യുഎഇ വ്യോമയാന വ്യവസായം 6.5 ലക്ഷം കോടി രൂപയിലേക്ക്…

യുഎഇ വ്യോമയാന വ്യവസായം 6.5 ലക്ഷം കോടി രൂപയിലേക്ക്…

ജിഡിപിയില്‍ 15 ശതമാനം സംഭാവനയാണ് കഴിഞ്ഞ വര്‍ഷം വ്യോമയാന മേഖലയില്‍ നിന്നുണ്ടായത്

ദുബായ്: 2030 ഓടെ യുഎഇയിലെ വ്യോമയാന വ്യവസായം 88.1 ബില്യണ്‍ ഡോളറില്‍(6.5 ലക്ഷം കോടി രൂപ) എത്തുമെന്ന് എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റെര്‍നാഷ്ണല്‍(എസിഐ) വേള്‍ഡ്. വ്യോമയാന മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തി സാധ്യതകള്‍ പരമാവധി ഉപയോഗിക്കാനുള്ള യുഎഇ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വെളിച്ചം പകരുന്നതാണ് എസിഐയുടെ പ്രവചനം. കഴിഞ്ഞ വര്‍ഷം രാജ്യത്തെ ജിഡിപിയില്‍ 15 ശതമാനം സംഭാവനയാണ് വ്യോമയാന മേഖലയില്‍ നിന്നും ലഭിച്ചത്.

ഏറ്റവുമധികം യാത്രക്കാര്‍ വന്നുപോകുന്ന വിമാനത്താവളങ്ങളില്‍ യുഎഇയിലെ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളം(ദുബായ് വേള്‍ഡ് സെന്‍ട്രല്‍) ലോകത്തില്‍ 19ാം സ്ഥാനത്തെത്തിയതിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ വ്യോമയാന മേഖല വരുംനാളുകളില്‍ കൂടുതല്‍ വളര്‍ച്ചയിലേക്ക് കുതിക്കുമെന്ന് എസിഐ പ്രവചിച്ചിരിക്കുന്നത്. പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായാല്‍ പ്രതിവര്‍ഷം 160 മില്യണ്‍ യാത്രക്കാരെയും 12 മില്യണ്‍ ടണ്‍ കാര്‍ഗോയും ഉള്‍ക്കൊള്ളാനുള്ള ശേഷിയുമായി ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി അല്‍ മക്തൂം വിമാനത്താവളം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് നടത്തിപ്പുകാരായി എസിഐ അബുദാബി ഇന്റെര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

വ്യോമയാന വികസനം ലക്ഷ്യമാക്കി ഏതാണ്ട് 270 ബില്യണ്‍ ഡോളറാണ് ഈ മേഖലയില്‍ നിക്ഷേപിച്ചിരിക്കുന്നത്. എയര്‍സ്‌പേസ് കപ്പാസിറ്റി കൂടുതല്‍ പ്രയോജനപ്പെടുത്തുന്ന തരത്തില്‍ അയല്‍രാജ്യങ്ങളിലേക്കുള്ള വ്യോമപാതകള്‍ പരിഷ്‌കരിക്കുന്ന കാര്യം ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജിസിഎഎ) പരിഗണിച്ച് വരികയാണെന്ന് ജിസിഎഎ ഡയറക്റ്റര്‍ ജനറല്‍ സരീഫ് മുഹമ്മദ് അള്‍ സുവൈദി കഴിഞ്ഞിടെ പറഞ്ഞിരുന്നു. വിമാനക്കമ്പനികള്‍ക്ക് ഏതാണ്ട് 12 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക ലാഭവും ഇത്തരത്തില്‍ ഉണ്ടാകും.വരും വര്‍ഷങ്ങളില്‍ യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും യാത്രക്കാരുടെ എണ്ണത്തില്‍ ഏകദേശം 5.2 ശതമാനം (142 മില്യണ്‍) വര്‍ധനവുണ്ടാകുമെന്നും ജിസിഎഎ മേധാവി പ്രതീക്ഷ പ്രകടിപ്പിച്ചു.

അറബ് മേഖലയിലെ വ്യോമയാന ബിസിനസിന്റെ 45 ശതമാനവും നടക്കുന്നത് യുഎഇയിലെ വ്യോമയാന രംഗത്താണ്. വിമാനങ്ങളില്‍ യാത്രക്കാരെ ഉള്‍ക്കാനുള്ള ശേഷി വര്‍ധിപ്പിച്ചും ഓരോ മാസവും അഞ്ച് വീതം പുതിയ വിമാനങ്ങള്‍ കൂട്ടിച്ചേര്‍ത്തും വ്യോമയാന മേഖലയിലെ സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ് യുഎഇ.

Comments

comments

Categories: Arabia