ഡ്രോണ്‍ വിമാനം വെടിവെച്ചിട്ട നടപടി: ഇറാനെതിരെ തിരിച്ചടിക്കാന്‍ സൈന്യത്തിന് ട്രംപിന്റെ അനുമതി; ഉടനടി പിന്മാറ്റം

ഡ്രോണ്‍ വിമാനം വെടിവെച്ചിട്ട നടപടി: ഇറാനെതിരെ തിരിച്ചടിക്കാന്‍ സൈന്യത്തിന് ട്രംപിന്റെ അനുമതി; ഉടനടി പിന്മാറ്റം

പ്രത്യാക്രമണത്തിന് സൈന്യം സജ്ജരായെങ്കിലും അനുമതി പിന്‍വലിച്ചതിനെ തുടര്‍ന്ന് പിന്‍വാങ്ങി അമേരിക്കന്‍ വിമാനം വെടിവെച്ചിട്ട ഇറാന്റെ നടപടി വലിയ അബദ്ധമെന്ന് ട്രംപ് ചെറിയ സംഘര്‍ഷം പോലും യുദ്ധത്തില്‍ കലാശിച്ചേക്കുമെന്ന ഭീതിയില്‍ പശ്ചിമേഷ്യ

വാഷിംഗ്ടണ്‍: അമേരിക്കന്‍ സേനയുടെ നിരീക്ഷണ വിമാനം വെടിവെച്ചിട്ടതിന് പകരമായി ഇറാനെതിരെ തിരിച്ചടിക്കാന്‍ സൈന്യത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി. എന്നാല്‍ അനുമതി നല്‍കി കുറച്ച് സമയത്തിനകം തന്നെ ട്രംപ് ഭരണകൂടം അത് പിന്‍വലിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയുടെ ആളില്ലാ നിരീക്ഷണ വിമാനം ഇറാനിലെ റെവലൂഷനറി ഗാര്‍ഡ് വെടിവെച്ചിട്ടതിന് പ്രതികാരമായി വെള്ളിയാഴ്ച ഇറാനെതിരെ പ്രത്യാക്രമണം നടത്തുന്നതിനായി അമേരിക്കന്‍ സെന്യം സജ്ജരായിരുന്നതായാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി ഇതിന് വേണ്ട തയാറെടുപ്പുകള്‍ സൈന്യം നടത്തിയെങ്കിലും തിരിച്ചടിക്കുള്ള അനുമതി പെട്ടന്ന് തന്നെ പിന്‍വലിക്കുകയായിരുന്നു. ഇറാനിലെ റഡാറുകളും മിസൈലുകളും ലക്ഷ്യമാക്കിയാണ് അക്രമണം പദ്ധതിയിട്ടിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തിന് സജ്ജരായി വിമാനങ്ങളും നാവികസേനാ കപ്പലുകളും വ്യോമ, നാവിക മേഖലകളില്‍ സ്ഥാനമുറപ്പിച്ചിരുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ അനുമതി പുറത്തിറക്കി വളരെപ്പെട്ടന്ന് ട്രംപ് ഭരണകൂടം അത് പിന്‍വലിക്കുകയായിരുന്നു. പദ്ധതിയിട്ട ആക്രമണവുമായി ട്രംപ് മുമ്പോട്ട് പോകുമോ എന്ന് വ്യക്തമല്ലെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.ട്രംപിന്റെ മനസ് മാറിയത് കൊണ്ടാണോ അല്ലെങ്കില്‍ ആക്രമണ പദ്ധതിയും തന്ത്രവും സംബന്ധിച്ച ആശയക്കുഴപ്പങ്ങളെ തുടര്‍ന്നാണോ തിരിച്ചടിക്കുള്ള അനുമതി പിന്‍വലിച്ചതെന്ന് വ്യക്തമല്ല. ഇക്കാര്യം സംബന്ധിച്ച ഒരു വിശദീകരണത്തിനും വൈറ്റ്ഹൗസ് തയ്യാറായിട്ടില്ല. ആസൂത്രണം ചെയ്തപടി ആക്രമണം നടന്നിരുന്നെങ്കില്‍ പശ്ചിമേഷ്യയില്‍ ട്രംപിന്റെ മൂന്നാമത്തെ സൈനിക നടപടി ആയി മാറുമായിരുന്നു അത്. നേരത്തെ 2017ലും 2018ലും സിറിയയില്‍ ട്രംപ് സൈനിക നടപടിക്ക് ഉത്തരവിട്ടിരുന്നു്.

ആഗോള എണ്ണനീക്കത്തില്‍ വളരെ പ്രധാനപ്പെട്ട കപ്പല്‍പ്പാതയ്ക്ക് മുകളിലുള്ള അന്താരാഷ്ട്ര വ്യോമമേലയില്‍ വച്ചാണ് ആര്‍ക്യൂ-4 ഗ്ലോബല്‍ ഹൗക്ക് എന്ന നിരീക്ഷണ വിമാനം ഇറാന്‍ വെടിവെച്ചിട്ടതെന്ന് അമേരിക്ക ആരോപിച്ചു. യാതൊരു വിധ പ്രകോപനും കൂടാതെയായിരുന്നു ഇറാന്റെ നടപടിയെന്നും യുഎസ് മിലിട്ടറിയുടെ സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. ഏതാണ്ട് 130 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഡ്രോണ്‍ വിമാനമാണ് ഇറാന്‍ വെടിവെച്ചിട്ടത്.

‘ഇറാന്റേത് വലിയ അബദ്ധം’

അമേരിക്കയുടെ ആളില്ലാ വിമാനം വെടിവെച്ചിട്ടതിലൂടെ ഇറാന്‍ വലിയ അബദ്ധമാണ് ചെയ്തിരിക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. എന്നാല്‍ ഡ്രോണ്‍ വിമാനം വെടിവെച്ചിട്ടത് മനഃപ്പൂര്‍വ്വമാണെന്ന് കരുതുന്നില്ലെന്ന് പിന്നീട് ട്രംപ് തിരുത്തി.

ഇത്തരമൊരു ആക്രമണത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുക ആരായിരിക്കുമെന്നും ജനറലോ മറ്റോ ആയിരിക്കും ആ വലിയ അബദ്ധം ചെയ്തിരിക്കുകയെന്നും ട്രംപ് പറഞ്ഞു. അതേസമയം വെടിവെച്ചിട്ട വിമാനത്തില്‍ പൈലറ്റ് ഉണ്ടായിരുന്നെങ്കില്‍ സ്ഥിതിഗതികള്‍ വളരെ വ്യത്യസ്തമായേനെയെന്നും ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമായിരുന്നെന്നും ട്രംപ് പറഞ്ഞു.

ഒളിഞ്ഞും തെളിഞ്ഞും പശ്ചിമേഷ്യയില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി നടക്കുന്ന അക്രമ പരമ്പരകള്‍ക്കൊപ്പം അമേരിക്കയുടെ ആളില്ലാ വിമാനം ഇറാന്‍ വെടിവെച്ചിടുകയും ചെയ്തതോടെ മേഖല യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഇറാന്‍ വിഷയത്തില്‍ സ്വീകരിക്കേണ്ട നയങ്ങള്‍ മുതിര്‍ന്ന ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുന്ന തിരക്കിലായിരുന്ന വ്യാഴാഴ്ച ട്രംപ്.

അമേരിക്ക വ്യോമ അതിര്‍ത്തി ലംഘിച്ചെന്ന് ഐക്യരാഷ്ട്ര സഭയോട് ഇറാന്‍

ആക്രമണത്തിന് പിന്നാലെ സംഭവം നടന്ന സ്ഥലം സംബന്ധിച്ച് വ്യത്യസ്ത വിശദീകരണവുമായാണ് ഇറാനും അമേരിക്കയും രംഗത്ത് വന്നത്. യാതൊരു പ്രകോപനവും കൂടാതെയാണ് അന്താരാഷ്ട്ര വ്യോമമേഖലയിലൂടെ സഞ്ചരിക്കുകയായിരുന്ന തങ്ങളുടെ വിമാനം ഇറാന്‍ വെടിവെച്ചിട്ടതെന്ന് പെന്റഗണ്‍ ആരോപിച്ചു.ഹോര്‍മൂസ് കടലിടുക്കിന് മുകളിലൂടെ സഞ്ചരിക്കുകയായിരുന്ന ആളില്ലാ വിമാനമാണ് ഇറാന്‍ മിസൈലുകള്‍ ലക്ഷ്യമാക്കിയതെന്നും ആമേരിക്ക ആരോപിച്ചു. എന്നാല്‍ ഇറാന്റെ വ്യോമ അതിര്‍ത്തി ലംഘിച്ച് ദക്ഷിണ തീരദേശ പ്രവശ്യയായ ഹോര്‍മോസ്ഗാനിലാണ് ആക്രമണമുണ്ടായതെന്ന് ഇറാന്‍ വാദിച്ചു.

എവിടെ വച്ചാണ് ആക്രമണമുണ്ടായതെന്നതിന് മേഖലയുടെ സ്ഥാനം സംബന്ധിച്ച കൃത്യമായ വിശദീകരണവുമായി ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് സരീഫ് രംഗത്തെത്തി. തങ്ങളുടെ സമുദ്ര അതിര്‍ത്തിക്കുള്ളില്‍ നിന്ന് വെടിവെച്ചിട്ട വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. പിന്നാലെ വിമാനത്തിന്റെ വ്യോമപാത സംബന്ധിച്ച ചിത്രവുമായി പെന്റഗണും രംഗത്തെത്തി. എന്നാല്‍ ചിത്രം സംബന്ധിച്ച വിശദീകരണത്തിന് പെന്റഗണ്‍ തയ്യാറായിട്ടില്ല.

പ്രകോപനപരവും അത്യന്തം അപകടകരവും ആയി തോന്നിയതിനാലാണ് ഇറാന്റെ വ്യോമ അതിര്‍ത്തി ലംഘിച്ച അമേരിക്കയുടെ ആളില്ലാ വിമാനം വെടിവെച്ചിടാന്‍ തീരുമാനിച്ചതെന്ന് ഇറാന്‍ ന്യായീകരിച്ചു. ആക്രമണത്തിലുള്ള വിശദീകരണമെന്നോണം ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസിനും സുരക്ഷാ സമിതിക്കും അയച്ച കത്തില്‍ അമേരിക്കന്‍ വിമാനം അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് മേഖലയിലൂടെ സഞ്ചരിച്ചതെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇറാന്‍ അംബാസഡര്‍ മാജിദ് തക്ത് റാവഞ്ചി കുറ്റപ്പെടുത്തി. ഒരു യുദ്ധം ഇറാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും തങ്ങളുടെ അതിര്‍ത്തി ലംഘിച്ച് നടക്കുന്ന ഏതൊരു ആക്രമണത്തിനെതിരായും ഉചിതമായ നടപടി സ്വീകരിക്കുന്നതിനും തങ്ങളുടെ കര, വ്യോമ, നാവിക അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനും ഇറാന് പരമാധികാരമുണ്ടെന്നും റാവിഞ്ചി പറഞ്ഞു. ഇതാദ്യമായിട്ടല്ല അമേരിക്ക ഇറാന്റെ അതിര്‍ത്തി മേഖലകളില്‍ പ്രകോപനപരമായ നീക്കങ്ങള്‍ നടത്തുന്നതെന്നും റാവിഞ്ചി കൂട്ടിച്ചേര്‍ത്തു.

ഭീതിയോടെ പശ്ചിമേഷ്യ

ഇതിനിടെ മേഖലയില്‍ കൂടുതല്‍ സൈനിക നീക്കങ്ങള്‍ നടക്കാന്‍ സാധ്യതയുള്ളതിനാലും രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നതിനാലും ഇറാന്റെ നിയന്ത്രണത്തിലുള്ള വ്യോമമേഖലയില്‍ പ്രവേശിക്കുന്നതില്‍ അമേരിക്കയുടെ യാത്രിവിമാനങ്ങള്‍ക്ക് വാഷിംഗ്ടണ്‍ വിലക്കേര്‍പ്പെടുത്തി.

അമേരിക്കയുടെ പ്രതിരോധ സംവിധാനങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങളില്‍ ഇറാന്‍ നേരിട്ട് ഉത്തരവാദിത്വം ഏറ്റെടുത്ത ആദ്യ ആക്രമാണ് ഡ്രോണ്‍ വിമാനം വെടിവെച്ചിട്ട നടപടി. കഴിഞ്ഞ വര്‍ഷം ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും അമേരിക്ക പിന്മാറിയതു മുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അസ്വസ്ഥമായിരുന്നു.

അതേസമയം ഏതെങ്കിലുമൊരു സംഭവം വലിയൊരു ഏറ്റുമുട്ടലിലേക്ക് നയിക്കുന്ന 1914ലെ അവസ്ഥയിലേക്കാണ് പശ്ചിമേഷ്യ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ഇന്റെര്‍നാഷ്ണല്‍ ക്രൈസിസ് ഗ്രൂപ്പിലെ അലി വയസ് അറബിക് മാധ്യമമായ അല്‍ ജസീറയോട് പറഞ്ഞു. അമേരിക്ക-ഇറാന്‍ ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ ഇറാനികളും അമേരിക്കക്കാരും മാത്രമല്ല, മേഖലയൊന്നാകെ കത്തിയൊടുങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഘട്ടംഘട്ടമായി മനഃപ്പൂര്‍വ്വം അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ മേഖലയെ എത്തിച്ചിരിക്കുന്നതെന്നും അത്തരമൊരു സ്ഥിതിയുണ്ടായാല്‍ സൈനിക നടപടി സ്വീകരിക്കുകയെന്ന പോംവഴി മാത്രമേ ട്രംപിന് മുമ്പില്‍ ഉണ്ടാകുകയുള്ളുവെന്നും വയസ് അഭിപ്രായപ്പെട്ടു.

മേയ് പകുതി മുതല്‍ പശ്ചിമേഷ്യ സാക്ഷ്യം വഹിക്കുന്ന അക്രമ സംഭവങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഡ്രോണ്‍ വിമാനം വെടിവെച്ചിട്ട ഇറാന്‍ നടപടി. മേയില്‍ ഫുജെയ്‌റയില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയും സൗദിയിലെ എണ്ണ പൈപ്പ് ലൈനുകള്‍ ലക്ഷ്യമാക്കിയും കഴിഞ്ഞ ആഴ്ച ഹോര്‍മൂസ് കടലിടുക്കിന് സമീപം എണ്ണക്കപ്പലുകള്‍ ലക്ഷ്യമാക്കിയും ആക്രമണമുണ്ടായിരുന്നു. ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക വാദിക്കുന്നുണ്ടെങ്കിലും ഇറാന്‍ ഇത് നിഷേധിച്ചിട്ടുണ്ട്. കൂടാതെ സൗദി അറേബ്യയില്‍ യെമനിലെ ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി ഭീകരരില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണവും പതിവായിരിക്കുകയാണ്. ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാനില്‍ നിന്നുള്ള ഭീഷണി പ്രതിരോധിക്കുന്നതിനെന്ന വ്യാജേന കഴിഞ്ഞ നാളുകളില്‍ അമേരിക്ക പശ്ചിമേഷ്യയിലെ സൈനികബലം വലിയ തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള ചെറിയ ഉരസല്‍ പോലും തുറന്ന യുദ്ധത്തില്‍ കലാശിക്കുമോ എന്ന ഭീതിയിലാണ് അറബ് ലോകം.

Comments

comments

Categories: Arabia
Tags: Drone, Iran-US