ജിവനക്കാരുടെ സര്‍വീസ് റെക്കോഡ് പരിശോധിക്കാന്‍ നിര്‍ദേശം

ജിവനക്കാരുടെ സര്‍വീസ് റെക്കോഡ് പരിശോധിക്കാന്‍ നിര്‍ദേശം

സെന്‍ട്രല്‍ സിവില്‍ സര്‍വീസ് (പെന്‍ഷന്‍) റൂള്‍സിലെ വകുപ്പുകള്‍ പൊതു താല്‍പ്പര്യം പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് വിരമിക്കല്‍ നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാരിന് അനുമതി നല്‍കുന്നു

ന്യൂഡെല്‍ഹി: പൊതുമേഖലാ ബാങ്കുകളോടും സ്ഥാപനങ്ങളോടും വിവിധ വകുപ്പുകളോടും തങ്ങളുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സര്‍വീസ് റെക്കോഡുകള്‍ വിശദമായി പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അഴിമതിയും പ്രവര്‍ത്തനത്തിലെ ഉദാസീനതയും ഇല്ലാതാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. എല്ലാ വിഭാഗങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന എല്ലാ ജീവനക്കാരുടെയും പ്രവര്‍ത്തനം അവലോകനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വ്യക്തിഗത മന്ത്രാലയ സെക്രട്ടറിയാണ് വിവിധ വകുപ്പ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിട്ടുള്ളത്. സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴിലും വിരമിക്കലും മറ്റ് നിയന്ത്രണങ്ങളില്ലാതെ സ്വമേധയാ മാത്രം കൊണ്ടുപോകാവുന്ന ഒന്നല്ല എന്ന സന്ദേശം നല്‍കുന്നതാകണം പരിശോധന എന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

പൊതു ജനതാല്‍പ്പര്യാര്‍ത്ഥം കാലാവധി എത്തുന്നതിന് മുമ്പേ ഒരു ഉദ്യോഗസ്ഥന് വിരമിക്കല്‍ നല്‍കണം എന്ന നിര്‍ദേശം രൂപീകരിക്കുന്നത് കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചായിരിക്കണമെന്നും കത്തില്‍ നിഷ്‌കര്‍ഷിട്ടുണ്ട്. ഓരോ മാസവും 15നു മുന്‍പായാണ് നിഷ്‌കര്‍ഷിച്ച മാതൃകയില്‍ മുന്‍ മാസത്തെ സംബന്ധിച്ച അവലോകന റിപ്പോര്‍ട്ടുകള്‍ ഓരോ വകുപ്പുകളും മന്ത്രാലയത്തിന് സമര്‍പ്പിക്കേണ്ടത്. ജൂലൈ മുതലാണ് ഇത് നടപ്പാക്കേണ്ടത്.
വിവിധ സര്‍വീസ് നിയമങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തിഗത മന്ത്രാലയം തയാറാക്കിയിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടത്. 1972ലെ സെന്‍ട്രല്‍ സിവില്‍ സര്‍വീസ് (പെന്‍ഷന്‍) റൂള്‍സിലെ വിവിധ വകുപ്പുകള്‍ പൊതു ജന താല്‍പ്പര്യം പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് കാലാവധി എത്തും മുമ്പ് വിരമിക്കല്‍ നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാരിന് അനുമതി നല്‍കുന്നുണ്ട്. വിശ്വാസ്യത സംശയകരമാണ്, പ്രവര്‍ത്തനക്ഷമമല്ല എന്നീ കാരണങ്ങളുടെ അടിസ്ഥാനത്തിലാകും നടപടി.

ഈ നിയമങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യന്‍ റെവന്യു സര്‍വീസിലെ 15 ഓഫിസര്‍മാര്‍ക്ക് അടുത്തിടെ സര്‍ക്കാര്‍ വിരമിക്കല്‍ നര്‍കിയിരുന്നു. ഈ മാസം ആദ്യം റെവന്യൂ സര്‍വീസിലെ 12 ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും ചെയ്തു. പൊതുഭരണ സംവിധാനങ്ങളിലെ അഴിമതി ഇല്ലാതാക്കുന്നതിന് കര്‍ക്കശ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് നയപ്രഖ്യാപന വേളയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞിരുന്നു

Comments

comments

Categories: FK News