ലോകം കീഴടക്കാന്‍ കിയ സെല്‍റ്റോസ് ഇന്ത്യയില്‍ അവതരിച്ചു

ലോകം കീഴടക്കാന്‍ കിയ സെല്‍റ്റോസ് ഇന്ത്യയില്‍ അവതരിച്ചു

ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന തിയ്യതി പിന്നീട് പ്രഖ്യാപിക്കും. 11-17 ലക്ഷം രൂപ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കാം

ഇന്ത്യന്‍ വാഹന വിപണിയൊന്നാകെ ആകാംക്ഷയോടെ കാത്തിരുന്ന കിയ സെല്‍റ്റോസ് എസ്‌യുവി ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തി. 2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച കിയ എസ്പി കണ്‍സെപ്റ്റ് അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണ് സെല്‍റ്റോസ് കോംപാക്റ്റ് എസ്‌യുവി. ഹ്യുണ്ടായ് ക്രെറ്റ, ടാറ്റ ഹാരിയര്‍, ഈ മാസം 27 ന് വിപണിയില്‍ അവതരിപ്പിക്കുന്ന എംജി ഹെക്ടര്‍ എന്നിവയാണ് സെല്‍റ്റോസ് എസ്‌യുവിയുടെ പ്രധാന എതിരാളികള്‍. എസ്പി കണ്‍സെപ്റ്റും വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിനായി അനാവരണം ചെയ്ത സെല്‍റ്റോസും തമ്മില്‍ വ്യത്യാസങ്ങള്‍ പറയാന്‍ കഴിയില്ല. സെല്‍റ്റോസ് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന തിയ്യതി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍ പിന്നീട് പ്രഖ്യാപിക്കും. 11-17 ലക്ഷം രൂപ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കാം. കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ മോഡലാണ് സെല്‍റ്റോസ്.

കിയ മോട്ടോഴ്‌സിന്റെ പ്രത്യേകതയായ ടൈഗര്‍ നോസ് ഗ്രില്‍ കിയ സെല്‍റ്റോസ് എസ്‌യുവിയുടെയും മുഖമുദ്രയാണ്. ഗ്രില്ലിന് ചുറ്റും വെള്ളി എന്ന് തോന്നിപ്പിക്കുന്ന ഫിനിഷ് നല്‍കിയിരിക്കുന്നു. എല്‍ഇഡി ഹെഡ്‌ലാംപുകളും എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും കാണാം. ടെക് ലൈന്‍, ജിടി ലൈന്‍ എന്നീ രണ്ട് വ്യത്യസ്ത ഡിസൈനുകളിലാണ് കിയ സെല്‍റ്റോസ് എസ്‌യുവി നിര്‍മ്മിക്കുന്നത്. പ്രീമിയം ലുക്ക്, കംഫര്‍ട്ട് ഫീച്ചറുകളോടെയാണ് ടെക് ലൈന്‍ വരുന്നത്. എന്നാല്‍ കൂടുതല്‍ നൂതന ഫീച്ചറുകള്‍ നല്‍കി യുവാക്കളെ ആകര്‍ഷിക്കുന്ന തരത്തിലായിരിക്കും ജിടി ലൈന്‍ വിപണിയിലെത്തിക്കുന്നത്.

നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ സെല്‍റ്റോസ് എസ്‌യുവിയില്‍ നല്‍കിയിരിക്കുന്നു. സെഗ്‌മെന്റില്‍ ഇതാദ്യമായി നാവിഗേഷന്‍ സഹിതം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം സവിശേഷതയാണ്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ ലഭിച്ചു. മുന്നിലെ രണ്ട് സീറ്റുകള്‍ക്കിടയിലായി എയര്‍ പ്യൂരിഫയര്‍ നല്‍കിയിരിക്കുന്നു. പിന്‍ സീറ്റ് യാത്രക്കാര്‍ക്കായി എസി വെന്റ് കൂടി ലഭ്യമാക്കി. യുഎസ് കമ്പനിയായ ബോസ് കോര്‍പ്പറേഷന്റേതാണ് 8 സ്പീക്കര്‍ സൗണ്ട് സിസ്റ്റം. നോര്‍മല്‍, ഇക്കോ, സ്‌പോര്‍ട്ട് എന്നിവയാണ് മൂന്ന് ഡ്രൈവിംഗ് മോഡുകള്‍.

കണക്റ്റഡ് കാര്‍ കൂടിയാണ് കിയ സെല്‍റ്റോസ്. എംജി ഹെക്ടര്‍ കൂടി പുറത്തിറക്കുന്നതോടെ ഇന്ത്യയിലെ കണക്റ്റഡ് കോംപാക്റ്റ് എസ്‌യുവികളുടെ എണ്ണം രണ്ടായി മാറും. ഉവോ കണക്റ്റ് എന്ന കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യയാണ് സെല്‍റ്റോസ് എസ്‌യുവിയില്‍ നല്‍കിയിരിക്കുന്നത്. കാറിന്റെ ഇഗ്നിഷന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും എയര്‍ കണ്ടീഷണര്‍ നിയന്ത്രിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചാല്‍ മതി. വാഹനത്തിനകത്തെ റിയര്‍ വ്യൂ കണ്ണാടിയിലെ പ്രത്യേക ബട്ടണ്‍ അമര്‍ത്തിയാല്‍ ഉവോ കണക്റ്റഡ് കാര്‍ ടെക്‌നോളജി പ്രവര്‍ത്തിപ്പിക്കാം. റോഡ്‌സൈഡ് അസിസ്റ്റന്‍സ് ബട്ടണ്‍, എസ്ഒഎസ് ബട്ടണ്‍ എന്നിവയും അകത്തെ റിയര്‍ വ്യൂ കണ്ണാടിയില്‍ നല്‍കിയിരിക്കുന്നു. അടിയന്തര സാഹചര്യങ്ങളില്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ കോള്‍ സെന്ററിലേക്ക് അലര്‍ട്ട് പറക്കും.

8 ഇഞ്ച് ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ മറ്റൊരു സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറാണ്. ഡ്രൈവിംഗിനിടെ ശ്രദ്ധ മാറാതെ ആവശ്യമുള്ള എല്ലാ വിവരങ്ങളും വിന്‍ഡ്‌സ്‌ക്രീനില്‍ ലഭിക്കും. 7 ഇഞ്ച് കളര്‍ ടിഎഫ്ടിയാണ് (തിന്‍ ഫിലിം ട്രാന്‍സിസ്റ്റര്‍) ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍. സൗണ്ട് മൂഡ് ലാംപ്, റിയര്‍ സണ്‍ഷേഡ് കര്‍ട്ടന്‍ എന്നിവയും സവിശേഷതകളാണ്. വയര്‍ലെസ് ചാര്‍ജിംഗ്, ക്രൂസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. മഴ പെയ്താല്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്ന വൈപ്പറുകള്‍, ഓട്ടോ ഹെഡ്‌ലാംപുകള്‍ എന്നിവയും നല്‍കി.

വിപണിയില്‍ പുറത്തിറക്കുന്ന ആദ്യ ദിവസം മുതല്‍ ബിഎസ് 6 റെഡിയാണ് കിയ സെല്‍റ്റോസ്. എല്ലാ എന്‍ജിനുകളും ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കും. 1.4 ലിറ്റര്‍ ടര്‍ബോ ജിഡിഐ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. 7 സ്പീഡ് ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ (ഡിസിടി), 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്, സിവിടി ഓട്ടോമാറ്റിക്, 6 സ്പീഡ് മാന്വല്‍ എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഇത്രയധികം ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളോടെ ഒരു കോംപാക്റ്റ് എസ്‌യുവി വരുന്നത് ഇതാദ്യമാണ്.

ആറ് എയര്‍ബാഗുകള്‍, ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍) സഹിതം എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ഇഎസ്‌സി (ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍), എച്ച്എസി (ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍), വിഎസ്എം (വെഹിക്കിള്‍ സ്റ്റബിലിറ്റി മാനേജ്‌മെന്റ്) എന്നിവയാണ് സുരക്ഷാ ഫീച്ചറുകള്‍. അഡ്വാന്‍സ്ഡ് ഹൈ സ്‌ട്രെംഗ്ത്ത് സ്റ്റീല്‍ (എഎച്ച്എസ്എസ്) ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. മുന്നിലും പിന്നിലും പാര്‍ക്കിംഗ് സെന്‍സറുകള്‍, ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍ എന്നിവയും നല്‍കി. സെഗ്‌മെന്റില്‍ ഇതാദ്യമായി നല്‍കിയ 360 ഡിഗ്രി കാമറയാണ് മറ്റൊരു ശ്രദ്ധേയ ഫീച്ചര്‍.

ഗുരുഗ്രാമില്‍ നടന്ന ആഗോള അനാവരണ ചടങ്ങില്‍ കിയ മോട്ടോഴ്‌സ് കോര്‍പ്പറേഷന്‍ പ്രസിഡന്റ് & സിഇഒ ഹാന്‍-വൂ പാര്‍ക്ക്, കിയ മോട്ടോഴ്‌സ് ഇന്ത്യ എംഡി & സിഇഒ കൂഖ്യുണ്‍ ഷിം, കിയ മോട്ടോഴ്‌സ് ഇന്ത്യ വൈസ് പ്രസിഡന്റും വിപണന-വില്‍പ്പന വിഭാഗം മേധാവിയുമായ മനോഹര്‍ ഭട്ട്, കിയ ഡിസൈന്‍ സെന്റര്‍ തലവന്‍ ടോം കിയേണ്‍സ്, ഗ്ലോബല്‍ പ്രൊഡക്റ്റ് മാനേജ്‌മെന്റ് മേധാവി ലോറന്‍സ് ഗ്ലാബ് തുടങ്ങിയവര്‍ പങ്കെടുത്തു. ഹ്യുണ്ടായ് മോട്ടോര്‍ കമ്പനിയാണ് കിയ മോട്ടോഴ്‌സിന്റെ മാതൃ കമ്പനി.

Categories: Auto
Tags: kia motors