ചൈന-പാക് സൗഹൃദം സമൃദ്ധമായ സാമ്പത്തിക പങ്കാളിത്തത്തിലേക്ക് വളരുന്നു: ഇമ്രാന്‍ ഖാന്‍

ചൈന-പാക് സൗഹൃദം സമൃദ്ധമായ സാമ്പത്തിക പങ്കാളിത്തത്തിലേക്ക് വളരുന്നു: ഇമ്രാന്‍ ഖാന്‍

ചൈന- പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിക്ക് കീഴില്‍ വരുന്ന പദ്ധതികള്‍ക്ക് വലിയ പ്രാധാന്യമാണ് തങ്ങള്‍ നല്‍കുന്നതെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 60 ബില്യണ്‍ ഡോളന്‍ ചെലവിലാണ് സാമ്പത്തിക ഇടനാഴി യാഥാര്‍ത്ഥ്യമാക്കുന്നത്. ബെയ്ജിംഗുമായുള്ള സൗഹൃദം ശക്തമായ സാമ്പത്തിക പങ്കാളിത്തത്തിലേക്ക് വളരുന്നതില്‍ സന്തുഷ്ടനാണെന്നും പാക് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ചൈന നേതൃത്വം നല്‍കുന്ന ബെല്‍റ്റ് റോഡ് പദ്ധതിയുടെ ഉപദേശക സമിതി തലവനും ചൈനയിലെ ജനപ്രതിനിധി സഭയുടെ വിദേശ കാര്യ സമിതിയുടെ വൈസ് ചെയര്‍മാനുമായ സ്ഹാഓ ബെയ്‌ഗെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബലൂചിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്തെ ചൈനയിലെ സിന്‍ജാംഗ് പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴി ബെല്‍റ്റ് റോഡ് പദ്ധതിയിലെ നിര്‍ണായകമായ ഒന്നാണ്. പാക്ക് അധീന കാശ്മീരിലൂടെ ഈ ഇടനാഴി കടന്നുപോകുന്നതിലെ എതിര്‍പ്പാണ് ബെല്‍റ്റ് റോഡ് പദ്ധതിയില്‍ പങ്കുചേരാതിരിക്കാന്‍ ഇന്ത്യ പ്രധാനമായും ചൂണ്ടിക്കാണിച്ച കാരണം.
സാമ്പത്തിക ഇടനാഴി പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ കാര്‍ഷികം, സാമൂഹ്യ സാമ്പത്തിക വികസനം എന്നീ മേഖലകളിലെല്ലാം കൂടൂതല്‍ യോജിച്ച പ്രവര്‍ത്തനങ്ങളിലേക്ക് ഇരു രാജ്യങ്ങളും നീങ്ങുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. വിവിധ മേഖലകളിലെ ചൈനീസ് വൈദഗ്ധ്യത്തെ പ്രയോജനപ്പെടുത്താന്‍ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നു. പൊതു- സ്വകാര്യ മേഖലകളില്‍ ബിസിനസുകളില്‍ ചൈനയുടമായുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ തന്റെ ഓഫിസില്‍ പ്രത്യേക സെല്‍ തുറന്നതായും അദ്ദേഹം അറിയിച്ചു.

Comments

comments

Categories: FK News