ഔഡി ഇ-ട്രോണ്‍ ഇന്ത്യയിലേക്ക്

ഔഡി ഇ-ട്രോണ്‍ ഇന്ത്യയിലേക്ക്

ഈ മാസം 27 ന് ഇന്ത്യയില്‍ അനാവരണം ചെയ്യും

ന്യൂഡെല്‍ഹി : ഔഡിയുടെ ആദ്യ ഇലക്ട്രിക് കാറായ ഇ-ട്രോണ്‍ ജൂണ്‍ 27 ന് ഇന്ത്യയില്‍ അനാവരണം ചെയ്യും. 2018 സെപ്റ്റംബറിലാണ് ഔഡി ഇ-ട്രോണ്‍ ആഗോളതലത്തില്‍ അനാവരണം ചെയ്തത്. വെറും പത്ത് മാസത്തിനുശേഷമാണ് കാര്‍ ഇന്ത്യയില്‍ മുഖം കാണിക്കുന്നത്. ഒരു ആഡംബര കാര്‍ നിര്‍മ്മാതാക്കളില്‍നിന്ന് ഇന്ത്യന്‍ വിപണിയിലെത്തുന്ന ആദ്യ ഇലക്ട്രിക് കാറായിരിക്കും ഔഡി ഇ-ട്രോണ്‍. വലുപ്പം പരിഗണിക്കുമ്പോള്‍ ഔഡി ക്യു5, ഔഡി ക്യു7 കാറുകള്‍ക്കിടയിലാണ് ഇ-ട്രോണിന് സ്ഥാനം. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാം. ഏകദേശം ഒന്നര കോടി രൂപ വില വരുമെന്ന് പ്രതീക്ഷിക്കാം. വിപണിയില്‍ പുറത്തിറക്കുന്നത് പിന്നീടായിരിക്കും.

ഔഡിയുടെ ക്യു എസ്‌യുവികളില്‍നിന്ന് വളരെ വ്യത്യസ്തമല്ല ഇ-ട്രോണ്‍ എസ്‌യുവിയുടെ രൂപകല്‍പ്പന. അതേസമയം, സ്റ്റൈലിംഗ് പരിഗണിക്കുമ്പോള്‍ മറ്റ് സഹോദര ഔഡി എസ്‌യുവികളില്‍നിന്ന് ഇ-ട്രോണ്‍ വേറിട്ടുനില്‍ക്കുന്നു. ഷാര്‍പ്പ്, എഡ്ജി സ്റ്റൈലിംഗ് നല്‍കിയാണ് ഔഡി ഇ-ട്രോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആക്റ്റീവ് ഫഌപ്പുകള്‍ സഹിതം ഒക്റ്റാഗണല്‍ (എട്ട് കോണുകളോടുകൂടിയ) ഗ്രില്‍ മുന്നില്‍ നല്‍കിയിരിക്കുന്നു. കാറ്റ് കടന്നുവന്ന് മുന്‍ ആക്‌സിലില്‍ സ്ഥാപിച്ച മോട്ടോര്‍ തണുപ്പിക്കുന്നതിന് ആക്റ്റീവ് ഫഌപ്പുകള്‍ സഹായിക്കും. ചെരിഞ്ഞ റൂഫ്‌ലൈനാണ് എസ്‌യുവിയുടെ പിന്‍ഭാഗത്തിന്റെ പ്രത്യേകത. എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍ ബൂട്ടിലുടനീളം കുറുകെ നീണ്ടുകിടക്കുന്നു. 660 ലിറ്ററാണ് ബൂട്ട് ശേഷി. ഇലക്ട്രിക് കാര്‍ ആയതിനാല്‍, ഹുഡിന് കീഴില്‍ 60 ലിറ്ററിന്റെ സ്ഥലസൗകര്യം വേറെയുമുണ്ട്.

ഓരോ ആക്‌സിലിലും ഒന്നുവീതം ആകെ രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഔഡി ഇ-ട്രോണ്‍ എസ്‌യുവിയില്‍ നല്‍കിയിരിക്കുന്നത്. മുന്നിലെ മോട്ടോര്‍ 125 കിലോവാട്ടും പിന്നിലെ മോട്ടോര്‍ 140 കിലോവാട്ടും ഉല്‍പ്പാദിപ്പിക്കുന്നു. ആകെ 265 കിലോവാട്ട് അഥവാ 355 ബിഎച്ച്പി. 561 ന്യൂട്ടണ്‍ മീറ്ററാണ് പരമാവധി ടോര്‍ക്ക്. ബൂസ്റ്റ് മോഡില്‍, 300 കിലോവാട്ട് അഥവാ 408 ബിഎച്ച്പി വരെയാണ് പവര്‍ ഔട്ട്പുട്ട്. ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ സഞ്ചരിക്കാം. മണിക്കൂറില്‍ 200 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത. 0-100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗം കൈവരിക്കാന്‍ നോര്‍മല്‍ മോഡില്‍ 6.6 സെക്കന്‍ഡ് വേണമെങ്കില്‍ ബൂസ്റ്റ് മോഡില്‍ 5.7 സെക്കന്‍ഡ് മതി. ഔഡി എസ്‌യുവി ആയതുകൊണ്ടുതന്നെ, ക്വാട്രോ (ഔഡിയുടെ 4 വീല്‍ ഡ്രൈവ് സിസ്റ്റം) സ്റ്റാന്‍ഡേഡ് ഫിറ്റ്‌മെന്റാണ്. എസ്‌യുവിയുടെ ഫ്‌ളോറില്‍ സ്ഥാപിച്ചിരിക്കുന്ന ബാറ്ററി പാക്കിന്റെ ശേഷി 95 കിലോവാട്ട്അവറാണ്.

Comments

comments

Categories: Auto
Tags: Audi e trone