ധിച്ചിട്ടുണ്ട്. യുഎസില്‍, കരളില്‍ കാന്‍സര്‍ ബാധിച്ച 42,030 പേരാണുള്ളത്. 2019 ല്‍ 31,780 പേര്‍ മരിക്കുമെന്നും എസിഎസ് കണക്കാക്കുന്നു.

അന്നനാളം, ആമാശയം, ചെറുകുടല്‍, വന്‍കുടല്‍, മലാശയം, മലദ്വാരം, കരള്‍, പിത്തരസം, പാന്‍ക്രിയാസ് എന്നീ അവയവങ്ങളെയാണ് ദഹനവ്യവസ്ഥയിലെ അര്‍ബുദം ബാധിക്കുന്നത്. ഇന്റര്‍നാഷണല്‍ ക്ലാസിഫിക്കേഷന്‍ ഓഫ് ഡിസീസസിന്റെ (ഐസിഡി -10) 2016 ലെ പതിപ്പില്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഈ കാന്‍സറിനെ പട്ടികപ്പെടുത്തിയിട്ടുണ്ട്. അവസാന ഡാറ്റാസെറ്റില്‍ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള 490,000-ത്തിലധികം മുതിര്‍ന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, 2006-2010 കാലയളവില്‍ 40 നും 69 നും ഇടയില്‍ പ്രായമുള്ളവരാണിവര്‍.

അവരുടെ വായുടെ അനാരോഗ്യം സംബന്ധിച്ച് മതിയായ വിവരങ്ങള്‍ നല്‍കത്തവരെയും പദ്ധതിയില്‍ ചേരുമ്പോള്‍ പാരമ്പര്യമായി കാന്‍സര്‍ സാധ്യതയുള്ളവരെയും ഒഴിവാക്കിയാണ് പഠനം നടത്തിയത്. ബാക്കി വന്ന 469,628 പേരെക്കുറിച്ചു വിശകലനം നടത്തി, അവരില്‍ 4,069 പേര്‍ക്ക് ആറു വര്‍ഷത്തിനകം ദഹനവ്യവസ്ഥാ കാന്‍സര്‍ ഉണ്ടായി.

ഇവരില്‍ 13% പേര്‍ക്ക് പഠന കാലയളവിന്റെ തുടക്കത്തില്‍ മോണ, ദന്തരോഗങ്ങളുണ്ടായിരുന്നു. ഇത്തരം അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തവരില്‍ ഭൂരിഭാഗവും അമിതവണ്ണമുള്ളവരും സ്ത്രീകളും പിന്നാക്ക സാമൂഹിക സാമ്പത്തിക മേഖലകളില്‍ ജീവിക്കുന്നവരുമാണെന്ന് ഗവേഷകര്‍ കണ്ടെത്തി. അവര്‍ പുകവലിശീലക്കാരും ദിവസേന പഴങ്ങളും പച്ചക്കറികളും കഴിക്കാത്തവരുമായിരുന്നു. ദന്ത, മോണരോഗം എന്നതു കൊണ്ട് മോണവേദന, മോണയിലെ രക്തസ്രാവം, പല്ലിന്റെ ഇളക്കം എന്നൊക്കെയാണ് ഗവേഷകര്‍ നല്‍കുന്ന നിര്‍വചനം. കാന്‍സര്‍ രജിസ്ട്രികളിലൂടെ ഇവര്‍ക്ക് ദഹനവ്യവസ്ഥയിലെ അര്‍ബുദം ബധാച്ചതായി അവര്‍ കണ്ടെത്തി.
നിര്‍ദ്ദിഷ്ട അവയവങ്ങളുടെ കാന്‍സറുകള്‍ പരിശോധിച്ചപ്പോള്‍, മോണ, ദന്താരോഗ്യവും കരളിനെ ബാധിക്കുന്ന കാന്‍സറും തമ്മിലുള്ള ബന്ധം കണ്ടെത്തി. പ്രധാനമായും അര്‍ബുദം ബാധിക്കുന്നത് കരള്‍, പിത്തസഞ്ചി എന്നിവയെയാണ്. ഇവ തമ്മിലുള്ള ബന്ധത്തില്‍ ഏറ്റവും ശക്തമായത് ഹെപ്പറ്റോസെല്ലുലാര്‍ കാര്‍സിനോമയാണ്, മുതിര്‍ന്നവരില്‍ കരളിനെ ബാധിക്കുന്ന കാന്‍സറുകളില്‍ സര്‍വ്വസാധാരണമാണിത്.

Comments

comments

Categories: Health