റീട്ടെയ്ല്‍, എഫ്എംസിജി മേഖലയില്‍ ലക്ഷം തൊഴിലവസരങ്ങള്‍

റീട്ടെയ്ല്‍, എഫ്എംസിജി മേഖലയില്‍ ലക്ഷം തൊഴിലവസരങ്ങള്‍

ഏപ്രില്‍-സെപ്റ്റംബറില്‍ ഈ മേഖലകള്‍ സംയോജിതമായി 2.76 ലക്ഷം പുതിയ തൊഴിലസരങ്ങള്‍ കൂട്ടിച്ചേര്‍ക്കുമെന്നാണ് ടീംലീസ് സര്‍വീസസിന്റെ ദ്വൈവാര്‍ഷിക തൊഴില്‍ റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ആറ് മാസംകൊണ്ട് റീട്ടെയ്ല്‍, എഫ്എംസിജി മേഖലകള്‍ സംയോജിതമായി 2.76 ലക്ഷം പുതിയ തൊഴിലസരങ്ങള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ടീംലീസ് സര്‍വീസസിന്റെ ദ്വൈവാര്‍ഷിക തൊഴില്‍ വീക്ഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വിദേശ റീട്ടെയ്ല്‍ ഭീമന്മാരുടെ വിപണി പ്രവേശനമാണ് തൊഴിലവസരങ്ങള്‍ വര്‍ധിക്കാനുള്ള കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ റീട്ടെയ്ല്‍, എഫ്എംസിജി മേഖലയില്‍ സൃഷ്ടിക്കപ്പെടാന്‍ സാധ്യതയുള്ള തൊഴില്‍ കണക്കുകളാണ് ടീംലീസ് പുറത്തുവിട്ടത്. റീട്ടെയ്ല്‍ മേഖലയിലെ തൊഴിലവസരങ്ങളില്‍ ഇക്കാലയളവില്‍ രണ്ട് ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.66 ലക്ഷം തൊഴിലുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ മേഖലയ്ക്ക് കഴിയും. എഫ്എംസിജി വിഭാഗത്തില്‍ തൊഴിലവസരങ്ങള്‍ ഒരു ശതമാനം വര്‍ധിക്കുമെന്നും 1.10 ലക്ഷം പുതിയ തൊഴിലുകള്‍ മേഖല സൃഷ്ടിക്കുമെന്നുമാണ് ടീംലീസിന്റെ നിരീക്ഷണം.

റീട്ടെയ്ല്‍ രംഗത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്ന നഗരം ഡെല്‍ഹി ആയിരിക്കും. ഏപ്രില്‍-സെപ്റ്റംബറില്‍ 27,560 പുതിയ തൊഴിലുകള്‍ ഡെല്‍ഹിയില്‍ സൃഷ്ടിക്കപ്പെടുമെന്നാണ് ടീംലീസ് കരുതുന്നത്. തൊഴില്‍ സൃഷ്ടിയില്‍ രണ്ടാം സ്ഥാനം ടെക്‌നോളജി ഹബ്ബായ ബെംഗളൂരുവിനായിരിക്കും. ആറ് മാസംകൊണ്ട് 22,770 പുതിയ തൊഴിലവസരങ്ങള്‍ നഗരത്തില്‍ സൃഷ്ടിക്കപ്പെടുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

എഫ്എംസിജി വിഭാഗത്തിലെ തൊഴില്‍ സൃഷ്ടിയില്‍ മുന്നില്‍ മുംബൈയും രണ്ടാം സ്ഥാനത്ത് ഡെല്‍ഹിയുമായിരിക്കും. ഈ നഗരങ്ങള്‍ എഫ്എംസിജി വിാഗത്തില്‍ യഥാക്രമം 14,770ഉം 10,800ഉം പുതിയ തൊഴിലുകള്‍ വാഗ്ദാനം ചെയ്യുമെന്നാണ് സര്‍വേ റിപ്പോര്‍ട്ട്. വിദേശ റീട്ടെയ്ല്‍ ഭീമന്‍ വിപണിയിലേക്ക് വന്നതും ശേഷി വിപുലീകരണവും ഏറ്റെടുക്കലുകളുമാണ് തൊഴില്‍ വളര്‍ച്ചയ്ക്കുള്ള സാധ്യതകളായി റിപ്പോര്‍ട്ടില്‍ പറയുന്നത്.

14 പ്രദേശങ്ങളില്‍ നിന്നുളള്ള 19 മേഖലകളിലെ 775 സംരംഭങ്ങളാണ് സര്‍വേയുടെ ഭാഗമായത്. ആഗോള തലത്തില്‍ നിന്നുള്ള 85 ബിസിനസുകളെയും സര്‍വേയില്‍ ഉള്‍പ്പെടുത്തി. ഭക്ഷ്യ പാര്‍ക്കുകളുടെ വികസനം, ശേഷി വിപുലീകരണം, ഏറ്റെടുക്കല്‍, നിയമ പരകിഷ്‌കരണങ്ങള്‍, എഫ്ഡിഐ ലളിവല്‍ക്കരണം തുടങ്ങിയവയാണ് റീട്ടെയ്ല്‍ മേഖലയില്‍ തൊഴില്‍ വളര്‍ച്ചയെ പിന്തുണയ്ക്കുന്ന ഘടകങ്ങള്‍.

എഫ്ഡിഐ പോലുള്ള സര്‍ക്കാരിന്റെ നയ പരിഷ്‌കരണങ്ങള്‍ക്ക് പുറമെ ആഭ്യന്തര ഉപഭോഗം വര്‍ധിക്കുന്നതും തദ്ദേശീയ കമ്പനികള്‍ ബിസിനസ് വിപുലീകരിക്കുന്നതും തൊഴില്‍ വളര്‍ച്ചയെ സ്വാധീനിക്കുന്നുണ്ടെന്ന് ടീംലീസ് സര്‍വീസസ് ഡിജിറ്റല്‍ വിഭാഗം മേധാവി മയൂര്‍ സരസ്വത് പറഞ്ഞു. റീട്ടെയ്ല്‍, എഫ്എംസിജി മേഖലകളിലെ തൊഴിലവസരങ്ങളില്‍ യഥാക്രമം 15.11 ശതമാനത്തിന്റെയും 10.31 ശതമാനത്തിന്റെയും വര്‍ധന നിരീക്ഷിക്കാനായേക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മാത്രമല്ല പുതുതായി ജോലിക്ക് ശ്രമിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ നിയമനത്തിലും മേഖലകളില്‍ വര്‍ധനയുണ്ടാകും. റീട്ടെയ്ല്‍ രംഗം മാത്രം രാജ്യത്തെ വിവിധ നഗരങ്ങളിലായി 33,310 തൊഴിലുകള്‍ പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൃഷ്ടിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍-സെപ്റ്റംബറിലും മേഖലകളില്‍ വലിയ തൊഴില്‍ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ഇക്കാലയളവില്‍ റീട്ടെയ്ല്‍ മേഖലയില്‍ 19.82 ശതമാനവും എഫ്എംസിജി വിഭാഗത്തില്‍ 16.03 ശതമാനവും തൊഴില്‍ വളര്‍ച്ചയാണ് ഉണ്ടായത്.

Comments

comments

Categories: Current Affairs