ഒപെക് പ്ലസ് സമ്മേളനം അടുത്ത മാസം ആദ്യം എണ്ണ ഉല്‍പ്പാദനത്തിലെ നിയന്ത്രണം തുടരണമെന്ന് യുഎഇ

ഒപെക് പ്ലസ് സമ്മേളനം അടുത്ത മാസം ആദ്യം എണ്ണ ഉല്‍പ്പാദനത്തിലെ നിയന്ത്രണം തുടരണമെന്ന് യുഎഇ
  • വിയന്നയില്‍ ജൂലൈ 1,2 തീയതികളില്‍ സമ്മേളനം നടക്കും
  • റഷ്യയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് സമ്മേളനം ജുലൈയിലേക്ക് നീട്ടിയത്
  • വിപണിയെ നിരീക്ഷിക്കുന്ന ആര്‍ക്കും ഉല്‍പ്പാദന നിയന്ത്രണം തുടരണമെന്ന തീരുമാനത്തിലെത്താന്‍ സാധിക്കുമെന്ന് യുഎഇ മന്ത്രി

അബുദാബി: ജൂലൈ 1,2 തീയതികളില്‍ വിയന്നയില്‍ യോഗം ചേരാന്‍ ഒപെക് പ്ലസ് തീരുമാനം. സമ്മേളന തീയതി സംബന്ധിച്ച ഒരു മാസം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് അടുത്ത മാസം ആദ്യം യോഗം ചേരാന്‍ ഒപെക് പ്ലസ് തീരുമാനമെടുത്തത്. നേരത്തെ ജൂണ്‍ 25, 26 തീയതികളില്‍ യോഗം ചേരാനായിരുന്നു എണ്ണക്കയറ്റുമതി രാഷ്ട്രങ്ങളുടെ സംഘടന തീരുമാനമെടുത്തതെങ്കിലും ഒപെകിന് പുറത്തുള്ള എണ്ണയുല്‍പ്പാദക രാഷ്ട്രമായ റഷ്യയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് സമ്മേളനം ജുലൈയിലേക്ക് നീട്ടിവയ്ക്കുകയായിരുന്നു.

എണ്ണവിതരണവും ഉല്‍പ്പാദനവും നിയന്ത്രിച്ച് വിപണിയില്‍ സന്തുലനം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള സംഘടന എണ്ണയുല്‍പ്പാദനവുമായി ബന്ധപ്പെട്ട് നിലവിലുള്ള കരാര്‍ പുനഃപരിശോധിക്കുന്നതിനാണ് പ്രധാനമായും യോഗം ചേരുന്നത്. ആഗോള തലത്തില്‍ എണ്ണ കെട്ടിക്കിടക്കുന്ന സ്ഥിതി ഒഴിവാക്കുക, എണ്ണ വിതരണം-ഉല്‍പ്പാദനം എന്നിവയെ സന്തുലിതാവസ്ഥയില്‍ എത്തിക്കുക, എണ്ണവില നിയന്ത്രണം ഒപെകിന്റെ സ്വാധീനത്തിലാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ വര്‍ഷം തുടക്കം മുതല്‍ ഒപെകും റഷ്യ ഉള്‍പ്പെടുന്ന കൂട്ടാളികളും എണ്ണയുല്‍പ്പാദനത്തില്‍ പ്രതിദിനം 1.2 മില്യണ്‍ ബാരലിന്റെ കുറവ് വരുത്തണമെന്ന കരാറില്‍ ഒപ്പുവെച്ചത്. ആറുമാസമായിരുന്നു ഈ കരാറിന്റെ കാലാവധി. കാലാവധി ഈ മാസം അവസാനിക്കാനിരിക്കെയാണ് ഉല്‍പ്പാദന നിയന്ത്രണം തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ സംഘടന യോഗം ചേരുന്നത്.

കരാര്‍ തുടരണമെന്ന അഭിപ്രായമാണ് മിക്ക ഒപെക് രാഷ്ട്രങ്ങള്‍ക്കും ഉള്ളത്. കരാര്‍ തുടരുക തന്നെ ചെയ്യുമെന്ന് ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാഷ്ട്രമായ സൗദി വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയിലും ഒപെക് അംഗങ്ങളല്ലാത്ത രാജ്യങ്ങളിലും എണ്ണ ഉല്‍പ്പാദനം വര്‍ധിക്കുകയും ആഗോള തലത്തില്‍ എണ്ണ കെട്ടിക്കിടക്കാന്‍ ഇടയായതുമാണ് ഉല്‍പ്പാദനത്തില്‍ വരുത്തുന്ന കുറവ് തുടരണമെന്ന തീരുമാനമെടുക്കാന്‍ ഗള്‍ഫ് രാഷ്ട്രങ്ങളെ നിര്‍ബന്ധിച്ചത്. എന്നാല്‍ റഷ്യയ്ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ട്. എണ്ണവില കുറഞ്ഞാലും ഉല്‍പ്പാദനം കുറയ്ക്കാനില്ല എന്ന നിലപാടായിരുന്നു നേരത്തെ റഷ്യയ്‌ക്കെങ്കിലും ഇപ്പോള്‍ അവര്‍ വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടുണ്ട്. കരാര്‍ അവസാനിപ്പിച്ചാല്‍ വില വീണ്ടും കൂപ്പുകുത്തുമെന്ന റഷ്യന്‍ ഊര്‍ജമന്ത്രിയുടെ പ്രസ്താവന കരാര്‍ നീട്ടിക്കൊണ്ട് പോകുന്നതിനെ സമ്മേളനത്തില്‍ അവര്‍ അനുകൂലിച്ചേക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

എണ്ണ ഉല്‍പ്പാദനത്തിലെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരണമെന്ന അഭിപ്രായമാണ് യുഎഇയ്ക്കുള്ളതെന്ന് യുഎഇ ഊര്‍ജമന്ത്രി സുഹൈല്‍ മുഹമ്മദ് ഫറജ് അല്‍ മസ്രോയി പറഞ്ഞു. ഇപ്പോള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന വിതരണക്കുറവില്‍ മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ല. വിപണിയില്‍ വലിയ തോതില്‍ എണ്ണ കെട്ടിക്കിടക്കുന്നുണ്ട്, അതിനാല്‍ ഈ കരാര്‍ തുടര്‍ന്ന് പോകേണ്ടത് ആവശ്യമാണ്. വിപണിയെ നിരീക്ഷിച്ച് കൊണ്ടിരിക്കുന്ന ആര്‍ക്കും അത്തരമൊരു തീരുമാനത്തിലേക്ക് എത്തുന്നതില്‍ പ്രയാസമുണ്ടാകാനിടയില്ല. അതുകൊണ്ട് തന്നെ നിലവിലെ കരാര്‍ തുടരാന്‍ അനുവദിക്കുന്നത് സങ്കീര്‍ണമായൊരു പ്രക്രിയയാണെന്ന് താന്‍ കരുതുന്നില്ലെന്നും മസ്രോയി പറഞ്ഞു.

അമേരിക്കയ്ക്കും ചൈനയ്ക്കുമിടയിലെ വ്യാപാര തര്‍ക്കവും എണ്ണയുടെ ആവശ്യകതയെ ബാധിച്ചിട്ടുണ്ടെന്ന് മസ്രോയി പറഞ്ഞു. അമേരിക്ക-ചൈന വ്യാപാര തര്‍ക്കത്തിന് എണ്ണയുടെ ആവശ്യകത നിയന്ത്രിക്കുന്നതില്‍ വലിയ പങ്കുണ്ട്. വരാനിരിക്കുന്ന ജി20 ഉച്ചക്കോടിയില്‍ അമേരിക്ക-ചൈന പ്രസിഡന്റുമാര്‍ തമ്മില്‍ ചര്‍ച്ച നടത്തുമെന്ന വാര്‍ത്ത വിപണിയിലെ ആശങ്കകള്‍ പരിഹരിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും മസ്രോയി കൂട്ടിച്ചേര്‍ത്തു.

എണ്ണക്കപ്പലുകള്‍ക്ക് നേരെയും എണ്ണസംവിധാനങ്ങള്‍ക്ക് നേരെയും നടന്ന ആക്രമണങ്ങളെ സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, പല ഭീഷണികളും വിപണി നേരിടുന്നുണ്ടെന്നും എന്നാല്‍ ആവശ്യകതയും വിതരണവും എങ്ങനെ സന്തുലിതാവസ്ഥയില്‍ എത്തിക്കാമെന്നതിനാണ് ഒപെക് പ്രാധാന്യം നല്‍കുന്നതെന്നും മസ്രോയി പറഞ്ഞു.

ഇറാന്റെ ആണവ കരാറില്‍ നിന്നും അമേരിക്ക പിന്മാറുകയും ഇറാനില്‍ നിന്നും എണ്ണ സ്വീകരിക്കുന്ന രാഷ്ട്രങ്ങള്‍ക്ക് ഉപരോധത്തില്‍ നല്‍കി വന്ന ഇളവുകള്‍ പിന്‍വലിക്കുകയും ചെയ്തതോടെ പശ്ചിമേഷ്യയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എണ്ണ എത്തിക്കുന്ന സമുദ്രഗതാഗത പാതയില്‍ വളരെ പ്രധാനപ്പെട്ട ഹോര്‍മൂസ് കടലിടുക്കിന് അടുത്തായി ഒരു മാസത്തിനിടെ രണ്ട് തവണയാണ് ആറോളം എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് എണ്ണവില വര്‍ധിച്ചെങ്കിലും അമേരിക്ക-ചൈന വ്യാപാര തര്‍ക്കത്തെ തുടര്‍ന്ന് വില വീണ്ടും ഇടിഞ്ഞു.

എണ്ണക്കപ്പല്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഒപെകിലെ ഗള്‍ഫ് അറബ് അംഗങ്ങളും ഇറാനും തമ്മില്‍ പ്രാദേശിക പ്രശ്‌നങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്നാണ് ഒപെക് സമ്മേളന തീയതി സംബന്ധിച്ച് അഭിപ്രായ തര്‍ക്കങ്ങള്‍ ഉണ്ടായത്. ഒപെക് പ്രസിഡന്റും വെനസ്വെലയിലെ ഊര്‍ജ മന്ത്രിയുമായ മാനുവല്‍ ക്വിവിഡോ ഇടപെട്ടാണ് അഭിപ്രായ തര്‍ക്കങ്ങള്‍ പരിഹരിച്ച് വരുന്ന മാസം ആദ്യം യോഗം ചേരാന്‍ ഇപ്പോള്‍ സംഘടന തീരുമാനിച്ചിരിക്കുന്നത്.

Comments

comments

Categories: Arabia
Tags: OPEC