ഇരുപതോളം പരിഷ്‌കാരങ്ങളുമായി ഇസുസു ഡി-മാക്‌സ് വി-ക്രോസ്

ഇരുപതോളം പരിഷ്‌കാരങ്ങളുമായി ഇസുസു ഡി-മാക്‌സ് വി-ക്രോസ്

സ്റ്റാന്‍ഡേഡ് വേരിയന്റിന് 15.51 ലക്ഷം രൂപയും ഇസഡ് വേരിയന്റിന് 17.03 ലക്ഷം രൂപയുമാണ് മുംബൈ എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : ഫേസ്‌ലിഫ്റ്റ് ചെയ്ത 2019 ഇസുസു ഡി-മാക്‌സ് വി-ക്രോസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഭംഗി വര്‍ധിപ്പിച്ചും പുതിയ ഫീച്ചറുകളോടെയുമാണ് പുതിയ ഡി-മാക്‌സ് വി-ക്രോസ് വരുന്നത്. സ്റ്റാന്‍ഡേഡ്, ഇസഡ് എന്നീ രണ്ട് വേരിയന്റുകളില്‍ പുതിയ വി-ക്രോസ് എസ്‌യുവി ലഭിക്കും. യഥാക്രമം 15.51 ലക്ഷം രൂപയും 17.03 ലക്ഷം രൂപയുമാണ് മുംബൈ എക്‌സ് ഷോറൂം വില.

വിപണിയില്‍നിന്ന് പുറത്തുപോകുന്ന മോഡലിനേക്കാള്‍ പുതിയ ഡി-മാക്‌സ് വി-ക്രോസില്‍ ഇരുപതോളം അപ്‌ഡേറ്റുകള്‍ നടത്തിയതായി ഇസുസു അറിയിച്ചു. ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് ആരംഭിച്ചതായും കമ്പനി അറിയിച്ചു. സഫയര്‍ ബ്ലൂ, സില്‍ക്കി പേള്‍ വൈറ്റ് എന്നീ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളിലും പിക്കപ്പ് ലഭിക്കും. ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച നാള്‍ മുതല്‍ മികച്ച ഓഫ്-റോഡര്‍ എന്ന പേര് സമ്പാദിച്ചവനാണ് ഇസുസു ഡി-മാക്‌സ് വി-ക്രോസ്.

മുന്‍വശത്താണ് ഏറ്റവും വലിയ പരിഷ്‌കാരം. പുതിയ ബോള്‍ഡ് ക്രോം ഗ്രില്‍, പുതുതായി രൂപകല്‍പ്പന ചെയ്ത ഹെഡ്‌ലാംപുകള്‍, പുതിയ മസ്‌കുലര്‍ ബംപര്‍ എന്നിവ മുന്നില്‍ കാണാം. ഫോഗ് ലാംപ് ഡിസൈന്‍, ഹൗസിംഗ് എന്നിവയും പുതിയതാണ്. ഇരട്ട എല്‍ഇഡികളോടുകൂടിയതാണ് ഇപ്പോള്‍ ഹെഡ്‌ലാംപുകള്‍. പുതിയ റൂഫ് റെയിലുകള്‍, പുതിയ ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവയും ലഭിച്ചു. പുതിയ ബംപര്‍, പുതുതായി രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ടെയ്ല്‍ലാംപുകള്‍ എന്നിവ പിന്നില്‍ കാണാം. പുതുതായി രൂപകല്‍പ്പന ചെയ്ത 18 ഇഞ്ച് അലോയ് വീലുകളിലാണ് ഇസുസു ഡി-മാക്‌സ് വി-ക്രോസ് ഫേസ്‌ലിഫ്റ്റ് വരുന്നത്.

ഇരു വേരിയന്റുകളുടെയും കാബിന്‍ ഇപ്പോള്‍ കറുപ്പ് മയമാണ്. അതേസമയം, ഇസഡ് വേരിയന്റില്‍ പെര്‍ഫൊറേറ്റഡ് ലെതര്‍ സീറ്റുകള്‍ നല്‍കിയിരിക്കുന്നു. പിയാനോ ബ്ലാക്ക് നിറത്തില്‍ തീര്‍ത്ത ഡാഷ്‌ബോര്‍ഡില്‍ പുതിയ 3ഡി ഇലക്ട്രോലുമിനസെന്റ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ നല്‍കി. പിന്‍സീറ്റ് യാത്രക്കാര്‍ക്കായി ഇപ്പോള്‍ യുഎസ്ബി പോര്‍ട്ട് സൗകര്യമുണ്ട്.

പ്രീ-ടെന്‍ഷനര്‍, ലോഡ് ലിമിറ്റര്‍ എന്നിവ സഹിതം സീറ്റ് ബെല്‍റ്റുകള്‍, വാഹനത്തിന്റെ വേഗത അനുസരിച്ചുള്ള ഓട്ടോ ഡോര്‍ ലോക്കിംഗ്, കോ-ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹിള്‍ ഡെസന്റ് കണ്‍ട്രോള്‍ എന്നിവ സുരക്ഷാ ഫീച്ചറുകളാണ്.

നിലവിലെ അതേ 2.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ പുതിയ വി-ക്രോസ് തുടര്‍ന്നും ഉപയോഗിക്കും. ഈ മോട്ടോര്‍ 134 ബിഎച്ച്പി കരുത്തും 1800-2800 ആര്‍പിഎമ്മില്‍ 320 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. മുമ്പത്തെപ്പോലെ, ഷിഫ്റ്റ്-ഓണ്‍-ദ-ഫ്‌ളൈ സംവിധാനത്തോടെ 4 വീല്‍ ഡ്രൈവ് സിസ്റ്റം നല്‍കിയിരിക്കുന്നു.

Comments

comments

Categories: Auto