മാരുതി ഡിസയറില്‍ ബിഎസ് 6 പെട്രോള്‍ എന്‍ജിന്‍ നല്‍കി

മാരുതി ഡിസയറില്‍ ബിഎസ് 6 പെട്രോള്‍ എന്‍ജിന്‍ നല്‍കി

അധിക സുരക്ഷാ ഫീച്ചറുകള്‍ നല്‍കി പെട്രോള്‍, ഡീസല്‍ വേര്‍ഷനുകള്‍ പരിഷ്‌കരിച്ചു

ന്യൂഡെല്‍ഹി : ബിഎസ് 6 പെട്രോള്‍ എന്‍ജിന്‍ നല്‍കി മാരുതി സുസുകി ഡിസയര്‍ പരിഷ്‌കരിച്ചു. 1.2 ലിറ്റര്‍ കെ12ബി പെട്രോള്‍ എന്‍ജിനാണ് ഭാരത് സ്‌റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നത്. ഫേസ്‌ലിഫ്റ്റ് ചെയ്ത ബലേനോ, സ്വിഫ്റ്റ്, വാഗണ്‍ആര്‍ 1.2 മോഡലുകളില്‍ ഈ ബിഎസ് 6 എന്‍ജിന്‍ നേരത്തെ നല്‍കിയിരുന്നു. മാരുതി സുസുകി നിരയില്‍ ബിഎസ് 6 എന്‍ജിന്‍ ലഭിക്കുന്ന നാലാമത്തെ വാഹനമാണ് ഡിസയര്‍.

കൂടാതെ, മാരുതി സുസുകി ഡിസയറിന്റെ പെട്രോള്‍, ഡീസല്‍ വേര്‍ഷനുകളില്‍ ഒരുപോലെ ഇപ്പോള്‍ അധിക സുരക്ഷാ ഫീച്ചറുകള്‍ നല്‍കി. ഇരട്ട എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ് എന്നിവ കൂടാതെ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം എന്നീ സുരക്ഷാ ഫീച്ചറുകളാണ് ഇപ്പോള്‍ സ്റ്റാന്‍ഡേഡായി നല്‍കിയത്.

അതേ 1197 സിസി, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ബിഎസ് 6 പെട്രോള്‍ ഡിസയറിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 82 ബിഎച്ച്പി കരുത്തും 115 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ബിഎസ് 4 അനുസരിക്കുന്ന 1.3 ലിറ്റര്‍ ഡിഡിഐഎസ് എന്‍ജിനാണ് ഡീസല്‍ ഡിസയര്‍ തുടര്‍ന്നും ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 74 ബിഎച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. രണ്ട് എന്‍ജിനുകളുമായും 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേഡായി ചേര്‍ത്തുവെച്ചു. എജിഎസ് (ഓട്ടോ ഗിയര്‍ ഷിഫ്റ്റ്) അഥവാ എഎംടി ഓപ്ഷണലായി ലഭിക്കും.

പരിഷ്‌കാരങ്ങള്‍ വരുത്തിയതോടെ ഡിസയറിന്റെ വില വര്‍ധിച്ചു. 5.82 ലക്ഷം മുതല്‍ 9.57 ലക്ഷം രൂപ വരെയാണ് ഇപ്പോള്‍ ഡെല്‍ഹി എക്‌സ് ഷോറൂം വില. 2020 ഏപ്രില്‍ ഒന്നിനാണ് ഭാരത് സ്‌റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്നത്. ബിഎസ് 6 വരുന്നതോടെ എല്ലാ ഡീസല്‍ എന്‍ജിനുകളും ഉപേക്ഷിക്കുമെന്ന് മാരുതി സുസുകി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Comments

comments

Categories: Auto