സൗദിയുമായുള്ള ആയുധ വില്‍പ്പനയ്‌ക്കെതിരെ യുകെ കോടതി; ഉത്തരവ് ഇറാന് മാത്രം നേട്ടമാകുന്നതെന്ന് സൗദി

സൗദിയുമായുള്ള ആയുധ വില്‍പ്പനയ്‌ക്കെതിരെ യുകെ കോടതി; ഉത്തരവ് ഇറാന് മാത്രം നേട്ടമാകുന്നതെന്ന് സൗദി
  • സൗദി അറേബ്യയുമായുള്ള ആയുധ വില്‍പ്പനയ്ക്ക് ലൈസന്‍സുകള്‍ അനുവദിക്കുന്നത് കോടതി വിലക്കി
  • കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് യുകെ മന്ത്രി

ലണ്ടന്‍ സൗദി അറേബ്യയുമായുള്ള ആയുധ വില്‍പ്പന നിര്‍ത്തലാക്കുന്നത് ഇറാന് മാത്രം ഗുണം ചെയ്യുന്ന തീരുമാനമാണെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍. സൗദിയ്ക്ക് ആയുധങ്ങള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ ലൈസന്‍സുകള്‍ അനുവദിക്കില്ലെന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കോടതി നിര്‍ദ്ദേശ പ്രകാരമാണ് ബ്രിട്ടന്‍ സൗദിയുമായുള്ള ആയുധ ഇടപാടുകള്‍ക്ക് ലൈസന്‍സുകള്‍ നല്‍കേണ്ടെന്ന് തീരുമാനിച്ചത്. അതേസമയം അമേരിക്കന്‍ കോണ്‍ഗ്രസിലും സൗദിയുമായുള്ള ആയുധ ഇടപാടിനെതിരെ ശക്തമായ പ്രതിഷേധമുയരുകയാണ്.

ബ്രിട്ടനിലെ അന്തര്‍ദേശീയ വ്യാപാര സെക്രട്ടറി ലിയാം ഫോക്‌സാണ് സൗദിയുമായുള്ള ആയുധ വില്‍പ്പനയ്ക്ക് ഇനിമുതല്‍ ലൈസന്‍സ് അനുവദിക്കില്ലെന്ന് പാര്‍ലമെന്റിനെ അറിയിച്ചത്. അതേസമയം കോടതി ഉത്തരവിനെ അനുകൂലിക്കുന്നില്ലെന്നും ഉത്തരവിനെതിരെ ഹര്‍ജി നല്‍കുന്നതിനുള്ള സാധ്യത തേടുമെന്നും ഫോക്‌സ് പറഞ്ഞു.

യെമനില്‍ സൗദിയുടെ നേതൃത്വത്തില്‍ നടക്കുന്ന യുദ്ധത്തിന് ബ്രിട്ടനില്‍ നിന്നുള്ള ആയുധങ്ങള്‍ ഉപയോഗപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സൗദിയുമായുള്ള ആയുധ വില്‍പ്പനയ്ക്കുള്ള ലൈസന്‍സുകള്‍ നിര്‍ത്തലാക്കാന്‍ കോടതി ഉത്തരവിട്ടത്. യെമനിലെ മനുഷ്യത്വപരമായ ആഘാതമോര്‍ത്ത് സൗദിയുമായുള്ള ആയുധ ഇടപാടില്‍ പുനര്‍ചിന്തനം നടത്താനും കോടതി സര്‍ക്കാരിനെ ഉപദേശിച്ചു. ആയുധ വ്യാപാരത്തിനെതിരായി രൂപപ്പെട്ട ക്യംപെയിനിന്റെ ഭാഗമായാണ് വിഷയത്തില്‍ കോടതി ഇടപെട്ടത്. ബ്രിട്ടനില്‍ നിന്നുള്ള ആയുധങ്ങള്‍ അന്താരാഷ്ട്ര നിയമ ലംഘനത്തിന് ഇടയാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കാംപെയിന്‍ പ്രവര്‍ത്തകര്‍ ആയുധ ഇടപാടിനെതിരെ കേസ് ഫയല്‍ ചെയ്തത്. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന മുമ്പ് മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ യുകെ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് കോടതി കുറ്റപ്പെടുത്തി. യെമനില്‍ ലോകം സാക്ഷ്യം വഹിച്ച ഭീകരത ഇനിയും കണ്ടില്ലെന്ന് നടിക്കാന്‍ യുകെ സര്‍ക്കാരിന് കഴിയില്ലെന്ന് ക്യാംപെയിന്‍ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഹാജരായ റോസ് കര്‍ലിംഗ് എന്ന അഭിഭാഷക പറഞ്ഞു.

സൗദിയുമായുള്ള ആയുധ ഇടപാടിന് പുതിയ ലൈസന്‍സുകള്‍ അനുവദിക്കുന്നത് കോടതി ഉത്തരവോടെ തടയപ്പെടുമെങ്കിലും സൗദിയുമായുള്ള ആയുധ ഇടപാട് തുടരണമോ എന്ന് പരിശോധിക്കേണ്ടത് സര്‍ക്കാരാണെന്നും കോടതി വ്യക്തമാക്കി.

അതേസമയം നിയമാനുസൃതമായാണ് യെമനില്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നതെന്ന് സൗദി മന്ത്രി ആദില്‍ അല്‍ ജുബൈര്‍ ന്യായീകരിച്ചു. യെമനില്‍ സൗദി ഉള്‍പ്പെടുന്ന സഖ്യസേന നിയമാനുസൃതമായ ഒരു സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം, നിയമാനുസൃതമായാണ് പോരാടുന്നതെന്നും തന്ത്രപരമായി വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു രാഷ്്്ട്രത്തില്‍ ഇറാനും അനുകൂല സംഘടനകളും പിടിമുറുക്കുന്നത് തടയാനാണ് തങ്ങള്‍ യുദ്ധം നടത്തുന്നതെന്നും ജുബൈര്‍ പറഞ്ഞു. സഖ്യസേനയ്ക്ക് ആയുധങ്ങള്‍ വില്‍ക്കുന്നത് തടയുന്നതിന്റെ ഏക ഗുണഭോക്താവ് ഇറാനായിരിക്കുമെന്നും ജുബൈര്‍ പറഞ്ഞു.

ബ്രിട്ടനില്‍ നിന്നും സൗദിയിലേക്കുള്ള ആയുധ കയറ്റുമതിക്ക് കോടതി ഉത്തരവ് വിലക്ക് കല്‍പ്പിക്കുന്നില്ലെങ്കിലും ഇതിന് വേണ്ട ലൈസന്‍സുകള്‍ അനുവദിക്കുന്നതില്‍ നിന്നും ഉത്തരവ് സര്‍ക്കാരിനെ തടയുന്നു. യുകെയും സൗദിയും തമ്മിലുള്ള സര്‍ക്കാര്‍ തലത്തിലുള്ള ധാരണകള്‍ പ്രകാരം സൗദി അറേബ്യയ്ക്ക് ആയുധങ്ങളും പരിശീലനവും നല്‍കുന്നതില്‍ തുടര്‍ന്നും യുകെ സര്‍ക്കാരിന് പിന്തുണ നല്‍കുമെന്ന് പ്രമുഖ ബ്രിട്ടീഷ് ആയുധ കമ്പനിയായ ബിഎഇ സിസ്റ്റം അറിയിച്ചു.

കഴിഞ്ഞ ഒരു ദശകത്തിനിടെ ബ്രിട്ടന്‍ നടത്തിയ ആയുധ ഇടപാടില്‍ 43 ശതമാനവും സൗദി അറേബ്യയുമായാണ്.

അമേരിക്കയിലും പ്രതിഷേധം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യയുമായുള്ള ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ അമേരിക്കന്‍ സെനറ്റിലും പ്രതിഷേധം പുകയുകയാണ്. കോണ്‍ഗ്രസിന്റെ അഭിപ്രായത്തെ മറികടന്ന് കൊണ്ട് സൗദിയുമായുള്ള 8 ബില്യണ്‍ ഡോളറിന്റെ ആയുധ ഇടപാട് പൂര്‍ത്തിയാക്കാനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരെയാണ് സെനറ്റില്‍ പ്രതിഷേധം ഉയര്‍ന്നത്. ട്രംപിന്റെ തീരുമാനത്തെ നിയമപരമായി തന്നെ വെല്ലുവിളിക്കാനാണ് ഇവരുടെ തീരുമാനം.

ഇറാനില്‍ നിന്നുള്ള ഭീഷണികള്‍ കണക്കിലെടുത്ത് സൗദിക്ക് കൂടുതല്‍ ശേഷിയുള്ള ആയുധങ്ങള്‍ അമേരിക്ക അടിയന്തരമായി നല്‍കണമെന്ന ട്രംപിന്റെ അവകാശവാദത്തെ ഭൂരിഭാഗം പേരും എതിര്‍ത്തു. ഇറാന്‍ ഭീഷണികള്‍ നേരിടുന്നതിനല്ല, യെമന്‍ യുദ്ധത്തിനാണ് ഈ ആയുധങ്ങള്‍ ഉപയോഗിക്കപ്പെടുകയെന്നാണ് അവര്‍ വാദിക്കുന്നത്.

Comments

comments

Categories: Arabia
Tags: Arm sale, Soudi