റിലയന്‍സ് ജിയോ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു

റിലയന്‍സ് ജിയോ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു
  • 2020ന്റെ അവസാനമോ 2021ന്റെ തുടക്കത്തിലോ ജിയോ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് സജ്ജമാകും
  • ജിയോയുടെ എആര്‍പിയു ഇടിയുന്നത് ആശങ്ക ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ട്

മുംബൈ: റിലയന്‍സ് ജിയോ ഇന്‍ഫൊകോമിന്റെ പ്രാഥമിക ഓഹരി വില്‍പ്പന നടത്തുന്നതിനുള്ള സാധ്യതകള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തേടുന്നു. 2020ന്റെ രണ്ടാം പകുതിയോടെ ഐപിഒ നടത്താനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, റിലയന്‍സിന്റെ നിയന്ത്രണത്തിലുള്ള രണ്ട് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകളിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായിരിക്കും കമ്പനി പ്രഥമ പരിഗണന നല്‍കുന്നത്. റിലയന്‍സ് ടവര്‍, ഫൈബര്‍ ആസ്തികള്‍ നിലവില്‍ ഈ ട്രസ്റ്റുകളുടെ ഉടമസ്ഥതയിലാണ്.

പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) നടത്താന്‍ പദ്ധതിയിടുന്നതായി സൂചന നല്‍കികൊണ്ട് കഴിഞ്ഞ മാസം കമ്പനി എക്‌സിക്യൂട്ടീവുകള്‍ക്കിടയിലും ബാങ്കര്‍മാരുമായും വിവിധ കണ്‍സള്‍ട്ടന്റുമാരുമായും റിലയന്‍സ് ജിയോ നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. വരിക്കാരുടെ എണ്ണത്തില്‍ അധികം വൈകാതെ മുന്നിലെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജിയോ ബാങ്കര്‍മാരെ അറിയിച്ചിട്ടുണ്ട്.

ഉപഭോക്തൃ അടിത്തറ വിശാലമാകുന്നതോടെ കമ്പനിയുടെ വരുമാനവും വര്‍ധിക്കും. എഫ്ടിടിഎച്ച് നെറ്റ്‌വര്‍ക്ക് വിപുലീകരണവും ഇതുവഴി സാധ്യമാകും. ഇക്കാര്യങ്ങളെല്ലാം വിരല്‍ചൂണ്ടുന്നത് വിജയകരമായ പ്രാഥമിക ഓഹരി വില്‍പ്പനയിലേക്ക് ആണെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍, ജിയോയുടെ പ്രതി ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം (എആര്‍പിയു) കുറയുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

ജനുവരി-മാര്‍ച്ച് പാദത്തില്‍ റിലയന്‍സ് ജിയോയുടെ എആര്‍പിയു ഡിസംബര്‍ പാദത്തിലെ 131.7 രൂപയില്‍ നിന്നും 126.2 രൂപയായി കുറഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായി അഞ്ചാമത്തെ മാസമാണ് ജിയോയുടെ എആര്‍പിയു ഇടിയുന്നത്. എന്നാല്‍, വിപണിയില്‍ കമ്പനിയുടെ മുഖ്യ എതിരാളികളായ ഭാരതി എയര്‍ടെലിന്റെയും വോഡഫോണ്‍ ഐഡിയയുടെയും എആര്‍പിയു ജിയോയുടേതിനേക്കാള്‍ കുറവാണെങ്കിലും കഴിഞ്ഞ പാദത്തില്‍ വര്‍ധിച്ചിട്ടുണ്ട്.

മാര്‍ച്ച് പാദത്തില്‍ ലാഭം രേഖപ്പെടുത്തിയ ഏക ടെലികോം കമ്പനി റിലയന്‍സ് ജിയോയാണ്. കമ്പനിയുടെ വരുമാനത്തില്‍ 65 ശതമാനം വര്‍ധനയാണ് കഴിഞ്ഞ പാദത്തില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ ജിയോയുടെ വരുമാനം 56 ശതമാനം വര്‍ധിച്ചു. ഡിസംബര്‍ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ജിയോയുടെ ലാഭത്തില്‍ ഒരു ശതമാനം വര്‍ധനയാണ് ഉണ്ടായത്. മുന്‍ പാദത്തില്‍ 22 ശതമാനം വര്‍ധന രേഖപ്പെടുത്തിയ സ്ഥാനത്താണിത്. എആര്‍പിയുവിലുണ്ടായ ഇടിവും ഉയര്‍ന്ന നെറ്റ്‌വര്‍ക്ക് ചെലവുമാണ് ലാഭ വര്‍ധന കുറയാനുള്ള കാരണം.

ഫൈബര്‍, ടവര്‍ ബിസിനസുകള്‍ക്ക് പ്രഥമ പരിഗണന നല്‍കിയ ശേഷം മാത്രമേ ജിയോയുടെ ഐപിഒ നടത്തുകയുള്ളുവെന്ന് റിലയന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. ജിയോ ഡിജിറ്റല്‍ ഫൈബര്‍ പ്രൈവറ്റ് ലിമിറ്റഡ്, ജിയോ ഇന്‍ഫ്രാടെല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെ രണ്ട് കമ്പനികളായാണ് ഫൈബര്‍, ടവര്‍ ആസ്തികളെ വേര്‍തിരിച്ചിട്ടുള്ളത്. രണ്ട് ട്രസ്റ്റുകളിലേക്കും നിക്ഷേപകരെ ആകര്‍ഷിക്കാനാണ് കമ്പനി ഇപ്പോള്‍ നോക്കുന്നത്.

റെഗുലേറ്ററി മാനദണ്ഡമനുസരിച്ച് മൂന്ന് വര്‍ഷത്തെ സാമ്പത്തിക ഫലം റിപ്പോര്‍ട്ട് ചെയ്ത ശേഷം മാത്രമേ ജിയോയ്ക്ക് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനാകുകയുള്ളു. അതുകൊണ്ട് 2020 മാര്‍ച്ചിന് മുന്‍പ് ഐപിഒ സംഘടിപ്പിക്കുക സാധ്യമല്ല. 2016 സെപ്റ്റംബറിലാണ് ജിയോ പ്രവര്‍ത്തനം ആരംഭിച്ചത്. 2020ന്റെ അവസാനമോ 2021ന്റെ തുടക്കത്തിലോ ജിയോ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് സജ്ജമാകും.

മൂന്ന് വര്‍ഷത്തെ ചുരുങ്ങിയ കാലയളവിനുള്ളില്‍ 306.72 മില്യണ്‍ വരിക്കാരെയാണ് ജിയോ നേടിയത്. മാര്‍ച്ച് പാദത്തിലെ കണക്ക് പ്രകാരം 26.4 ശതമാനമാണ് ജിയോയുടെ വിപണി വിഹിതം. 182 ബേസിസ് പോയിന്റ് വര്‍ധിച്ച് ജിയോയുടെ വരുമാന വിപണി വിഹിതം 31.7 ശതമാനത്തിലെത്തിയിട്ടുണ്ട്. എയര്‍ടെലിന്റെ വരുമാന വിപണി വിഹിതം 27.3 ശതമാനവും വോഡഫോണ്‍ ഐഡിയയുടേത് 32.2 ശതമാനവുമാണ്. വരുമാന വിഹിതത്തിലും വരിക്കാരുടെ എണ്ണത്തിലും എയര്‍ടെലിനെ പിന്നിലാക്കി ഇന്ത്യന്‍ ടെലികോം വിപണിയില്‍ ജിയോ രണ്ടാം സ്ഥാനമുറപ്പിച്ചു കഴിഞ്ഞു.

Comments

comments

Categories: Business & Economy
Tags: Reliance Jio