ബജറ്റ് കമ്മി ലക്ഷ്യം 3.6 ശതമാനത്തിലേക്ക് ഉയര്‍ത്തിയേക്കും

ബജറ്റ് കമ്മി ലക്ഷ്യം 3.6 ശതമാനത്തിലേക്ക് ഉയര്‍ത്തിയേക്കും

420 ബില്യണ്‍ രൂപ സര്‍ക്കാരിന് അധികമായി ലഭ്യമാകുമെന്ന് വിലയിരുത്തല്‍

ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടിരുന്ന ബജറ്റ് കമ്മി നിരക്ക് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്താന്‍ സാധ്യത. ഫെബ്രുവരിയിലവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ധനകമ്മി ലക്ഷ്യമിടല്‍ 3.3 ശതമാനത്തില്‍ നിന്ന് 3.4 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. ഇത് 3.6 ശതമാനത്തിലേക്ക് ഉയര്‍ത്തിയേക്കുമെന്നാണ് സൂചന. സാമ്പത്തിക മാന്ദ്യം നികുതി ശേഖരണത്തില്‍ വലിയ ഇടിവുണ്ടാക്കുകയും സാമ്പത്തികരംഗത്തെ ഉണര്‍വ് വീണ്ടെടുക്കുന്നതിന് കൂടുതല്‍ പദ്ധതികള്‍ വേണമെന്ന അഭിപ്രായം ശക്തമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.

2014 ല്‍ അധികാരമേറ്റ ശേഷം പൊതു സാമ്പത്തികരംഗത്ത് പുരോഗതിയുണ്ടാക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയിച്ചിരുന്നു. സബ്‌സിഡി ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചും നികുതി വരുമാനം ഉയര്‍ത്തിയും ധനകമ്മി 4.5 ശതമാനത്തില്‍ നിന്ന് 3.4 ശതമാനമായി കുറയ്ക്കാന്‍ അദ്ദേഹത്തിനായി. ഇപ്രാവശ്യം റോഡ്, ഭവന പദ്ധതികള്‍ക്കുള്ള ചെലവഴിക്കല്‍ വര്‍ധിപ്പിക്കുമെന്നും കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമുള്ള നികുതി നിരക്ക് കുറയ്ക്കുമെന്നുമുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റേണ്ട ചുമതല അദ്ദേഹത്തെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. ധനകമ്മി ഉയരാനിടയാക്കുന്ന സാഹചര്യങ്ങളാണ് ഇവ. കോര്‍പ്പറേറ്റ് നികുതി കുറയ്ക്കണമെന്നും നിക്ഷേപം വര്‍ധിപ്പിക്കാന്‍ ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നും ബിസിനസ് ഗ്രൂപ്പുകള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മാസം അഞ്ചിനാണ് രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുക.

ധനകമ്മി ലക്ഷ്യമിടല്‍ 3.6 ശതമാനമാകുന്നതോടെ 420 ബില്യണ്‍ രൂപ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇത് നികുതി നിരക്ക് കുറയ്ക്കാനും നിക്ഷേപം വര്‍ധിപ്പിക്കാനുമുള്ള പദ്ധതികള്‍ക്കായി വിനിയോഗിക്കാനാകും. മൊത്തത്തിലുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിനായി നടപ്പു സാമ്പത്തിക വര്‍ഷം കേന്ദ്ര ബാങ്കിന്റെ ലാഭവിഹിതം 690 ബില്യണ്‍ രൂപയില്‍ നിന്ന് ഒരു ട്രില്യണ്‍ രൂപയിലേക്ക് ഉയര്‍ത്താനും സാധ്യതയുണ്ടെന്നാണ് അറിയുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നികുതി വരുമാനത്തില്‍ 11 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ഇത് സാമ്പത്തിക വര്‍ഷ ധനകമ്മി ലക്ഷ്യമായ 3.4 ശതമാനം യാഥാര്‍ത്ഥ്യമാക്കുന്നതിനായി ചെലവഴിക്കലില്‍ 1.45 ട്രില്യണ്‍ രൂപയിലധികം കുറവ് വരുത്താന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയിരുന്നുവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതേ സമയം സാമ്പത്തിക വ്യവസ്ഥിതികളില്‍ നിന്ന് വ്യതിചലിക്കുന്നത് ബജറ്റിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുമെന്നും അത് നിക്ഷേപ, കടപ്പത്ര വിപണികളെയും രൂപയുടെ മൂല്യത്തെയും പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യമിടലില്‍ പത്തോ ഇരുപതോ ബേസിക് പോയന്റിന്റെ കുറവ് വരുത്തുകയാണെങ്കില്‍ അത് പുരോഗതിക്ക് തടസമാകുമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് പ്രൈമറി ഡീലര്‍ഷിപ്പ് മുഖ്യ സാമ്പത്തികവിദഗ്ധന്‍ എ പ്രസന്ന അഭിപ്രായപ്പെട്ടു.

Categories: Business & Economy, Slider