ഔഡി എസ്‌ക്യു8 അനാവരണം ചെയ്തു

ഔഡി എസ്‌ക്യു8 അനാവരണം ചെയ്തു

0-100 കിമീ/മണിക്കൂര്‍ വേഗം കൈവരിക്കാന്‍ 4.8 സെക്കന്‍ഡ് മതി. ടോപ് സ്പീഡ് 250 കിമീ/മണിക്കൂര്‍

ബെര്‍ലിന്‍ : ഔഡി എസ്‌യുവികള്‍ക്കിടയിലെ പുതിയ പതാകവാഹക എസ്‌യുവിയായി എസ്‌ക്യു8 അനാവരണം ചെയ്തു. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ എംഎല്‍ബി പ്ലാറ്റ്‌ഫോമിലാണ് ഔഡി എസ്‌ക്യു8 നിര്‍മ്മിച്ചിരിക്കുന്നത്.

48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തോടെ 4.0 ലിറ്റര്‍ വി8 ടര്‍ബോ-ഡീസല്‍ എന്‍ജിന്‍ ഔഡി എസ്‌ക്യു8 എസ്‌യുവിയില്‍ നല്‍കിയിരിക്കുന്നു. ഈ വി8 എന്‍ജിന്‍ പരമാവധി 900 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്ക് പുറപ്പെടുവിക്കും. എത്രമാത്രം കരുത്ത് ഉല്‍പ്പാദിപ്പിക്കുമെന്ന് ഔഡി വെളിപ്പെടുത്തിയിട്ടില്ല. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.8 സെക്കന്‍ഡ് മതി. ടോപ് സ്പീഡ് മണിക്കൂറില്‍ 250 കിലോമീറ്ററായി ഇലക്ട്രോണിക്കലായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ബ്രേക്കിംഗ് സന്ദര്‍ഭങ്ങളില്‍ 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം 10 ബിഎച്ച്പി വരെ കരുത്ത് ഉല്‍പ്പാദിപ്പിക്കും. മണിക്കൂറില്‍ 55 കിമീ മുതല്‍ 160 കിമീ വരെ വേഗത്തില്‍ പോകുമ്പോള്‍ എന്‍ജിന്‍ ആക്റ്റീവ് ആകാതെ 40 സെക്കന്‍ഡ് വരെ കോസ്റ്റിംഗ് നടത്താന്‍ സഹായിക്കും. നഗര വീഥികളിലെ സാധാരണ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ രണ്ട് ടര്‍ബോചാര്‍ജറുകളിലൊന്ന് ഓഫ് ചെയ്യുന്നതിനാല്‍ ഇന്ധനക്ഷമത വര്‍ധിക്കും.

സ്‌പോര്‍ട്ട് ഡിഫ്രന്‍ഷ്യല്‍, അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍ എന്നിവ ഉള്‍പ്പെടുന്ന സസ്‌പെന്‍ഷന്‍ പാക്കേജ് ഓപ്ഷണലായി നല്‍കിയിരിക്കുന്നു. എയര്‍ സസ്‌പെന്‍ഷനിലൂടെ എസ്‌ക്യു8 എസ്‌യുവിയുടെ റൈഡ് ഉയരം 90 എംഎം വരെ ക്രമീകരിക്കാന്‍ കഴിയും. വളവുകളില്‍ ബോഡി റോള്‍ കുറയ്ക്കുന്നതിന് ഇലക്ട്രോമെക്കാനിക്കല്‍ ആക്റ്റീവ് റോള്‍ സ്റ്റബിലൈസേഷന്‍ എന്ന ഫീച്ചര്‍ സഹായിക്കും. ഓള്‍ വീല്‍ സ്റ്റിയറിംഗ് ഓപ്ഷണലായി ലഭിക്കും.

സില്‍വര്‍ ഫ്രെയിം ചെയ്ത പുതിയ ഗ്രില്‍, പുനര്‍രൂപകല്‍പ്പന ചെയ്ത എയര്‍ ഇന്‍ലെറ്റുകള്‍ എന്നിവ ഔഡി എസ്‌ക്യു8 എസ്‌യുവിയുടെ മുന്നില്‍ കാണാം. കറുപ്പ് നിറത്തിലുള്ള പുതിയ ഡിഫ്യൂസര്‍, ക്വാഡ് (നാല്) എക്‌സ്‌ഹോസ്റ്റ് ടിപ്പുകള്‍ എന്നിവയാണ് പിന്നിലെ വിശേഷങ്ങള്‍. കാബിനില്‍ അല്‍കാന്ററ ലെതര്‍ അപ്‌ഹോള്‍സ്റ്ററി നല്‍കിയിരിക്കുന്നു. സീറ്റുകളില്‍ ‘എസ്’ ലോഗോ കാണാം. പെഡലുകള്‍ സ്റ്റെയ്ന്‍ലെസ് സ്റ്റീലാണ്. രണ്ട് ടച്ച്‌സ്‌ക്രീനുകള്‍, ഔഡി വിര്‍ച്വല്‍ കോക്പിറ്റ് എന്നിവയാണ് കാബിനിലെ മറ്റ് ഫീച്ചറുകള്‍.

Comments

comments

Categories: Auto
Tags: Audi SQ8